സ്പന്ദിക്കുന്ന അസ്ഥിമാടം - ഒരു കഥ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കരുണരസം കരകവിയും കഥ പറയാം- പക്ഷേ
കരളുരുകിക്കരളുരുകിക്കരയരുതിന്നാരും.

ശാന്തിവായ്ക്കും പൂവനത്തിലൊന്നില്‍ വന്നൊരോമല്‍-
കാന്തിയേന്തും ചെമ്പനീര്‍ച്ചെമ്പകം കിളര്‍ന്നു.

ചില്ലകളില്‍പ്പല്ലവങ്ങളുല്ലസിച്ചന്നാര്‍ക്കും
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീര്‍ന്നു.

സന്തതം പരിസരത്തില്‍പ്പൂന്തണല്‍ വിരിച്ച-
ന്നന്തികത്തൊരാദ്രമാകും പാരിജാതം നിന്നു.

ഒരു ശിശിരനിശയിലേതോ പവനഗതിമൂലം
പരിചിയലും ലതിക ചാഞ്ഞാത്തരുവരനില്‍ച്ചേര്‍ന്നു.

പാവനമാം വിണ്‍വെളിച്ചം നിത്യവും നുകര്‍ന്നു
പാരിജാതച്ഛായയിലാചെമ്പകം വളര്‍ന്നു.

കാറ്റടിയും, പേമഴയും തീവെയിലും മെയ്യി-
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു.

നര്‍മ്മലോലമാമതിനെ പ്രാണനാണെന്നോര്‍ത്തു
നിര്‍മ്മലപ്രണയസൂക്തം മര്‍മ്മരമായ് വാര്‍ത്തു;

തളിരുലഞ്ഞും, മലരണിഞ്ഞും,മധുചൊരിഞ്ഞും മെയ്യില്‍-
ക്കുളിരണിഞ്ഞും, കരള്‍കവര്‍ന്നാക്കനകവല്ലി മിന്നി!

കഴിഞ്ഞു കാലം- കരിങ്കുയില്ലിന്‍ കപടവേഷം ചാര്‍ത്തി-
ക്കഴുകനൊന്നാക്കളിവനിയില്‍ച്ചിറകടിച്ചാര്‍ത്തെത്തി.

കോമളമദാകലിതകാകളികളാലേ
കോള്മയിര്‍ക്കൊള്ളിച്ചിതതു കോകിലത്തെപ്പോലെ!

നിഷ്കളങ്കഭാവദീപ്തസ്വപ്നസാന്ദ്രവക്ത്രം
നിസ്തുലപ്രേമാര്‍ദ്രഗീതം നീര്‍ഗ്ഗളിയ്ക്കും ചിത്തം.

വിശ്വമതിന്‍ ദര്‍ശനത്തില്‍ വിസ്മയിച്ചുപോകും
വിശ്വസിയ്ക്കില്ലുഗമാകും ഗ്ഗൃദ്ധ്രമാണെന്നാരും.

പരിമൃദുലഹൃദയമെഴും പരഭൃതികയൊന്നാ-
പ്പടുപതഗഹതകനോമല്‍പ്രണയിനിയായ്ത്തീര്‍ന്നു.

രക്തപാനസക്തവു, മയുക്തനുമാണയ്യോ,
മുഗ്ദ്ധഗാനസ്നിഗ്ദ്ധമാമച്ചിത്തമെന്നാരോര്‍ക്കും!

പാട്ടുപാടിപ്പൂവനത്തില്‍പ്പാര്‍ത്തിടും പതത്രം
വേട്ടയാടിക്കാട്ടില്‍ നീളെപ്പോകുമെന്നാരോര്‍ക്കും!

വഞ്ചനയറിഞ്ഞിടാത്തപ്പിഞ്ചുപെണ്‍കുയിലിന്‍
കൊഞ്ചലിലും നെഞ്ചിടിപ്പുതഞ്ചിനിന്നു, കഷ്ടം!

വരനഖരഖരശിഖരവിദലിതമാം ഹൃത്തില്‍
വരമധുരപ്രണയവുമായ്പ്പികസൂദതി കേണു!! ...

മദതരളകളകളമതലയിളക്കിച്ചെന്നാ
മലരണിയും ലതികകളെപ്പുളകിതകളാക്കി.

എങ്ങുനിന്നാ മഞ്ജുഗാനം വന്നിടുന്നതെന്നാ
യങ്ങുമിങ്ങും കണ്ണയച്ചു നിന്നിതാ ലതകള്‍.

കണ്ടനേരം കാര്‍കുയിലാണെന്തു സൌമ്യഭാവം!
തണ്ടുലഞ്ഞാ വല്ലികളില്‍ത്തഞ്ചിയനുഭാവം.

മല്ലി, മുല്ലമാലതിതൊ,ട്ടങ്ങതിന്‍നേര്‍ക്കോരോ
വല്ലികള്‍ കുണുങ്ങിനോക്കിപ്പുഞ്ചിരിചൊരിഞ്ഞു.

