രാഗപരാഗം - അര്‍ച്ചന
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

      അര്‍ച്ചന

ഓര്‍ക്കുമ്പൊഴേക്കുമെന്‍ ഹൃത്തില്‍ പുളകങ്ങള്‍
പൂക്കുമാറെന്നോടടുത്ത പൂക്കാലമേ!
സങ്കല്‍പസീമയില്‍ സന്തോഷശാന്തിതന്‍
തങ്കപ്രകാശം തളിക്കുന്ന താരമേ!
മാമകചിന്താശതാബ്ജപത്രങ്ങളില്‍
മാരക നൃത്തം നടത്തും മരാളികേ!
നിര്‍മ്മലസ്നേഹാര്‍ദ്രസംഗീതധാരയി-
ലെന്മനസ്പന്ദങ്ങള്‍ മുക്കും മുരളികേ!
ആകമ്രശുദ്ധിതന്‍ സര്‍വ്വവുമൊത്തുചേര്‍-
ന്നാകാരമാര്‍ന്നോരനുപമസ്വപ്നമേ!
പാവനസൌഹൃദപ്പച്ചത്തൊടികളില്‍
പാടിപ്പറക്കും ശുഭകരശാരികേ!
സ്വാഗതംചെയ്തു ഞാനര്‍പ്പിപ്പൂ നിന്നെയെന്‍-
രാഗാര്‍ദ്രമാനസസ്പന്ദപുഷ്പങ്ങളാല്‍!
വിസ്മയം തോന്നുമാറോര്‍ത്തിരിക്കാതൊരു
വിദ്യുല്ലതപോലണഞ്ഞു നീ മോഹിനി!
അന്തമില്ലാതെഴുമുഗനിരാശത-
ന്നന്ധകാരത്തിലടിഞ്ഞ മജ്ജീവിതം,
പൊക്കിയെടുത്തു ഹിരണ്മയദീപ്തിയില്‍
മുക്കി നിന്മുഗ്ദ്ധോദയാകസ്മികോത്സവം!
ചിന്തിച്ചിരിക്കാതണഞ്ഞേവമിന്നെന്റെ
ചിന്തകള്‍പോലും നിറംപിടിപ്പിച്ചു നീ!
കാടും മലകളും തോടും പുഴകളും
പാടേ കടന്നു പിന്നിട്ടിന്നു മന്മനം
ചഞ്ചല്‍ച്ചിറകടിച്ചെത്തുന്നു നിന്‍കുളിര്‍-
പ്പുഞ്ചിരിപ്പൂവിന്‍ സുഗന്ധം നുകരുവാന്‍!
കഷ്ടം, പരതന്ത്രനെന്തു ഞാന്‍ ചെയ്യട്ടെ
പൊട്ടുന്നതല്ലെന്റെ ചങ്ങലക്കെട്ടുകള്‍.
എങ്കിലു, മെത്ര നിയന്ത്രിക്കുന്നെന്നാകിലും
നിങ്കലേക്കയ്യോ കുതിക്കുന്നു മന്മനം!
ശാശ്വതസ്നേഹത്തിടമ്പായെനിക്കേവ
മീശ്വരന്‍ തന്നോരനുജത്തിയാണു നീ!
നന്മതുളുമ്പും സഹോദരസ്നേഹമാം
പൊന്മലര്‍കൊണ്ടിതാ പൂജിപ്പൂനിന്നെ ഞാന്‍!
ആടലിന്‍ ചൂടണഞ്ഞെത്ര മര്‍ദ്ദിക്കിലും
വാടില്ല നിന്‍ പിഞ്ചിതളിലൊന്നെങ്കിലും!
എന്നന്ത്യഗദ്ഗദമന്തരീക്ഷത്തിനോ-
ടെന്നേക്കുമായിട്ടലിഞ്ഞുചേരുമ്പൊഴും
തിങ്ങിത്തുളുമ്പുമസ്നേഹപുഷ്പത്തിലെന്‍
മംഗളാശംസതന്‍തേനും സുഗന്ധവും!
വത്സലേ, നിന്നഗജാപ്തിയേക്കാളെനി-
ക്കുത്സവം മന്നില്‍ മറ്റെന്തുവേണം ശുഭേ?
നീയെന്നനുജത്തിയെന്നതോര്‍ക്കുമ്പോഴെന്‍
നീറും മനസ്സില്‍ തുളുമ്പുന്നു സുസ്മിതം.
നിന്നെക്കുറിച്ചുള്ള ചിന്തയിലായിരം
കിന്നരലോകം കടന്നു പോകുന്നു ഞാന്‍.
എത്തുന്നിതെന്മുന്നിലോടക്കുഴലുമാ-
യുത്തമജ്യോതിര്‍മ്മയാര്‍ദ്രസ്വരൂപികള്‍
ഓമനിച്ചെന്‍ തപ്തജീവനെപ്പുല്‍കുന്നു
രോമഹര്‍ഷത്തിന്റെ കല്ലോലമാലകള്‍!
എന്തറിയുന്നു, വിമലേ, വിദൂരെയെ-
ന്നന്തരാത്മാവിന്‍ വസന്തോത്സവങ്ങള്‍ നീ!

അമ്പിലപ്പൊന്‍കവിള്‍ത്തട്ടില്‍, രണ്ടോമന-
ച്ചെമ്പനീര്‍പ്പൂക്കള്‍ വിടര്‍ന്നു കാണുന്നു ഞാന്‍.
അര്‍ത്ഥമില്ലാത്തൊരിപ്പദ്യഖണ്ഡത്തിലേ-
ക്കത്തളിര്‍ച്ചുണ്ടില്‍നിന്നോരോനിമേഷവും
മന്ദാക്ഷമുഗ്ദ്ധങ്ങള്‍ മന്ദാരപുഷ്പങ്ങള്‍
മന്ദസ്മിതങ്ങള്‍ പൊഴിഞ്ഞു കാണുന്നു ഞാന്‍!
ആ നീലനേത്രോല്‍പലങ്ങളില്‍ രണ്ടിലു-
മാനന്ദബാഷ്പം പൊടിഞ്ഞു കാണുന്നു ഞാന്‍.
അത്ഭുതസ്വര്‍ഗ്ഗീയചൈതന്യദീപ്തിയി-
ലത്തനുവല്ലി തളിര്‍ത്തുകാണുന്നു ഞാന്‍.
മാമകചിത്തത്തിലിച്ചിത്രതല്ലജം
മായില്ല മായില്ലൊരിക്കലും സോദരീ!

നിന്നടുത്തോമല്‍ സഖികളായ് മാറാതെ
നിന്നിടട്ടെന്നും നിഖിലാനുഭൂതികള്‍!
താളമേളങ്ങള്‍ തകര്‍ക്കട്ടെ ശാന്തികള്‍
താലംപിടിക്കട്ടെ തങ്കക്കിനാവുകള്‍
ആയുരാരോഗ്യങ്ങള്‍ സദ്രസം ഹാ, നിന-
ക്കാതിത്ഥ്യമേകട്ടെ നിത്യം സഹോദരീ!
നിര്‍വ്യാജമേവമിപ്രാര്‍ത്ഥനാപുഷ്പങ്ങള്‍
സര്‍വ്വേശപാദത്തിലര്‍പ്പിച്ചിടുന്നു ഞാന്‍!