സപ്തവര്‍ണ്ണങ്ങളേ, നിങ്ങളില്‍ പച്ചയെ-
സ്സല്‍ക്കരിക്കുന്നതാണെന്റെ ചിത്തം.
സുന്ദരസ്വപ്നങ്ങളര്‍പ്പിക്കയാ, ണതിന്
മന്ദഹാസങ്ങളെനിയ്ക്കു നിത്യം.
ഈ മഹാവിശ്വപ്രകൃതിയ്ക്കുകൂടിയു-
മാ മഞ്ജുവര്‍ണ്ണമാണേറ്റമിഷ്ടം.
മിന്നിച്ചിരിയ്ക്കുമതിന്‍ മുന്നിലെത്തിയാല്‍
കണ്ണും കരളും കുളുര്‍ക്കുമൊപ്പം.
അത്ഭുതമാന്ത്രികശക്തിയൊന്നുണ്ടതി-
നൊപ്പിയെടുക്കുവാന്‍ വേദനകള്‍.
അത്രയ്ക്കഴകുറ്റ മാരിവില്ലില്‍ക്കൂടി
മദ്ധ്യത്തിലാണതിന്‍ ദേവനൃത്തം.
മറ്റാറു വര്‍ണ്ണങ്ങള്‍, മുമ്മൂന്നിരുവശം
പറ്റിനി, ന്നാടുമതിനൊടൊപ്പം!
ആ നീലലോഹിതം, മത്തുപിടിപ്പിയ്ക്കു-
മാകര്‍ഷണത്തിന്‍ സഗര്‍വ്വചിഹ്നം.
ഉത്തേജനത്തിന് സ്ഫുലിംഗം കൊളുത്തുവാന്‍
ശക്തിയില്ലാത്തതാ, ണിന്ദ്രനീലം.
സുന്ദരമാണെന്നിരിയ്ക്കിലും, ലേശവും
സ്പന്ദനമില്ലാത്തതാണു, നീലം.
ഭാവശാന്തസ്മേരസാന്ദ്രമാണെങ്കിലും
കേവലം നിര്‍ജ്ജീവമാണു, പീതം.
ആപാതരമ്യമാ, മാപ്പീതലോഹിതം
സ്വാപാത്മകം, സദാ ശോകമൂകം,
ആപത്തിന് മുദ്രയായ് തീര്‍ന്നിടട്ടെന്നൊരു
ശാപം വഹിയ്ക്കുന്നതാണ്, ശോണം.
മങ്കമാര്‍തന്‍ തളിര്‍ച്ചുണ്ടിലും, നെറ്റിയില്‍-
ക്കുങ്കുമപ്പൊട്ടിലും, ചെന്നണഞ്ഞാല്‍,
പിന്നീടതിനൊരു ശാപമോക്ഷം!
ദിവ്യഹരിതശുഭമയവര്‍ണ്ണമേ,
ഭവ്യദമാണു നിന്മന്ദഹാസം.
നീമാത്രം, നീമാത്രം, നിര്‍മ്മലം, നിസ്തുലം,
നീമാത്രം, നീമാത്രം, നിത്യദീപ്തം!
ഉള്‍പ്പുക്കിരിപ്പീല നിന്നിലൊരിയ്ക്കലു-
മപ്രിയദര്‍ശനരേഖപോലും.
ഈ വിശ്വകര്‍ത്താവിന്‍ സാങ്കല്‍പികോജ്ജ്വല-
ഭാവാത്മകസ്വപ്നമാണയേ നീ!
നീയെന്റെ ജീവനും ജീവനാം ദേവിതന്‍
നീരാളസാരിയില്‍ച്ചേര്‍ന്നശേഷം,
ആകമ്രവര്‍ണ്ണമേ, ഹാ, നിനക്കുള്ള നി-
ന്നാകര്‍ഷകത്വമിരട്ടിയായി!
അത്തങ്കമേനിയണിയിച്ചണിയിച്ചോ-
രപ്സരസ്സാക്കി നീയെന്റെ മുന്പില്!
