സാരജ്ഞര് മൌനം ഭജിച്ചമൂലം
സാഹിത്യമയ്യോ, മുടിഞ്ഞുപോലും!
ലോകപ്രവീണന്മാരായിടു, മാ-
ശ്ലോകക്കാരേതാനൊഴിഞ്ഞമൂലം,
ക്ഷീണിച്ച കാവ്യസ്വരൂപിണിക്കി-
ന്നൂണുമുറക്കവുമില്ലപോലും!
കഷ്ടം, യുവാക്കളേ, നിങ്ങളാണി-
ക്കഷ്ടകാലത്തിനു കാരണക്കാര്‍!
അല്ലെങ്കി,ലെന്തി,നവളുമായി-
സ്സല്ലപിക്കാനായടുത്തുകൂടി?
അമ്മഹാന്മാരവര് പണ്ഡിതന്മാര്
ബിംബിതാലങ്കാരഡംബരന്മാര്.
സല്കൃതസദ്വൃത്തര് സത്തമന്മാര്‍
സംസ്കൃതസമ്മോഹനാശയന്മാര്.
അക്കാമുകന്മാര് പിണക്കമായാല്‍
സല്ക്കാവ്യലക്ഷ്മി പിന്നെന്തുചെയ്യും?
നിങ്ങളെല്ലാം വെറുമര്ത്ഥശൂന്യര്
നിങ്ങളെല്ലാരും നികൃഷ്ടവൃത്തര്.
എങ്ങനെ, നിങ്ങളെപ്പിന്നെ നോക്കും
മംഗലാപാംഗിയക്കാവ്യലക്ഷ്മി?
അക്കഥപാടേ മറന്നു, ചെന്നു
ധിക്കാരം കാണിക്കയല്ലീ നിങ്ങള്‍?
അയ്യോ, യുവാക്കളേ, നിങ്ങള്‍ ചെയ്ത-
തന്യായ, മക്രമ,മായിപ്പോയി!
ഞെട്ടിപ്പോംമട്ടിലപ്പണ്ഡിതന്മാ-
രട്ടഹസിക്കി,ലതദ്ഭുതമോ?
കാലിപ്പിള്ളേര് കടന്നെന്തു കാടും
കാണിക്കാനുള്ളതോ കാവ്യരംഗം?
ചലനമില്ലാതെ കഴികയില്ലൊട്ടു-
മുലകിലൊന്നിന്നുമുയരുവാന്.
പഴയ പത്രങ്ങള്‍ കൊഴിയും, വന്നെത്തു-
മഴകെഴുമോമല്ത്തളിരുകള്
പരിധിയിലാത്ത പരിണാമങ്ങളില്‍-
പ്പരിചിലീ ലോകം തിരിയുമ്പോള്‍
വഴിയേ വന്നെത്താം പല മാറ്റങ്ങളും
കഴിയുകില്ലതു തടയുവാന്‍.
ഭുവനസാഹിത്യചരിതവേദിയില്
വിവിധലക്ഷ്യമുണ്ടിതിനല്ലാം.
പരിഹസിപ്പൂ, ഹാ, പുതിയ കൂട്ടരെ-
പ്പരിഭവം പൂണ്ട പഴമക്കാര്‍.
അവര്തന് ജല്പന, മവഗണിച്ചുകൊ-
ണ്ടവിളംബം പായും പുതുമക്കാര്‍;
നവനവോല്ഫുല്ലസരളസന്ദേശ-
മവനിയില്‍ നീളെ വിതറുവാന്‍!
ഒരു തടവില്ലാതഭിനവാദര്ശ-
കിരണങ്ങള്‍ വാരിച്ചൊരിയുവാന്!
വിപുലപാണ്ഡിത്യച്ചുമടുതാങ്ങികള്
വിഗതചേഷ്ടരായ് നിലകൊള്കേ,
അവരിലെന്തൊക്കെപ്പകയുണ്ടായാലു-
മണുവും ചാഞ്ചല്യം കലരാതേ,
വിഹരിക്കുമോടക്കുഴലുമായ് ഞങ്ങള്‍
വിമലസാഹിതീവനികയില്!
മതിമറന്നിന്നാ മണിമുരളികള്
മധുരഗാനങ്ങള്‍ ചൊരിയുമ്പോള്.
