മാനസേശ്വരി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മാനസേശ്വരി

          1116

   ഒന്നാം ഭാഗം

       1

പാണ്ടുത്തരാശയില്‍ചെമ്പകാഭിഖ്യയാ-
യുണ്ടായിരുന്നു നഗരിയൊന്നുജ്വലം.

മന്ദിയാതങ്ങുല്ലസിച്ചു വിഖ്യാതനാം
'ചന്ദ്രസാഗര' നെന്നൊരു വര്‍ത്തകന്‍

ശങ്കരഭക്തനവന്‍ സമസ്ത്യൈശ്വര്യ-
സങ്കുലസൌഭാഗ്യ ഹര്‍ഷസമ്യുക്തനായ്

ധര്‍മ്മനിരതനായ് ശര്‍മ്മദനായ് പുണ്യ-
കര്‍മ്മനിരതനായ് പ്രോല്ലസിച്ചീടിനാന്‍

       2

നാഗലോകത്തിന്‍ മഹാറാണിയായ് സര്‍വ്വ
ഭാഗധേയത്തിന്‍ സമുജ്ജ്വലസത്മമായ്

'മാനസാദേവി'യെന്നന്നാളോരീശ്വരി
വാണിരുന്നാളാവിശിഷ്ട നഗരിയില്‍

സുന്ദരിയാമൊരു മാനവനാരിയില്‍
ചന്ദ്രചൂഡന്നെഴും നന്ദിനിയാണവള്‍

കല്യാണരൂപിണിയാകുമക്കന്യയെ-
ത്തെല്ലുമിഷ്ടപ്പെട്ടിരുന്നില്ല പാര്‍വ്വതി

നേതാഭിധാനമായ് മറ്റൊരുപുത്രിയും
ഭൂതേശനുണ്ടായിരുന്നു പോല്‍ ഭൂമിയില്‍

തന്നോടുമയ്ക്കുള്ളിലുല്‍ക്കട നീരസ-
മന്നാളിലുണ്ടായിരുന്നതുകാരണം

ഭൂതലാവാസം വരിച്ചാളുദാരയാം
നേതയോടൊന്നിച്ചു മനസാദേവിയും

എങ്കിലും താനൊരു ദേവിയാണെന്നുള്ള
സങ്കല്‍പമുള്ളിലധിരൂഢമാകയാല്‍

മാനവാരാധനാ പാത്രമായ്ത്തീരണം
തനുമെന്നൊര്‍ത്തിതാ നാഗരാജേശ്വരി!!

       3

വിത്താധിനാഥനാംചന്ദ്രസദാഗരന്‍
ഭക്തിപൂര്‍വ്വം തന്നുപാസകനാവുകില്‍

നിര്‍വ്വിശങ്കം ഭജിച്ചിടാനൊരുങ്ങിടും
സര്‍വ്വപ്രജകളും തന്നെസ്സകൌതുകം

ഏവം മനസ്സിലുറച്ചവള്‍, ശങ്കര-
ദേവഭക്താഗിമനാകുമദ്ധന്യനെ

പ്രേരണാസ്ത്രങ്ങള്‍ മുറയ്ക്കെയ്തനാരതം
പാരവശ്യം പാരമേകാന്‍ തുടങ്ങിനാള്‍

എങ്കിലും ചഞ്ചലപ്പെട്ടില്ല ലേശവും
ശങ്കരോപാസക നിര്‍മ്മലാത്മാചലം

എന്തുവന്നാലും വെടിഞ്ഞീടുകില്ലതാ-
നന്തകാരാതിതന്‍ പൂജയെന്നോര്‍ത്തവന്‍

ഏതുവിപത്തുമെതിരിടാനുദ്യുക്ത-
ചേതനനായിക്കുലുങ്ങാതെ മേവിനാന്‍.

       4

മഞ്ജിമതന്‍ കളിവീടാമുരുദ്യാന
മണ്ഡലംകാണ്മൂ നയനവിമോഹനം

പൂത്തും തളിര്‍ത്തുംലസിപ്പൂ പലേതരു-
ച്ചാര്‍ത്തുകള്‍ പാടിപ്പറക്കുന്നു പക്ഷികള്‍.

സ്വാന്തം കുളുര്‍ക്കെ ക്കളകളം പെയ്യുന്നു
മാന്തളിര്‍തിന്നു മദിച്ച കുയിലുകള്‍.

