കുടുംബിനി
ചിത്തസങ്കല്പങ്ങള് വിഭ്രമിപ്പിച്ചുകൊ-
ണ്ടിത്രയും കാലം നീയെങ്ങിരുന്നു?
ധ്യാനനിരതനായേകാന്തതയുടെ
മാണിക്യമഞ്ചത്തില് വിശ്രമിക്കേ,
കുന്നിന് പുറങ്ങളില്‍ ദൂരത്തണിയിട്ടു-
നിന്നു കുണുങ്ങുമത്തൈമരങ്ങള്,
ഉമ്മവച്ചുമ്മവച്ചുല്ലസിപ്പിച്ചൊര-
ച്ചെമ്മുകില്ച്ചാര്ത്തിനടിയിലായി,
തൂമുല്ലമൊട്ടുപോല് മിന്നിവിടര്ന്നത-
ന്നോമനേ, നീതന്നെയായിരുന്നോ?
ജ്ഞാനാഭിമാനം നടിപ്പവനാകിലും
ഞാനറിഞ്ഞീലതന്നപ്സരസ്സേ!
അന്പിലന്നെന് പേര് വിളിച്ചുകൊണ്ടോടിയെ-
ന്നന്തികത്തെന്തു നീ വന്നിടാഞ്ഞൂ?
സ്വപ്നശതങ്ങള്‍ നിറംപിടിപ്പിച്ചുകൊ-
ണ്ടിത്രനാള് നീയെങ്ങൊളിച്ചിരുന്നു?
മഞ്ഞിലലിഞ്ഞല ചിന്നിയുലാവിയ
മഞ്ജുളഹേമന്തചന്ദ്രികയില്,
നിന്നെയും ധ്യാനിച്ചെന് മന്ദിരവാടിയില്
നിര്ന്നിമേഷാക്ഷനായ് ഞാനിരിക്കെ,
മുന്നിലാ വല്ലികള്‍ നല്ത്തളിര്വല്ലികള്
പിന്നോട്ടുതള്ളി വിലക്കിയിട്ടും,
ആടിക്കുഴഞ്ഞണഞ്ഞാലിംഗനങ്ങളില്
മൂടിയതെന്നെ നീയായിരുന്നോ?
ശങ്കിച്ചുപോലുമില്ലിന്നോളം ഞാന, തെന്
സങ്കല്പവല്ലിതന് ചൈത്രഭാസ്സേ
അന്നെന്തുകൊണ്ടു നിന് മൂടുപടം മാറ്റി-
വന്നില്ല നീയടുത്തോമലാളേ?
ഏറെനാളേറെനാളെന്നെത്തനിച്ചു വി-
ട്ടാരാല്‍ സ്വയം നീയൊളിച്ചുനിന്നു.
ഇന്നെന്‍ കരവലയങ്ങള്ക്കകത്തു നീ
വന്നുചേര്ന്നപ്പൊഴേ, ക്കെന്തു ചെയ്യാം!
നിര്‍വ്വിശങ്കം, ഹാ, വിദൂരത്തിലേക്കെന്നെ
ദുര്‍വിധി വാരിയെടുത്തെറിഞ്ഞു.
ഇല്ലടുത്തില്ലടുത്തിങ്ങെനിക്കാരുമെ-
ന്നല്ലലിലല്പവും പങ്കുകൊള്ളാന്‍.
അത്തലാലിങ്ങിരുന്നേകാന്തതയില് നിന്
ചിത്രം വരയ്ക്കുകയാണെന്റെ ചിത്തം!
ഓരോരോ ചിന്തയും ചാലിച്ച ചായങ്ങ-
ളാരോ നിറപ്പകിട്ടേകിയേകി,
അപ്രതിമോജ്ജ്വലതേജസ്സിലാറാടി
നില്പു നിന്മുന്നില് വന്നാത്മനാഥേ!
ആലോലബാഷ്പം പൊടിഞ്ഞോരെന് കാണ്കളാ-
ലാലിംഗനംചെയ്വൂ നിന്നെ ഞാനും!
ആമുഗ്ദ്ധദിവ്യരാഗാമൃതധാരയി-
ലാറാടിനില്പതെന്നാത്മഹര്ഷം!
നിന്മുഖത്തല്ലലിന്‍ പാഴ്നിഴല്‍ വീശാതെ
നിന്മനസ്സല്പവും നൊന്തിടാതെ
എന്നുമിമ്മട്ടില് നീയുല്ലസിച്ചീടട്ടെ
മന്നില്‍ മറ്റില്ലെനിക്കാശയൊന്നും.
മാമകജീവിതശ്രീയായ് നിന്നീവിധ-
മീ മന്നില്‍ ദേവി, നീ വെല്ക നീണാള്‍,
എത്രയ്ക്കധമനാണെങ്കിലും നിന്നോടെന്‍
ചിത്തം പ്രണയാര്ദ്രമായിരിക്കും.
നിര്‍വ്വിഘ്നം നിന്നില്‍ നിരന്തരം ചേരാവൂ
സര്വ്വസൌഭാഗ്യവും സൌമ്യശീലേ! ...
-11-7-1940