അപരാധികള്‍ - എങ്ങനെയോ, അങ്ങനെ!
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

 എങ്ങനെയോ അങ്ങനെ!
(തിരുവനന്തപുരം ആര്‍ട്ട്സ് കോളേജ് മലയാളസമാജത്തിന്റെ
വാര്‍ഷികയോഗത്തില്‍ വായിച്ച ഒരു വിനോദ കവിത)

ഇരിക്കുന്നു കവിതയൊന്നെഴുതുവാനുറച്ചുകൊ-
ണ്ടൊരു, കൈയില്ലാത്ത ചൂരല്‍ക്കസേരയില്‍ ഞാന്‍.
ചുറ്റുപാടും നോക്കിടട്ടേ കാണ്മതൊക്കെപ്പകര്‍ത്തട്ടേ
ചെറ്റു യഥാതഥപദ്യം പടച്ചിടട്ടേ.
ഒരു മേശപ്പുറത്താണെന്‍ വെളുവെള്ളക്കടലാസു-
മുറവുപേനയു,മൊത്തുകിടപ്പതിപ്പോള്‍.
അവയ്ക്കു കൂട്ടിനെന്നോണമനവധി പുസ്തകങ്ങ-
ളടുക്കില്ലാതമരുന്നു ചിതറിച്ചുറ്റും.
അല്‍പം പൊട്ടിയഗ്രഭാഗമടര്‍ന്ന ചിമ്മിനിയേന്തും
കുപ്പിമണ്ണെണ്ണവിളക്കൊന്നുണ്ടിതാ മുന്നില്‍.
ചിമ്മിനിക്കകത്തെന്നെപ്പോല്‍ച്ചടച്ചൊരു ചെറുദീപം
വിമ്മിവിമ്മി ജ്വലിക്കുന്നു പൊങ്ങിയും താഴ്ന്നും.
അതിന്‍ചുറ്റുമിടയ്ക്കിടെപ്പറന്നു വന്നണയുന്നു-
ണ്ടലഞ്ഞലഞ്ഞോരോ കൊച്ചു പൂച്ചിപ്രാണികള്‍.
ചിറകുകള്‍ കരിഞ്ഞതാ സിദ്ധികൂടുന്നുണ്ടവയില്‍
ചില-തയ്യോ, മൂട്ടയൊന്നു കടിച്ചിതെന്നെ!
പിടഞ്ഞുടനെഴുനേറ്റു പല്ലൊരല്‍പമിളിച്ചുകൊ-
ണ്ടിടംകൈയാല്‍, പൃഷ്ടം, നിന്നു ചൊറിയുന്നു ഞാന്‍.
പേനമേശപ്പുറത്തിട്ടു വലംകൈയില്‍ വിളക്കെടു-
ത്താനമിപ്പൂ ശിരസ്സു ഞാന്‍ മൂട്ടയെ നോക്കാന്‍.
അതാ കള്ളനതാ കള്ളനവനോടിയൊളിക്കയാ-
ണവനുടെ ജീവനുംകൊണ്ടതിവേഗത്തില്‍.
പമ്മിയവന്‍ ചൂരലിന്റെ വിള്ളലൊന്നില്‍ നിഷ്പ്രയാസ-
മെമേക്ലാസ്സില്‍ പഠിക്കും ഞാനിളിഭ്യനായി!
തക്കമവനെപ്പോഴൊക്കെക്കിട്ടുമപ്പോഴെല്ലാ, മവന്‍
സല്‍ക്കരിക്ക പതിവാണാക്കടിയാലെന്നെ.
മൂട്ടയേയും കാത്തിരുന്നാല്‍ക്കാവ്യലക്ഷ്മിയവള്‍ വന്ന-
പാട്ടിനെങ്ങാന്‍ കടന്നാലോ-മടങ്ങട്ടെ ഞാന്‍.
വെറ്റയും, പുകയിലയു, മടയ്ക്കയു, മുണങ്ങിയ
ചെറ്റുചുണ്ണാമ്പു, മെന്‍ മേശപ്പുറത്തിരിപ്പൂ.
ദിവസവും സേവിക്കുവാനൊരു വൈദ്യന്‍ പറഞ്ഞതാം
'ച്യവനപ്രാശ'മുള്‍ക്കൊള്ളും ഭരണി കാണ്മൂ.