ആടുന്നു പൂത്തകദംബ മരക്കൊമ്പി-
ലാടലകന്നു മയൂരക നര്‍ത്തകര്‍.

മുല്ലകള്‍, പിച്ചികള്‍, പൊന്നിന്‍ ജമന്തിക-
ളുല്ലസല്‍ താലതമാല ചൂതാദികള്‍

പൂവിട്ടു പൂവിട്ടു നില്‍ക്കുന്നു വാസന്ത-
ദേവിതന്‍ സൌഭാഗ്യ വീചികള്‍ മാതിരി.
തെന്നല്‍ തൊടുമ്പോള്‍ കുണുങ്ങുന്ന വല്ലികള്‍
മന്ദഹസിപ്പൂ മടുമലര്‍ച്ചാര്‍ത്തിനാല്‍

നിര്‍മ്മല നീലജലം തുളുമ്പിടുന്ന
നര്‍മ്മവിഹാര സരോവര രാശിയില്‍

കാന്തികലരുന്ന രാജമരാളങ്ങള്‍
നീന്തിക്കളീപ്പൂ മതിമറന്നങ്ങനെ.

ചന്ദ്രസദാഗര പ്രാണനാണീലോക-
നന്ദനോദ്യാനം ഹൃദയവിമോഹനം!

'പാടല' മെന്നതിന്‍ പേര, തിനെസ്സദാ
പാടിപ്പുകഴ്ത്തിനാര്‍ കിന്നരകന്യമാര്‍.

       5

ചൊല്ലിനാള്‍ മനസാദേവി:-"നാഗങ്ങലേ
ചെല്ലണം നിങ്ങളപ്പാടലവാടിയില്‍

ജീവസമാനം സദാഗരന്‍ കാക്കുമ-
പ്പൂവനമിന്നു മരുഭൂമിയാവണം.

നിങ്ങള്‍തന്‍ഹാലഹാലാനല ജ്വാലകള്‍
പൊങ്ങിപ്പരന്നതു ചാമ്പലായീടണം.

നാശപ്പെടുത്തണം സര്‍വ്വവു, മങ്ങിനി-
ശ്ശേഷിക്കരുതൊരു പുല്‍ക്കൊടികൂടിയും!

ഗര്‍വിഷ്ടനാണസ്സദാഗരന്‍-ഹാ നിങ്ങള്‍
സര്‍വ്വവും ചെന്നു നശിപ്പിച്ചുപോരുവിന്‍"

ഉത്തരമാത്രയില്‍ നാഗങ്ങള്‍ നന്ദിച്ചു
സദ്രസമൊന്നിച്ചു യാത്രയായീടിനാര്‍

ആളിപ്പടര്‍ന്ന വിഷാഗ്നിയില്‍ പഞ്ഞിപോല്‍
ചേളെന്നു വെണ്ണീറടിഞ്ഞു, ഹാ, പാടലം!

കണ്ടു സദാഗരന്‍ സര്‍വ്വവു, മെന്നിട്ടു-
മിണ്ടലുണ്ടായില്ലവനുള്ളിലേതുമേ!

മൃത്യുഞ്ജയ മന്ത്രമുണ്ടവ, നായതിന്‍
ശക്തിയാല്‍, നഷ്ടമായ് പോയവ സര്‍വ്വവും

മാത്രയ്ക്കകം, ഹാ, പുനസ്സംജനിപ്പിച്ചൊ-
രാര്‍ത്തിയും കൂടാതെ ലാലസിച്ചാനവന്‍!

പത്രംകരിഞ്ഞു നിലംപതിച്ചീടിന
പത്രികള്‍ വീണ്ടും പരന്നു പാടീടിനാര്‍

ചാരമായ്തീര്‍ന്ന തരുക്കള്‍ മുന്നെപ്പോലെ
ചാരുപുഷ്പങ്ങളും ചൂടിനിന്നീടിനാര്‍.
ആരാമദാഹമതേതോ കിനാവിന്റെ
നേരിയ വീചിപോല്‍ നിഷ്ക്രാന്തമാകവേ,
മാനസവേദിയില്‍ ചന്ദ്രനുമോദവും
മാനസാദേവിയ്ക്കു ഖേദവും വാച്ചിതേ!

       6

അന്നന്തിമാര്‍ക്കന്‍ പ്രപഞ്ചം മുഴുവനും
പൊന്നശോകപ്പൂക്കള്‍ വാരിവിതറവേ

സ്വൈരവിഹാര വിലോലനായെത്തിനാന്‍
'കൈരവിനി'നദീതീരേ സദാഗരന്‍.

