ബാഷ്പാഞ്ജലി - വിഫലനൃത്തം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്


വിഫലനൃത്തം
എന്നും ഞാനാരചിച്ചാനന്ദിച്ചീടുമെന്‍-
സുന്ദരസങ്കല്‍പചിത്രമെല്ലാം,
എന്നിലുള്ളേതോ പരമരഹസ്യത്തിന്‍-
ബിംബന കൈതവമായിരുന്നു.
ചക്രവാളാവധിക്കപ്പുറം ചെന്നുഞാ-
നെപ്പോഴുമെന്തോ തിരഞ്ഞിരുന്നു.
ആത്മസംഗീതംപോല്‍ നിത്യമായ്, സത്യമാ-
യാശപോലത്ര മധുരമായി.
കണ്ണുനീര്‍ത്തുള്ളിപോല്‍ കന്മഷശൂന്യമായ്,
നമ്മര്‍സല്ലാപംപോല്‍ സുന്ദരമായ്,
ഏതോവിശിഷ്ടമാം നിര്‍വൃതിയൊന്നിനെന്‍-
കേവലജീവനുഴന്നിരുന്നു.
കല്‍പകവാടിയി,ലേകാന്തനക്ഷത്ര-
പുഷ്പശയ്യാതലം സജ്ജമാക്കി,
ചന്ദ്രികാധാരയില്‍, ചന്ദനച്ഛായയി-
ലെന്നും ഞാനാരെയോ കാത്തിരിക്കെ,
ഏതൊ വെളിച്ചം തലോടിത്തലോടി,യെന്‍-
ചേതന കണ്ണു തുറന്നിരുന്നു.
ഈ ലോകമൊട്ടുക്കലിഞ്ഞലിഞ്ഞങ്ങനെ
യോജിച്ചു ചേര്‍ന്നു മധുരമായി,
å ഏതോ വികാരതരംഗതരളിത-
നാകസംഗീതസരില്‍പ്രവാഹം,
മാമകാത്മാവിനെച്ചുംബിച്ചു, ശീകര-
ധാരയിലാശ്ലേഷം ചെയ്തിരുന്നു!-
നിര്‍മ്മലരാഗസുരഭിലമാമൊരു
മര്‍മ്മരംകൊണ്ടു പൊതിഞ്ഞിരുന്നു.
åå *åå *åå *
ഭാവനപ്പൂഞ്ചിറകേവം വരിച്ചു ഞാ,-
നേതെല്ലാം ലോകം കടന്നുപോയി!
കണ്ടാലും കണ്ടാലും കൌതുകം തീരാത്ത
വണ്ടണിച്ചെണ്ടുകള്‍ തിങ്ങിവിങ്ങി,
ലാലസിച്ചീടും പൂവാടികളെത്ര, യെ-
ന്നാലസ്യ നിദ്രയ്ക്കഭയമേകി!
എന്തെല്ലാം കണ്ടു ഞാ, നെന്തെല്ലാം കേട്ടു ഞാ-
നെതിനെല്ലാറ്റിനും സാക്ഷിനിന്നു!
എന്നാലു,മേറെ ഞാന്‍ കാണുവാനാശിച്ച-
തിന്നോളമെന്‍ കണ്ണിലെത്തിയില്ല!-
എന്നാലും,മേറെ ഞാന്‍ കേള്‍ക്കുവാനാശിച്ച-
തിന്നോളമെന്‍ കാതിലെത്തിയില്ല!-
എന്നാത്മാവേതാണ്ടൊന്നിക്കിളിയാക്കിയി-
ട്ടെങ്ങോ മറഞ്ഞുപോമാ വെളിച്ചം,
ഏതുകാലത്തിനി, യേതു ലോകത്തുവെ-
ച്ചേതൊരു മട്ടില്‍, ഞാന്‍ കണ്ടുമുട്ടും?
എന്നാത്മതന്ത്രിയിടയ്ക്കൊന്നുണര്‍ത്തിക്കൊ-
ണ്ടെങ്ങോ ലയിക്കുമാ മൌനഗീതം,
ഏതുകാലത്തിനി, യേതു ലോകത്തുവെ-
ച്ചേതൊരു മട്ടില്‍ ഞാനുറ്റുകേള്‍ക്കും?
പ്രാണനുഴന്നു ഞെരങ്ങും ഞെരക്കത്തില്‍
ഞാനെന്നെത്തന്നെ വെടിഞ്ഞൊടുവില്‍,
നീയായിത്തീരുവാന്‍ നിന്നടുത്തെത്തുമ്പോള്‍
നീയൊഴിഞ്ഞെമ്മട്ടൊളിച്ചിരിക്കും?
കേവലലീലയിലീവിധം നീയൊരു
ജീവിതപ്പൂമ്പട്ടെനിക്കു നല്‍കി.
ഞാനതു ചാര്‍ത്തിയീ നാടകശാലയില്‍
നാനാതരത്തില്‍ നടനമാടി.
പൊട്ടിച്ചിരിച്ചുഞാന്‍, പൊട്ടിക്കരഞ്ഞു ഞാന്‍
പെട്ടെന്നു പെട്ടെന്നു മാറി മാറി.
എന്നിരുകൈകളുംകൂപ്പിയിരുന്നു ഞാ-
നെന്നാലിക്കാണികളെന്തു കൂട്ടര്‍?
മറ്റൊന്നും യാചിച്ചതില്ലവരോടു ഞാ-
നിറ്റനുകമ്പയതൊന്നുമാത്രം.
എന്നാലത്തുച്ഛപ്രതിഫലമെങ്കിലും
തന്നീടാനിങ്ങില്ലൊരാളുപോലും!
എന്തിനിനിയുമീ നിഷ്ഫലനത്തര്‍നം?
എന്തിനിനിയും മദീയഗാനം?
ഹാ, വെറുംകയേ്യാടെ ,തേങ്ങിക്കരഞ്ഞുകൊ-
ണ്ടാവതെന്തയേ്യാ- ഞാന്‍ പോരികയായ്!
åå *åå *åå *
ഇത്തരം കാണികളുള്ളിടത്തേയ്ക്കിനി
നൃത്തത്തിനെന്നെയയയ്ക്കരുതേ!!åå 5-1-1110