ചുറ്റും ബീടി, സിഗററ്റു, തീപ്പെട്ടിക്കോ, ലിവയുടെ
കുറ്റികളന്യോന്യം പുല്‍കിപ്പുല്‍കിശ്ശയിപ്പൂ.
തെല്ലകലെ, ച്ചുമരിന്മേലാണിയൊന്നില്‍ത്തൂങ്ങിക്കിട-
ന്നുല്ലസിപ്പൂ കണ്ണാടിയും മീതെയായ് ചീര്‍പ്പും.
ഒരുഭാഗം ഭിത്തിയിന്മേലൊന്നുരണ്ടു ഷര്‍ട്ടും മുണ്ടു-
മൊരു കോട്ടും കച്ചത്തോര്‍ത്തും പരിലസിപ്പൂ.
ഹോട്ടലില്‍നിന്നൊരു പയ്യന്‍ പകര്‍ച്ച കൊണ്ടുവന്നിടു-
മോട്ടടുക്കുപാത്രമുണ്ടൊരൊഴിഞ്ഞകോണില്‍.
ഗ്ലാസിലൊന്നില്‍പ്പച്ചവെള്ളം കടലാസൊന്നിട്ടുമൂടി
മേശമേല്‍ വെച്ചിരിക്കുന്നു കുടിക്കാനായി.
'ടെക്സ്റ്റയില്‍ടെക്നോളജി' ക്കു പഠിക്കുമെന്‍കൊച്ചനുജന്‍
ടെക്സ്റ്റുബുക്കും വെ,ച്ചുറക്കം തൂങ്ങിയിരിപ്പൂ.
അപ്പുറത്തുതാമസിക്കുമഞ്ചല്‍മാസ്റ്റരിടയ്ക്കിട-
യ്ക്കല്‍പമല്‍പം ചുമയ്ക്കുന്നോരൊച്ച ഞാന്‍ കേള്‍പ്പൂ.
മറുഭാഗത്തുള്ളമച്ചില്‍ വാഴുമേതോ ഗായകന്റെ
മുരളീകാലാപമിങ്ങോട്ടൊഴുകിടുന്നു.
അതിന്‍ മൃദുതരംഗങ്ങളെന്നാത്മാവില്‍ത്തട്ടിത്തട്ടി
മതിമറന്നെന്തിലോ ചേര്‍ന്നലിയുന്നു ഞാന്‍.
എന്‍തലയ്ക്കു മുകളിലായുത്തരവും ചുമന്നുകൊ-
ണ്ടന്തം മറന്നൊരു ഗൗളി മലര്‍ന്നിരിപ്പൂ.
ഒരു കൊതുകു കടിപ്പൂ വന്നെന്‍ മുതുകില്‍-ക്കൊടുപ്പൂ ഞാ-
നൊരുപെട-'ഭടേ'യെന്ന ശബ്ദവും കേള്‍പ്പൂ.
ശത്രുവവന്‍ ശിരസ്സിലെന്‍ കൈത്തലത്തിന്‍ ബോംബുവീണു
സിദ്ധികൂടി-ചതഞ്ഞയ്യോ ചമ്മന്തിയായി.
കവിയേവം കൊലയാളിയായിമാറും കാഴ്ച കാണ്‍കെ-
ക്കവിതാകാമിനി പേടിച്ചൊരോട്ടമോടി!
തുടരുന്നതിനിപ്പിന്നെയെങ്ങനെ ഞാന്‍?-പേന താഴ-
ത്തിടുകയേ തരമുള്ളൂ-ക്ഷമിപ്പിന്‍ നിങ്ങള്‍!
വിലപെടുമീയദ്ധ്യക്ഷ*നുള്ളകാല,മെനിക്കുണ്ടോ
വിഷമം, ഹാ, രക്ഷനേടാന്‍ കൊലക്കുറ്റത്തില്‍!
(അദ്ധ്യക്ഷന്‍ സുപ്രസിദ്ധ ക്രിമിനല്‍ വക്കീലായിരുന്ന മള്ളൂര്‍ ഗാവിന്ദപ്പിള്ള)
                    17-2-1941.