അവകേള്ക്കാന് ലോകം തലയുയര്ത്തുമ്പോ-
ളരുതെന്നെന്തിനു പറയുന്നു?
വെറുതേ ഞങ്ങളെത്തടാലേ, ഞങ്ങള്‍
ചിരിയും കണ്ണീരും ചൊരിയട്ടേ!
ബാലന്മാര് ഞങ്ങള്‍തന്‍ പാട്ടിനൊന്നും
നാലുകാലില്ലാത്തതാണു കുറ്റം.
ആകട്ടേ ഞങ്ങളതേറ്റു; നിങ്ങ-
ളാകുമ്പോലെന്തും പഴിച്ചുകൊള്വിന്!
എന്നാലും, ഞങ്ങള്‍ മതിമറന്നു
പിന്നെയും പിന്നെയും പാട്ടുപാടും!
വെണ്മുലപ്പാലും കുടിച്ചു ഞങ്ങ-
ളമ്മണിത്തൊട്ടിലി,ലാദ്യകാലം,
നിര്മ്മലസ്വപ്നത്തില് മുങ്ങിമുങ്ങി-
യമ്മതന്‍ താരാട്ടു കേട്ടുറങ്ങി.
അത്യന്തരമ്യമഗ്ഗാനമൊന്നും
'സ്രഗ്ദ്ധര'യികലല്ലായിരുന്നു.
"അമ്പിളിമ്മാമാ, തിരിഞ്ഞുനില്ലെ"-
ന്നമ്പോടതില്പ്പിന്നെപ്പാടി ഞങ്ങള്‍.
സുശുദ്ധമായൊരാ മഞ്ജുഗീതം
'വംശസ്ഥ'യൊന്നുമല്ലായിരുന്നു.
അത്തരം പാട്ടുകളന്നുതൊട്ടു
ചിത്തത്തില്‍ വേരൂന്നിവന്നമൂലം,
ഇന്നവയെപ്പോലെ നേര്‍ത്തുനേര്‍ത്ത
സുന്ദരഗാനഏ ഞങ്ങള്‍ പാടൂ.
ആകാഞ്ഞിട്ടല്ല ഞങ്ങള്‍ക്കവയെ
നാലുകാലിന്മേലെടുത്തു പൊക്കാന്‍!
ആളുമസൂയയാല്ക്കൂരിരുളി-
ലൂളന്മാരെത്രമേല് കൂവിയാലും
പാടലകാന്തിയില്‍, പൂവനിയില്‍
പാടിപ്പറക്കും പരഭൃതങ്ങള്!
പാതാളക്കുണ്ടിലൊളിച്ചിരുന്നു
'പാമ്പു'കളെത്രമേല് ചീറ്റിയാലും,
വിഷ്ണുപദത്തിലുയര്ന്നുപൊങ്ങി
'കൃഷ്ണ'പ്പരുന്തുകള് സഞ്ചരിക്കും!
നിങ്ങള്ക്കിതുവിധം നീരസം തോന്നുമാ-
റിന്നു സാഹിത്യത്തിനെന്തുപറ്റി?
വിശ്വസാഹിത്യവിധാനങ്ങള് വീക്ഷിച്ചു
വിസ്തൃതമാര്ഗ്ഗങ്ങള് തേടിത്തേടി,
ഇന്നതുല്ക്കര്ഷത്തെ ലക്ഷ്യമാക്കി, സ്വയം
മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കയല്ലീ?
ചെറ്റുമൊരു 'ബോധ'മില്ലാതെ, പിന്നെയും
കുറ്റപ്പെടുത്തുവാനാണു ഭാവം!
നാലുകാലില്ല, യമകാദിതന് നൂലാ-
മാലകളൊന്നുമിവയിലില്ല;
എങ്കിലുമിന്നത്തെ ഗാനങ്ങള്‍ കേള്‍ക്കുമ്പോ-
ളങ്കുരിപ്പീലയോ രോമഹര്‍ഷം?
ഭാവസാന്ദ്രോജ്ജ്വല ചിന്താളോരോന്നു
ഭാവനാപക്ഷങ്ങള് വീശിവീശി
സംഗീതമാധുരി പെയ്തുപെയ്തങ്ങനെ
സഞ്ജനിതോന്മദം സഞ്ചരിക്കേ,
നിങ്ങള്ക്കസുഖമായ്ത്തോന്നുകില്, തെറ്റുകാര്‍
ഞങ്ങളോ?-കഷ്ടമിതെന്തു മൌഢ്യം!
