രാഗപരാഗം - ആശ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

     ആശ

ശിശിരവായുവിലിതള്‍ വിടര്‍ന്നാടും
മൃദുലമന്ദാരമുളകമ്പോല്‍
കവനസാന്ദ്രമായ് വിരിയുന്നെന്മനം
ഭവദീയസ്നേഹലഹരിയില്‍.
ഹൃദയനാഥ ഞാന്‍ പ്രണയമാധുരി
വഴിയും ചിന്തതന്‍ തിരകളില്‍
വിജനവേളയില്‍ മുഴുവനും മന്ദ-
മൊഴുകിപ്പോകയാണെവിടെയോ!
പുളകത്തിന്‍ മാറില്‍ തലചാച്ചെന്‍ചിത്തം
പരമനിര്‍വ്വാണമടയുമ്പോള്‍
പ്രകടമൂകമാം പ്രണയസ്വപ്നങ്ങ-
ളകമഴിഞ്ഞെന്നെത്തഴുകുമ്പോള്‍
മധുരചുംബനസുലഭസങ്കല്‍പം
മടിയില്‍വെച്ചെന്നെപ്പുണരുമ്പോള്‍
സ്ഥലകാലങ്ങള്‍തന്‍ ക്ഷണികസീമകള്‍
സകലവും പിന്നിട്ടതിവേഗം
ചിറകെഴുമൊരു മുരളീഗാനംപോല്‍
വിരവില്‍ ഞാന്‍ മേലോട്ടുയരുന്നു.

ലളിതമര്‍മ്മരം പകരുമാ വന-
മിളകുമീ മന്ദപവനനില്‍.
അരിയ മല്ലികാപരിമളമായ്ത്തീ-
ര്‍ന്നരികിലെങ്ങാനൊന്നണയുകില്‍!
സുരഭിലമാക്കും സുലളിതാംഗനിന്‍
സുഖസുഷുപ്തികള്‍ മുഴുവന്‍ ഞാന്‍!

ചൊരിയുന്നു ചന്ദ്രന്‍ കുളിര്‍നിലാവെങ്ങും
തരളതാരകള്‍ തെളിയുന്നു.
അകലെപ്പൂങ്കാവിലമരും രാക്കുയി-
ലമൃതസംഗീതം പൊഴിയുന്നു.
സകലവും ഭദ്രം; പരമശാന്തം, ഹാ!
സവിധത്തില്‍ ഭവാനണയുകില്‍! . . .

"http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%97%E0%B4%AA%E0%B4%B0%E0%B4%BE%E0%B4%97%E0%B4%82/%E0%B4%86%E0%B4%B6" എന്ന താളില്‍നിന്നു ശേഖരിച്ചത്