അത്ഭുതം, താനെന്തു കാണ്മുതന്‍ മുന്നിലായ്
സ്വപ്നമോ, മായയോ, വിഭാന്തിതന്നെയോ?

ലോകസൌന്ദര്യമുടലാര്‍ന്ന മട്ടിലു-
ണ്ടേകയായ് മുന്നിലൊരോമന പ്പെണ്‍കൊടി!

ഓളമുലയുന്ന നേരിയ നീരാള-
നീലമേഘത്തിലൊരോമല്‍ തടില്‍ക്കൊടി-

ചേലിലനുപദം മഞ്ജീരശിഞ്ജിത-
ലോലകല്ലോലങ്ങള്‍ ചുറ്റുമിളകവെ

താരുകള്‍ തിങ്ങിനിറഞ്ഞ തരുക്കള്‍തന്‍
താഴോട്ടുചാഞ്ഞു കിടക്കുന്ന ചില്ലകള്‍

താമരക്കൈകളാലെത്തിപ്പിടിച്ചു പൊല്‍
ത്താരുകള്‍ ശേഖരിച്ചീടുകയാണവള്‍

പിന്നില്‍ പദസ്വനം കേട്ടൊരു പേടമാ-
നെന്നപോല്‍ തന്വി തിരിഞ്ഞുനോക്കീടവേ,

ഉല്പലസായക കല്‍പാംഗനാമൊരാള്‍
നില്‍പു-നാണിച്ചു തലകുനിച്ചാളവള്‍!

ആ വിസ്മയാര്‍ഹമാ മാകാരദര്‍ശനം
ജീവനുനല്‍കിയ രോമഹര്‍ഷോത്സവം

സ്പന്ദിച്ചു നില്‍ക്കിലും, ധൈര്യമാലംബിച്ചു
സുന്ദരനീവിധം ചോദ്യംതുടങ്ങിനാന്‍

"ആരുനീ, മോഹിനി, വാസന്തചാരിമ
പാരിലുടലാര്‍ന്നു വന്നതുമാതിരി?

എങ്ങുനിന്‍ ഗഹ, മെവിടെ വസിക്കു വ-
തിങ്ങേവമേകയായ് നില്‍ക്കുന്നതെന്തു നീ?"

"മേരുവിലാണെന്റെ മന്ദിരം, ബന്ധുക്ക-
ളാരുമില്ലാതുള്ളൊരപ്സരസ്സാണു ഞാന്‍"

"ഹാ, ശുഭേ, നിന്നില്‍ ഞാന്‍ സ്നേഹാര്‍ദ്രനാണു, ഞാ-
നാശിച്ചിടുന്നുനിന്‍ പാണിഗഹോത്സവം;

സമ്മതമെങ്കില്‍-" നവനവശോണിമ
കമ്രാംഗിതന്‍ കവിള്‍പ്പൂവില്‍ തുളുമ്പവേ

ആശയ്ക്കുമാര്‍ഗ്ഗമുണ്ടെന്നുള്ള ചിന്തയാല്‍
ക്ലേശമകന്നവന്‍ വീര്‍പ്പുവിട്ടീടിനാന്‍

"ഇല്ല വിസമ്മതം, പക്ഷേ-" മൊഴിഞ്ഞിദ-
മല്ലണിവേണി നമിച്ചാള്‍ നിജാനനം

"പക്ഷേ?-പറയൂ മനോഹരി, ഞനെന്തു-
മിക്ഷണം ചെയ്യാം, മടികാതെ ചൊല്‍കനീ!"

"ജീവനാശത്തില്‍ പുനര്‍ജ്ജീവസാദ്ധ്യത
കേവലംകേളിയായ് തീരുമാറങ്ങനെ

അങ്ങയ്ക്കധീനമാണേക മൃത്യുഞ്ജയ-
മംഗളമന്ത്ര, മതിന്‍ശക്തി സര്‍വ്വവും

ദാനംതരേണമെനി, ക്കെങ്കിലേ തവ-
പ്രാണാധിനാഥയായ് പോരികയുള്ളു ഞാന്‍!"