മതികവലം, മധുരിമ വാര്‍ന്നൊഴുകിടുമാപ്പാട്ടില്‍
മതിമറന്നാത്തരുനിരയും തലകുലുക്കി കാട്ടില്‍.

പാരിജാതപ്പൂന്തണലില്‍ച്ചെമ്പകം സുഖിയ്ക്കും
പാവനമാം പൂവനത്തിലപ്പതംഗമെത്തി.

പേടയോടുകൂടിയോരോ ചാടുഗാനം പാടി-
ക്കോരകുടീരമൊന്നിലാടലറ്റു കൂടി,

അങ്കുരിതസ്മേരയായിത്തന്‍മുഖത്തു നോക്കി-
പ്പൊന്‍കിനാക്കള്‍ കണ്ടുനില്‍ക്കും ചെമ്പകത്തെ കാണ്‍കെ,

അനുചിതമെന്നറിയുകിലുമലിയുകയായ്,ക്കഷ്ട-
മരുതരുതെന്നൊഴിയുകിലുമതിനു നിജചിത്തം!

ഒഴിയുതുവതോ വിധിവിഹിതം?-പികസദൃശകാമ-
ക്കഴുകനിലാസുകത്രലതയ്ക്കിയലുകയായ് പ്രേമം!

"ഗൃദ്ധ്രമീ ഞാന്‍, ചെമ്പകമേ, വിസ്മരിയ്ക്കുകെന്നെ!-
ബുദ്ധിശൂന്യയല്ല നീ, കെടുത്തരുതു നിന്നെ!"-

'പാട്ടുപാടും പൂങ്കുയിലായ് നീയണഞ്ഞൂ മന്നില്‍
പാട്ടുപാടും പൂങ്കുയിലായ് നീയടിയും മണ്ണില്‍.

കഷ്ടകാലമക്കുയിലിന്രണ്ടുനാലുതൂവല്‍
കെട്ടിവെച്ചുകാണും, പക്ഷേ, നിന്‍ ചിറകിനുള്ളില്‍.

ഉദയരവിയ്ക്കഭിമുഖമായ് ക്കളകളവും പെയ്ത-
ങ്ങുയരുക നീ ചിറകടിയോടവ കൊഴിയും താനേ! ...

ഏവമോതി, ജ്ജീവനാമക്കോകിലത്തിനായി-
പ്പൂവണിപ്പൊന്‍ചെമ്പകം തന്‍ മുഗ്ദ്ധചിത്തമേകി.

ശുദ്ധിവായ്ക്കുമാ ലതയ്ക്കായ് ജ്ജീവിതമര്‍പ്പിച്ചാ-
ഗൃദ്ധ്രുവും നല്‍പ്പൂങ്കുയിലായ്ത്തീരുവാന്‍ ശ്രമിച്ചു.

കാലദോഷം തീര്‍ന്നശേഷമാക്കഴുകന്‍ വീണ്ടും
കാര്‍മുകിലായ്ത്തീര്‍ന്നു, മേന്‍മേല്‍ക്കാകളിപകര്‍ന്നു.

അനുചിതമാണനുചിതമാണവരിയലും രാഗം
കനിവിയലാതിനിയവരെപ്പഴിപറയും ലോകം! ...

മഴമുകിലിന്‍ കരിനിഴലാ മലര്‍വനിക മൂടി
മനമുരുകിപ്പരവശയാസ്സുമലതിക വാടി.

ആര്‍ദ്രമാമപ്പാരിജാതമാര്‍ത്തയായിത്തീര്‍ന്നു
പേര്‍ത്തുമന്നാപ്പെണ്‍കുയിലിന്‍ മാനസം തകര്‍ന്നു.

ചിത്തനാഥന്‍ ക്രുദ്ധമാകും ഗൃദ്ധ്രമാണെന്നാലും
ചിത്തനാഥനാ, ണതില്‍ത്താന്‍ തൃപ്തയായിരുന്നു.

മറ്റൊരാളിനുള്ളതാണിപ്പൂങ്കുയിലെന്നാകില്‍
മത്സരിക്കാനില്ലിനി, ത്താന്‍ മാറിയേയ്ക്കാമ്പോരെ?

പരവശയാപ്പരഭൃതിക പറന്നുപോയീ ദൂരെ-
പ്പരവശനാപ്പരഭൃതവും പറന്നുപോയീ ദൂരേ!-

മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം
മാറുവാനിടവരുമോ ദേശഭേദം മൂലം!

നീരസം പരസ്പരമില്ലാര്‍ക്കും-പക്ഷേ,
നീറി നീറി മാനസംദ്രവിക്കയാണെല്ലാര്‍ക്കും.

തെറ്റുകാരാക്കോകിലവും ചമ്പകവുമേണെ-
ന്നറ്റകുറ്റമെന്തിനിപ്പുലമ്പിയിട്ടു കാര്യം?

