ചാലവേ വാനിന് കൃപാണമൊന്നതാ
നീലത്തൃണത്തിലടര്ന്നുവീണു.
കാണിനേരംകൊണ്ടതെത്രയും കാന്തമാം
മാണിക്യഖണ്ഡമായ് മാറിപ്പോയി.
കമ്രകരങ്ങളാലായതു ചുംബിച്ചു
സമ്മോഹനീയനാം കര്‍മ്മസാക്ഷി.
അംബരദേവിതന്മാര്ത്തട്ടില്നിന്നൂര്ന്നു
ചെമ്മേ പതിച്ചതാം താരമ്പോലെ-
കാനനലക്ഷ്മിതന് കാല്ത്തളതന്നിലെ-
ക്കാഞ്ചനഖണ്ഡം പതിച്ചപോലെ-
ശര്മ്മധരാംബതന് നെറ്റിത്തടത്തിലെ
രമ്യമാം ഘര്മ്മാംബുവെന്നപോലെ-
സൂനസുഗന്ധിയാമാരാമദേവിത-
ന്നാനന്ദത്തിന്റെ കണികപോലെ-
ലീലയാവാനവരൂഴിയിലിട്ടോരു
ലോലമാം രത്നപ്രകാണ്ഡം പോലെ-
നീഹാരലേശമേ, നീ വിളങ്ങീടുന്നു
മോഹനസൌവര്ണ്ണവിഗഹാഭന്!
ലാവണ്യകന്ദമേ, നിന്നിലുള്ചേര്ന്നല്ലോ
ഭൂവിലെ മജ്ഞിമയാകമാനം.
എങ്ങനെ ചിത്രീകരിച്ചിടാം നിന്നുടെ-
യംഗമെന് വാങ്മയതൂലികയാല്?
അല്പസമയത്തിനുള്ളില് നീ, രമ്യയി-
പ്പൊല്പ്രഭ മങ്ങിമറഞ്ഞുപോകാം.
എങ്കിലെന്തെത്രയോ കാമ്യം നിന്‍ജീവിതം
പങ്കിലദൂരിതമംഗലാഭം!
മന്നില്‍ മറക്കാത്ത മഞ്ജിമതൂകി നീ
മിന്നി;-മറയുക ധന്യയായ് നീ!