തുഞ്ചനും കുഞ്ചനും സല്‍ക്കാവ്യ കല്പക-
ത്തുഞ്ചിലെ വാടാമലര്ക്കുലകള്!
ഇന്നുമവകളില്ത്തേനും സുഗന്ധവു-
മില്ലെന്നു ഞങ്ങളിലാരു ചൊല്ലി?
എന്നാലും, ഞങ്ങള്‍ക്കും പാടില്ലേ, സാഹിത്യ-
മന്ദാരപ്പൂന്തോപ്പിലൊന്നുലാത്താന്?
ചന്ദ്രനുണ്ടെങ്കിലും മിന്നിറ്റാതില്ലല്ലോ
സുന്ദരതാരകളംബരത്തില്!
സ്വാന്തത്തിലെള്ളോളം ബോധമില്ലാതേവം
ഭ്രാന്തു പുലമ്പിയാലാരു കേള്‍ക്കും?
വിണ്ണിന് വിശുദ്ധി വഴിഞ്ഞു വിളങ്ങുമ-
"ക്കണ്ണുനീര്ത്തുള്ളി'യില്‍, 'നാലപ്പാടന്',
'ലോക'ത്തെക്കാട്ടി 'പ്പുളകാങ്കുരം' ചേര്‍ത്തൊ-
രാകമ്രദീപ്തമാം 'ചക്രവാളം',
സങ്കല്പശക്തിയാല് നിര്മ്മിച്ചതിങ്കലെ-
ത്തങ്കനക്ഷത്രങ്ങള്തന് നടുവില്‍,
ബന്ധിച്ചു ചിജ്ത്തെ നിര്‍ത്തി, യതിലെഴു-
മന്ധകാരാംശമകറ്റി നില്‍ക്കെ;
പേശലകാവ്യാ'ര്ക്കകാന്തി'കള്‍ വര്‍ഷിച്ചു
'ജീശങ്കരക്കുറുപ്പു'ല്ലസിക്കെ;
'വെണ്ണിക്കുള'ത്തിന്റെ 'സൌന്ദര്യപൂജ'യില്‍
കണ്ണും കരളും കുളിര്‍ത്തുപോകെ;
'രാജ'ന്റെ കാവ്യസരസ്സിലൊരായിരം
രാജീവം മിന്നി വിടര്‍ന്നുനില്‍ക്കേ!
'ബാലാമണി'യുടെ മാതൃഹൃദയത്തി-
ലോളം തുളുമ്പുന്ന വാത്സല്യത്താല്‍,
ഇന്നോളം കാണാത്ത നൂതനകാവ്യത്തിന്
മന്ദസ്മിതമൊന്നു വന്നുദിക്കേ;
ചേലി,'ലിടപ്പള്ളി രാഘവന്‍പിള്ള'തന്
ചേതോഹരമാം 'തുഷാരഹാരം',
കൈരളീദേവിതന്‍ മാറിലൊരുജ്ജ്വല-
വൈരക്കല്‍ മാഅയായ് ലാലസിക്കെ;
'കുഞ്ഞിരാമന്‍നായര്‍'തന് കാവ്യലക്ഷ്മിതന്
മഞ്ജീരശിഞ്ജിതം നിര്ഗ്ഗളിക്കേ;
ഭാവനാമോഹനഗാനങ്ങള് വര്‍ഷിച്ചു
'വി.വി.കെ.നമ്പ്യാര്‍' സമുല്ലസിക്കേ;
ചേണഞ്ചും 'ശ്രീധര'മാനസവീണയില്‍
ഗാനം തുളുമ്പിത്തുളുമ്പിനില്‍ക്കെ;
എത്ര 'മേലങ്ങന്‍' മാരെന്തൊക്കെച്ചൊന്നാലു-
മൊട്ടും നിരാശരാവില്ല നമ്മള്!
കാണട്ടെ, കാവ്യനിര്മ്മാണത്തില് നമ്മള്‍ക്കു
വേണെങ്കിലൊന്നിനി മത്സരിക്കാം!
മേലിലുയര്ന്നുയര്ന്നെത്തുകയാം മേല്ക്കു-
മേല, ങ്ങതാനല്ല കാവ്യകാരന്!
-മേയ് 1935