നിര്‍വ്വാണമണ്ഡലം - മാപ്പു നല്‍കൂ!
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മാപ്പു നല്‍കൂ !

å അനുതാപചിന്തകള്‍ നെയ്തുതന്നോ-
രനുഭൂതിപ്പൂമ്പട്ടമണിഞ്ഞ ചിത്തം,
മൃദുലം, മദീയം ഭവല്‍പ്രണയ-
സ്മരണയില്‍ ചെയ്യും വിനോദനൃത്തം,
അനുചിതമാണെന്നിതുവരേക്കു-
ള്ളനുഭവമെന്നെ മനസ്സിലാക്കി.
അതിനാല്‍ ഞാനാവുന്നവേഗമിപ്പോ-
ളതിനൊരു പൂര്‍ണവിരാമമേകാം.
കമനീയസ്വപ്നത്തില്‍നിന്നുണര്‍ന്നീ-
ത്തിമിരത്തില്‍ത്തന്നെ ഞാന്‍ വീണുകൊള്ളാം.
സഹജമായങ്ങളില്‍ സമുല്ലസിക്കും
സഹതാപം പോലുമെനിക്കു വേണ്ട.
പ്രണയത്തിന്‍ കയ്പും മധുരിമയും
ഒരുപോലനുഭവിച്ചീടിനേന്‍ ഞാന്‍.
അതിനാലെനിക്കിനിയാവലാതി-
ക്കവകാശമില്ല ഞാന്‍ പിന്മടങ്ങാം.
 നിയതവും കണ്ണീരില്‍ മുങ്ങി മുങ്ങി
നിമിഷങ്ങളോരോന്നായെണ്ണിയെണ്ണി,
കഴിയാന്‍ കഴിയണമെന്നുമാത്രം
കരളിലെനിക്കുണ്ടൊരാശമാത്രം.
പ്രണയപരാജയം നിന്ദ്യമല്ല
പ്രണയവിജയം വിദഗ്ദ്ധതയും
നിയതിനിയോഗമനുസരിച്ചേ
നിഴലിക്കൂ നമ്മിലതിന്‍ വെളിച്ചം !
സതതം ഞാന്‍ സ്നേഹിക്കാനല്ലയെങ്കില്‍
ഹൃദയമെനിക്കെന്തിനേകി ദൈവം ?
കപടമെള്ളോളമറിഞ്ഞിടാതെന്‍
കടമ ഞാനൊക്കെയും ചെയ്തു തീര്‍ത്തു
ഇനി ഞാനേതല്ലലും വിസ്മരിക്കാം
ഇനിയെനിക്കിഷ്ടമ്പോല്‍ വിശ്രമിക്കാം.
ചിരിയിങ്കല്‍ മാത്രമല്ലശ്രുവിലും
ഒരുപോലെ സൌന്ദര്യം കാണുവോള്‍ ഞാന്‍.
പരിപൂര്‍ണമാകില്ലതൊന്നില്‍മാത്രം
പരിചയം നേടുന്ന ജീവിതാങ്കം !
ഉപദേശപുഷ്പങ്ങള്‍ കോര്‍ത്തെടുത്തോ-
രുപഹാരമര്‍പ്പിക്കാന്‍ ദുര്‍ബല ഞാന്‍.
അതിനെനിക്കാശയുമില്ല;- ഞാനെ-
ന്നഭിമതമോതിനാളെന്നു മാത്രം.
ഹൃദയേശ ! ഞാനിദം ചെയ്തതുമി-
ന്നപരാധമാണെങ്കില്‍ മാപ്പുനല്‍കൂ.