ചിറകുകളുണ്ടകലെയെത്താന്‍ കുയിലി, നെന്നാ, ലയ്യോ,
ചിതയെരിയും കരളെഴുമാ ലതികയെന്തു ചെയ്യും? ...

അകലെയെഴുമടവികളില്‍ നിലവിളിയോടങ്ങി-
ങ്ങലയുകയായ്പ്പകലിരവാക്കുയിലൊരുപോല്‍, പാവം!

ആ വിജനകാനനങ്ങളന്നതു ചൊരിഞ്ഞോ-
രീ വിലാപഗാനലേശം മൂളിടാറുണ്ടിന്നും.

"കൈവരിയ്ക്കുകീയമൃദം!" - ദൈവം, നമ്മോടോതി
കൈവരിച്ചു;-കൈവിലങ്ങുവെച്ചു ലോകനീതി!

എന്തി, നേവം നൊന്തു നൊന്തു കേഴുവാനായ്ത്തമ്മി-
ലെന്തിനയേ്യാ, ചെന്‍പകമേ, കണ്ടുമുട്ടീ നമ്മള്‍? ...

ഇനിയധികം പറയണമോ? പിരിയരുതേ നമ്മള്‍-
ക്കിതിലധികം കരുണമെഴും കഥയെവിടെക്കാണും? ...

ക്രൂരമാം നിഷാദബാണം മാറിലേറ്റു, കഷ്ടം,
ദൂരെയേതോ കാട്ടില്വീണാക്കോകിലം മരിച്ചു!

പെണ്‍കുയിലാ വാര്‍ത്തകേട്ടുടന്‍ നിലമ്പതിച്ചു!
സങ്കടത്താല്‍ പാരിജാതം കണ്ണുനീര്‍പൊഴിച്ചു!

ചെമ്പകമോ?-പൂകൊഴിഞ്ഞിലകൊഴിഞ്ഞു നില്‍ക്കും
ചെമ്പകമോ?-നാവിനില്ലകെല്‍പെനിക്കതോതാന്‍!!

കരയരുതെന്നരുളിയിട്ടും കഥയിതു കേട്ടയ്യോ,
കരതലത്താല്‍ മുഖം മറച്ചു കരയയാണോ, നിങ്ങള്‍? ...
                               12-3-1120

14

മായുകില്ലെന്നു മയൂരം മദിച്ചൊരാ
മാരിവില്ലേ, നീ മറഞ്ഞു കഴിഞ്ഞുവോ?

15

അത്യന്തദീനമായേറെ ദൂരത്തുനി-
ന്നെത്തുന്നു വീര്‍പ്പിട്ടു വീര്‍പ്പിട്ടു നിന്മനം.
കണ്മണി, പെട്ടെന്നടയ്ക്കുവാനാകാതെ
കണ്ണുകള്‍രണ്ടും നിറഞ്ഞുപോകുന്നു മേ!
ഹന്ത, നിന്‍ കര്‍മ്മഫലമാണി, തല്ലെങ്കി-
ലെന്തിനായ് സ്നേഹിച്ചതെന്നെ നീ, ശാലിനി?
ദുര്‍വ്വിധിയാണിതെന്റെയും, മല്ലെങ്കിലെന്‍-
സര്‍വ്വസ്വമായി നീ തീരുമോ, മോഹിനീ?

-എന്തി, നഥവാ, വിധിയാണിതൊക്കെ നാ-
മെന്തിനേന്തുന്നതീ നൈരാശ്യചിന്തകള്‍
ഓര്‍ത്തുനോക്കു നീ, യീ നൊമ്പരത്തിലു-
മിന്നൊരു മാധുര്യമില്ലേ മനോഹരി?
അത്രയ്ക്കു രൂക്ഷമീയാത്മക്ഷതത്തിലു-
മനുഭൂതിയൊന്നെല്ലേ, വിലാസിനി?
ലോകോത്തരപ്രേമദീപ്തമാം കണ്ണിനാ
ലോകസിംഹാസനംപോലും വെറും തൃണം.
ഉത്തമേ, നിന്‍ പ്രണയാമൃതസിദ്ധിയാല്‍
മൃത്യുവെപ്പോലും തൃണവല്‍ഗ്ഗണിപ്പു ഞാന്‍
കുത്തിപ്പിളര്‍ക്കപ്പെടട്ടെന്‍ മനസ്സിതിന്‍
രക്തമേ നേടൂ ജഗത്ത, തിനപ്പുറം.
ഒന്നു,ണ്ടതമ്മട്ടു ചോര്‍ത്തുവാനൊക്കുകി-
ല്ലിന്നെത്രമേല്‍ മൂര്‍ച്ചയാര്‍ന്ന ഖഡ്ഗത്തിനും!
തേറ്റിയതിനെത്തളരുന്നു ഗര്‍ജ്ജനം
ച്ചീടിപ്പുളകിതമാകുന്നു മൌനവും!! ....
                               21-3-1120