സുസ്ഥിരമാനസഭാവം ധ്വനിക്കുന്ന
സുസ്വരത്തിലിമ്മട്ടവളോതവേ

"ഓമനേ, കുണ്ഠിതപ്പെട്ടിടായ്കിക്ഷണ-
മാമന്ത്രശക്തി നിനക്കു ഞാനേകുവന്‍"

എന്നുചൊന്നാ ദിവ്യമാകും ധനത്തീ-
പൊന്നുടലാള്‍ക്കവന്‍ കാഴ്ചവെച്ചീടിനാന്‍

ഒറ്റമാത്രയ്ക്കുള്ളിലെങ്ങോ മറഞ്ഞിത-
ക്കറ്റക്കുഴലാള്‍!- തമസ്സായി ചുറ്റിലും!

കേള്‍ക്കായിതപ്പോളൊരാകാശവാണിയ-
പ്പൂക്കള്‍ നിറഞ്ഞവനത്തില്‍ നിന്നീവിധം:-
"മാനസാദേവിഞാന്‍, നീ മേലിലെങ്കിലും
ധ്യാനിച്ചു പൂജിക്കുകെന്നെയാത്താദരം

ഭക്തനാമെങ്കില്‍ നീയെന്നി, ലിക്കൈവിട്ട
ശക്തിനിനക്കു തിരിച്ചുഞാന്‍ നല്‍കിടാം"

"ഇജ്ജീവിതത്തിലില്ലു" ല്‍ക്കട രോഷേണ
ഗര്‍ജ്ജനം ചെയ്താന്‍ സധീരം സദാഗരന്‍

       7

പിന്നെയും നാഗങ്ങളെക്കൊണ്ടു പാടലം
വെണ്ണീറടിയിച്ചു, ഹാ, മാനസേശ്വരി!

ശങ്കരനെന്നൊരു മായാവിയെക്കൊണ്ടു
ശങ്കയേശാതെ തന്നാരാമമണ്ഡലം

ജീവചൈതന്യംകൊടുത്തുദ്ധരിപ്പിച്ചി-
താവിലനാവാതെ വീണ്ടും സദാഗരന്‍

മാനസാദേവി രോഷാന്ധയായ് തന്ത്രത്തില്‍
മായാവിയെച്ചെന്നുനിഗഹിച്ചീടിനാള്‍

എന്നിട്ടുവീണ്ടുമുദ്യാനം മുഴുവനും
മുന്നേക്കണക്കു ദഹിപ്പിച്ചൊടുക്കിനാള്‍.

കണ്ടില്ല മറ്റൊരുപായം ധനേശ്വര-
നിണ്ടലായ്, ശൂന്യമായ്തോന്നി തന്‍ജീവിതം!

പോരെങ്കില്‍ നാഗങ്ങള്‍ വന്നവനുള്ളതാ-
മാറാത്മജരെക്കടിച്ചുകൊന്നീടിനാര്‍

ഞെട്ടറ്റനീലോല്‍പലങ്ങള്‍പോലേ, മൃതി-
പ്പട്ടുമുറ്റത്തുകിടക്കും കിടാങ്ങളെ

നോക്കിനോക്കിക്കരള്‍പൊട്ടി, സ്സദാഗരന്‍
മേല്‍ക്കുമേല്‍ മാറത്തടിച്ചുകരയവേ

കേള്‍ക്കായിവീണ്ടുമൊരാകാശവാണി-"നീ-
യോര്‍ക്കുമോ ഞാന്‍ചൊന്നതിപ്പൊഴുതെങ്കിലും?

മാനസാദേവി ഞാന്‍, പൂജിക്കുകെന്നെ നീ
മാലിനി മാലിലുണ്ടാകില്ലൊരിക്കലും

എത്രവരങ്ങള്‍ നിനക്കുവേണെങ്കിലും
ചിത്തമോദേനതരാം നിനക്കിന്നു ഞാന്‍!"

"ആവശ്യമില്ലെനി, ക്കെന്തുംവരട്ടെയി-
ജ്ജീവിതത്തിങ്കല്‍ വണങ്ങില്ല നിന്നെ ഞാന്‍!"

'എങ്കില്‍നോക്കിക്കോ നിനക്കിനി മേല്‍ക്കുമേല്‍
സങ്കടപ്പെടാന്‍ സംഗതിയായിടും"

"ആകട്ടെ"-ലേശം കുലുങ്ങാതെയോതിനാ-
നാകുലമാനസനാകിലുമപ്പുമാന്‍!

       8

നാളുകളേറെക്കഴിഞ്ഞു-ശോകാത്മക
നാടകമേറെനടന്നു യഥാവിധം.

