രാഗപരാഗം - അര്‍പ്പണം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

    അര്‍പ്പണം

ആകമ്രസ്മേരത്താല്‍ നിഷ്പ്രയാസം
ലോകം മയക്കുമക്കാമദേവന്‍
തെല്ലെന്‍ മനസ്സും വശീകരിച്ചാല്‍
ചൊല്ലിതിലത്ഭുതമെന്തു തോഴി!

അമ്പിളി വിണ്ണിലുദിച്ചുയര്‍ന്നാ-
ലെന്തിനിളകണം വീചികകള്‍?
തെന്നലെക്കണ്ടാലാ വല്ലരികള്‍
നിന്നുകുണുങ്ങുന്നതെന്തിനായി?

ഞാനുമതുപോലറിഞ്ഞിടാതൊ-
രാനന്ദത്തിന്നു വിധേയനായി.
അക്കാമദേവന്റെ കാല്‍ത്തളിരില്‍
മല്‍ക്കരളെന്തിനോ കാഴ്ചവെച്ചൂ! . . .