മറ്റൊന്നിനുമില്ലതിനുള്ള വൈഭവം
മത്സരിക്കാനില്ല നിന്നോടൊന്നും.
സപ്തവര്‍ണ്ണങ്ങളില്‍ നിന്നെയാ, ണാകയാല്‍
സല്‍ക്കരിക്കുന്നതെന്‍ചിത്തമേറ്റം!
മംഗളവര്‍ണ്ണമേ, വിട്ടുമാറീടാതെ-
യെങ്ങു ഞാന്‍ പോകിലു, മെത്തിടും നീ.
തപ്ത 'സഹാറ' യില്‍ക്കൂടിയും, ശാദ്വല-
സ്വപ്നമായ് നില്‍പതാണാര്‍ദ്രമേ, നീ!
താവകദര്‍ശനമാത്രയിലെത്തു, മെന്‍-
ദേവി, യെന്മുന്നി, ലെങ്ങാകിലും ഞാന്‍!
ഉത്തേജനാസ്പദമാ, യെന്മിഴികള്‍ക്കൊ-
രുത്സവമായ്, നീ ലസിയ്ക്കു മേന്മേല്!!
15-3-1120
24
(മൂത്തകുന്നം (പറവൂര്‍) എസ്.എന്‍.എം. ഇം.ഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈയെഴുത്തു മാസികയ്ക്കു നല്കിയ ആശംസ.)
വിദ്യാര്‍ത്ഥികള്‍ക്കുമിതകൌതുകമേകിയേകി-
വിശ്വാഭിനന്ദനവിമോഹനകേന്ദ്രമായി,
വിജ്ഞാനരശ്മികള്‍ ചൊരിഞ്ഞു ചൊരിഞ്ഞു മേന്മേല്
വിഖ്യാതി ചേര്‍ന്ന് വിജയിക്കുക, മാസികേ, നീ!
3-4-1117
25
'-കാടിനും പാടത്തിനും മദ്ധ്യേകൂടി ഒരു ചെറിയ നീര്‍ച്ചാലു കളകളാരവത്തോടെ പുളഞ്ഞൊഴുകുന്നുണ്ട്. അതിന്റെ വക്കില്‍, ചാഞ്ഞു നിലമ്പറ്റിക്കിടക്കുന്ന ഒരു മാങ്കൊമ്പിലിരുന്നു, നീലി മതിമറന്ന് പാടുകയാണ്'-
ഓണപ്പൂക്കള്‍ പറിച്ചില്ലേ നീ-
യോണക്കോടിയുടുത്തില്ലേ?
പൊന്നുഞ്ചിങ്ങം വന്നിട്ടും, നീ
മിന്നും മാലേം കെട്ടില്ലേ?
മണിമിറ്റത്താ മാവേലിയ്ക്കൊരു
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവന്‍ പോയല്ലോ!
കാണാങ്കിട്ടാതായല്ലാ!
നാമല്ലാതിവിടല്ലല്ലാ!
നാണിച്ചിങ്ങനെ നിന്നാലാ ...!
26
" - പെട്ടെന്ന് ആ വനപ്പടര്‍പ്പിന്റെ ഹൃദയത്തില്‍ നിന്ന് അവ്യക്തമായ ഒരു ഗാനശകലം അവളുടെ സമീപത്തേയ്ക്ക് ഒഴുകിച്ചെന്നു തുടങ്ങി" -
നീലക്കുയിലേ, നീലക്കുയിലേ,
നീയെന്തെന്നോടു മുണ്ടാത്തേ?
തേമാവൊക്കെപ്പൂത്തട്ടെന്തേ
തേന്തളിര് തിന്നു മദിയ്ക്കാത്തേ?
കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
മാടത്തക്കിളി പാടിനടക്കും
മാനം മിന്നിവെളുത്തല്ലാ!
- എന്നിട്ടും, നീയെന്താണിങ്ങനെ-
യെന്നോടൊന്നും മുണ്ടാത്തേ?
20-8-1116