അന്നൊരുനാളൊരു കപ്പലില്‍, വാരിധി
തന്നില്‍, സദാഗരന്‍ യാത്രചെയ്തീടവേ

പെട്ടെന്നൊരു കൊടുങ്കാറ്റുയര്‍ന്നാഞ്ഞാ-
ച്ചഷ്ടാശകളും വിറപ്പിച്ചു മേല്‍ക്കുമേല്‍

പര്‍വ്വതാകാര സമാനമായോളങ്ങള്‍
ഗര്‍വ്വിച്ചു വാപിളര്‍ന്നോടീതെരുതെരെ

കപ്പലിന്‍ നേര്‍വഴിച്ചാലുതെറ്റി, സ്വയ-
മബ്ധിമദ്ധ്യത്തിലതങ്ങിങ്ങലകയായ്

ഉന്നതമാമൊരു പാറമേലാഞ്ഞല-
ച്ചൊന്നൊടതയ്യോ ചിതറിത്തെറിച്ചുപോയ്!

പൊങ്ങിയിരമ്പിപ്പുളയും തിരകളില്‍
മുങ്ങിത്തുടിച്ചു കുഴഞ്ഞു സദാഗരന്‍!

ഉപ്പുവെള്ളംകുടിച്ചല്ലലും ഭീതിയു-
മുള്‍പ്പുക്കുനീന്തിത്തളരുമവനൊടായ്

ചൊന്നാനശരീരി:-"നീയിനിയെങ്കിലും-
വന്ദിക്ക സാദരം മാനസാദേവിയെ!"

"ഇല്ല. മരിക്കുവാന്‍ സന്നദ്ധനാണു ഞാന്‍"
ചൊല്ലിനാന്‍ ലേശം കുലുക്കമില്ലാതവന്‍!-

അക്കൊടുംകാറ്റൊട്ടടങ്ങീ, മരിക്കാതെ
പുക്കാനൊരു കടല്‍ത്തീരത്തു ചന്ദ്രനും

പ്രാണന്നപായം ഭവിക്കാതണഞ്ഞതു
"മാണിക്യശൈലത്തി" ലാണാമഹാരഥന്‍

'ചന്ദ്രകേതു' തി പ്രശസ്തനായുള്ളൊരു
മന്നവനാണന്നതിന്നധിനായകന്‍

തന്നുത്തമാത്മ സുഹൃത്താം നരേന്ദ്രനെ-
ച്ചെന്നുകണ്ടെല്ലാം പറഞ്ഞു സദാഗരന്‍

എന്തിനും സന്നദ്ധനായ് സ്വയമന്നൃപന്‍
സന്തോഷപൂര്‍വ്വം വരിച്ചാനതിഥിയെ.

അല്ലലേതാണ്ടൊന്നടങ്ങി, പ്രശാന്തമാ-
യുല്ലസിച്ചാനവന്‍ രാജധാനിക്കകം.

ചെറ്റുനാളേവം കടന്നുപോയ്-പെട്ടെന്നു
മറ്റൊരുമാറ്റം ഭവിച്ചിതാകസ്മികം.

മാനസാദേവിതന്‍ ഭക്തരിലേകനാ-
ണാനരപാലനാവൃത്തം ധരിക്കയാല്‍

ആതിത്ഥ്യമെല്ലാമുപേക്ഷിച്ചു പിന്നെയു-
മാദിക്കിലങ്ങിങ്ങലഞ്ഞു വണിഗ്വരന്‍.

മാറാപ്പുമാര്‍ന്നൊരു യാചകനായ് സ്വയ-
മേറെനാളേവം കഴിച്ചിട്ടൊരുദിനം,

ചെന്നാനവനൊരുകര്‍ഷക മന്ദിരം
തന്നില്‍, കൃഷിപ്പണിചെയ്തു ജീവിക്കുവാന്‍!

സമ്മതംനല്‍കീ കൃഷീവലന്‍-രാപകല്‍
കര്‍മ്മപ്രസക്തനായ് വാണിതീ വര്‍ത്തകന്‍

ഉദ്ധതയാകുമാ മാനസാദേവി തന്‍
ക്രിത്രിമക്കൈകല്‍തുടര്‍ന്നു ഹാ പിന്നെയും

ബുദ്ധിക്കുമാറ്റംഭവിച്ചൂ-സദാഗര-
നിദ്ധ ദുര്യോഗമണഞ്ഞൂ തെരുതെരെ-

കൊയ്യാനയച്ചല്‍, കിളയ്ക്കുവന്തോന്നിടും
കൊയ്യുവാന്തോന്നും, കിളയ്ക്കാനയയ്ക്കുകില്‍!

