നീറുന്ന തീച്ചൂള - പുരോഗതിയെ തടുത്താല്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പൂങ്കുലച്ചാര്‍ത്താല്‍ ചിരിക്കുന്നലോകമേ,
തേന്‍ കിനിയും നിന്‍ പഴമൊഴിയാല്‍ സ്വയം
വഞ്ചിച്ചിതെന്നെ നീ -നിന്‍ താളിയോലകള്‍
വെണ്‍ചാരമാക്കാന്‍ ജ്വലിപ്പു മദ്യൌവനം!

   ചുറ്റും മതില്‍ക്കെട്ടുകെട്ടിയും ചങ്ങല-
ച്ചുറ്റുകളാലെന്റെ കാലിണപൂട്ടിയും,
വീര്‍പ്പുമുട്ടിപ്പു നിന്‍ നീതിയാല്‍, മുന്നിലേ-
ക്കാര്‍പ്പിട്ടു പായേണ്ടു മെന്നുദ്ഗതിയെ നീ!
രക്തക്കളങ്ങള്‍-മതിമതി-നിന്റെയീ-
ത്തത്ത്വ പ്രസംഗം-തരില്ല ഞാന്‍ മാപ്പ്പ്പിനി!

പോട്ടിക്കുമിക്കൊടും ചങ്ങലക്കെട്ടുകള്‍
തട്ടിത്തകര്‍ക്കുമാക്കന്മതില്‍ക്കെട്ടു ഞാന്‍!
ലജ്ജാര്‍ഹമായ നിന്‍ സ്വാര്‍ത്ഥപൂര്‍ത്തിക്കായി
മല്‍ച്ചക്രവാളം കുടവട്ടമാക്കി നീ...

ഇന്നലത്തേതിന്‍ വളിച്ച തത്ത്വങ്ങളെ-
ത്തിന്നു ദുര്‍മ്മേദസ്സു വീര്‍ത്ത നിന്‍ വിഗഹം,
ഇന്നിന്‍ കൊടും വെയിലേറ്റെന്നടിമുടി-
യൊന്നായ് വിയര്‍ക്കുന്നു- മൂര്‍ച്ചിച്ചിടുന്നു നീ.
ഭൂതകാലത്തിന്‍ ശവപ്പെട്ടിയും ചുമ-
ന്നാദര്‍ശമന്ത്രമുരുക്ക്ഴിച്ചങ്ങനെ,
വൃക്ഷത്തണലില്‍ സദാ പുനര്‍ജ്ജീവനം
ലക്ഷ്യമായ് ഹാ, നീ തപസ്സുചെയ്തീടവേ,
മര്‍ത്ത്യന്‍ ദഹിപ്പൂ വിശപ്പില്‍, ക്കൊലക്കളം
മത്തടിക്കുന്നൂ കബന്ധനൃത്തങ്ങളാല്‍!
കൊറ്റിനായ് വിറ്റു ചാരിത്രം, വിഷാണുക്കള്‍
മുറ്റിപ്പിടയ്ക്കുന്നു, ഗര്‍ജ്ജിപ്പുമര്‍ദ്ദനം.!
ഏതോകിനാവിലെ സ്വര്‍ഗ്ഗം നുണഞ്ഞു നിന്‍
ഗീതയും താങ്ങിത്തപസ്സുചെയ്യുന്നു നീ!
ഒന്നിളകീടുകെന്നോതി മരവിച്ച
നിന്നെക്കുലുക്കിവിളിപ്പൂ പുരോഗതി,
ഹാ, ചലിക്കായ്കില്‍, പുരോഗമിച്ചീടായ്കില്‍
നീ ചവിട്ടേറ്റേറ്റടിയും മറവിയില്‍!
14-10-1945