ഞാറുനട്ടിടും, വരമ്പുവെട്ടാന്‍പോകില്‍
ഞാറുനടാനെങ്കില്‍, വെട്ടും വരമ്പുകള്‍!

നെല്ലുകുത്തീടി, ലരിയൊക്കെയും തീയി-
നുള്ളിലിട്ടീ, ട്ടുമി വെച്ചുവേവിച്ചിടും!

ത്ലാവിട്ടുതേകുവാന്‍ കാളയോടോതിടും
ത്ലാവിന്റെ തണ്ടില്‍ കലപ്പബന്ധിച്ചിടും!

എന്തി, ന്നൊരു വെറും ഭ്രാന്തനെപ്പോലവ-
നെന്തസംബന്ധവും കാണിക്കുമെപ്പൊഴും!

ആകയാല്‍ തല്ലിയോടിച്ചിതക്കര്‍ഷകന്‍
ഹാ, കഷ്ട, മന്നക്കൊടും മന്ദഭാഗ്യനെ!

പിന്നെയും തെണ്ടിയലഞ്ഞുനടന്നിതു
മുന്നെക്കണക്കൊരു ഭിക്ഷുവെപ്പോലവന്‍!!...

   രണ്ടാം ഭാഗം

       1

വിന്ധ്യ്യചലത്തിലന്നുജ്വലവാസന്ത-
സന്ധ്യാവിലാസങ്ങള്‍ നൃത്തമാടി.

മൊട്ടിട്ടുമൊട്ടിട്ടു നില്‍ക്കും മരങ്ങളെ-
ത്തൊട്ടുഴിഞ്ഞെത്തും മരുല്‍കിശോരന്‍

ആ മഞ്ജൂകാനന രംഗം മുഴുവനൊ-
രാമോദധാരയില്‍ മഗ്നമാക്കി

ആടലശേഷവും തേടിടാതാദരാ-
ലാടിക്കുണുങ്ങി ലതാവലികള്‍

പാടിപ്പറന്നു നടനു പതത്രികള്‍
കോടരപാളിയില്‍ ചേക്കുപൂകി.

സിംഹശാര്‍ദ്ദൂലങ്ങള്‍ കന്ദരമന്ദിര-
സംഹതി വിട്ടു പുറത്തിറങ്ങി.

അഞ്ചിതകാന്തി പൊഴിച്ചു വിണ്‍മ്മേടയില്‍
പഞ്ചമിച്ചന്ദ്രനുദിച്ചു പൊങ്ങി

മിന്നിത്തിളങ്ങിസുരപഥവീഥിയില്‍
കണ്ണഞ്ചും കാഞ്ചന താരകങ്ങള്‍.

വിണ്‍മുട്ടു മുത്തുംഗ ശൃംഗരംഗങ്ങളില്‍
വെണ്‍മുകില്‍ച്ചാര്‍ത്തുകള്‍ വന്നുതിങ്ങി

കമ്പിതപാദപ ച്ചില്ലകളോരോന്നു-
മന്‍പാര്‍ന്നു സമ്മതമേകുകയാല്‍

സാനന്ദം താഴേയ്ക്കു പോരുവാന്‍ സാധിച്ചോ-
രേണാങ്കരശ്മികളാകമാനം

അക്കാനനത്തിന്‍ തമോമണ്ഡലത്തിലൊ-
രത്ഭുതലോകം തുറന്നുകാട്ടി.

ആയിരമായിരം മായികച്ഛായക-
ളായത്തമാക്കിയോരാ വനാന്തം

ഭാവനാതീതമാം ഭാസുരദീപ്തിയും
ഭാവഗാംഭീര്യവും ചേര്‍ന്നതായി

അപ്പത്മവാപിയില്‍ നീരാടിക്കൊണ്ടതാ
നില്‍പൂ രണ്ടപ്സര കന്യകകള്‍.

ജാതാനുമോദ വികസിതചിത്തങ്ങള്‍
ജാതരൂപോജ്വല വിഗഹങ്ങള്‍!

നീലക്കാര്‍കൂന്തല്‍ വിതുര്‍ത്തുകൊണ്ടങ്ങനെ
ലാലസിച്ചീടുമവര്‍ക്കു മുന്നില്‍

കാണായി മിന്നല്‍പോല്‍ പ്രത്യക്ഷയാവതാ-
മാനസാദേവി മനോഹരാംഗി.

അപ്സരകന്യകാഹസ്താഗമക്ഷണ-
മബ്ജമുകുള യുഗളമായി!

"സ്വാഗത, മംബികേ, സാദരമിങ്ങേവ-
മാഗതയാകുവാനെന്തു ബന്ധം?

സന്താപമെന്തുതേ, സന്നദ്ധര്‍ ഞങ്ങളി-
ന്നെന്തു ചെയ്തീടാനു, മോതിയാലും"

ആദരപൂര്‍വ്വകമീ മൊഴികേട്ടുടന്‍
മോദേന ദേവി തഥിച്ചിതേവം:-

"മിത്രങ്ങളേ, മിങ്ങളിക്കൂട്ടുകാരെയെ-
സദ്രസമിന്നു തുണച്ചിടേണം.

ചന്ദ്രസദാഗരനെന്നൊരു വര്‍ത്തകന്‍
സന്താപമെന്നില്‍ വളര്‍ത്തിടുന്നു.

ഹാ, മെന്മേല്‍ യത്നിച്ചു നോക്കിയവനെ ഞാന്‍
മാമകോപാസകനാക്കി മാറ്റാന്‍

ശങ്കരാരാധകനാമവന്നില്ലൊരു
ശങ്കയുമെന്നെ ത്തിരസ്ക്കരിക്കാന്‍!

       2

തപ്തപ്രതികാര വാന്‍ഛയാലീവിധം
പിച്ചുപിടിച്ചു നടപ്പു ഞാനും.

എമ്മട്ടിലെങ്കിലും നിങ്ങളിന്നൊത്തുചേര്‍-
ന്നെന്നെത്തുണയ്ക്കണം തോഴിമാരേ!"

ആവിലഭാവത്തിലീവിധമോതിയ
ദേവിയെ സ്സാന്ത്വനം ചെയ്തശേഷം

അപ്സരകന്യകളോതിനാര്‍, "ജീവനു-
മര്‍പ്പണം ചെയ്യാമിതിന്നു ഞങ്ങള്‍.

കല്‍പിക്കുകംബികേ, ചെയ്യേണ്ടതെന്തെന്നു
സസ്പൃഹം, ഞങ്ങളൊരുങ്ങി നില്‍പൂ!"

തെല്ലൊന്നു ചിന്തിച്ചിട്ടുല്ലാസ വായ്പാര്‍ന്നു
ചൊല്ലിനാള്‍ ദേവിയുമിപ്രകാരം:-

"നിങ്ങളിലൊരാള്‍ ചെന്ന സ്സദാഗരന്‍
തന്നാത്മജനായ് ജനിച്ചിടേണം.

'സാഹ' നെന്നുണ്ടൊരു വര്‍ത്തക, നത്യന്ത-
സ്നേഹിതനായവനപ്പുരിയില്‍.

ആ വിത്തനാഥന്റെ പുത്രിയായ് തീരുവാന്‍
പോവണം നിങ്ങളില്‍ മറ്റൊരുത്തി.

കാലമായീടുമ്പോള്‍ കൂട്ടിയിണക്കുവന്‍
ചേലില്‍ ഞാന്‍ നിങ്ങളിരുവരേയും!

എന്നിട്ടതിങ്കല്‍നിന്നുഗവിപത്തുക-
ളൊന്നിനൊന്നായവനേകിടാം ഞാന്‍

ഇണ്ടലിന്‍ കണ്ടകച്ചാര്‍ത്തിലജ്ജീവിതം
വിണ്ടുവിണ്ടങ്ങനെ ചോര വാര്‍ക്കും

അക്കാഴ്ചയങ്ങനെ നോക്കി നോക്കി സ്വയ-
മുള്‍ക്കുളിരാര്‍ന്നു ഞാനുല്ലസിക്കും

അമ്മട്ടിലാകുമ്പോളക്കൊറ്റും കശ്മലന്‍
ചെമ്മേവന്നെന്‍ കാല്‍പിടിച്ചുകൊള്ളും!

നിശ്ചയമാണതു, നിങ്ങളിന്നാകയാല്‍
സദ്രസം പോവിനെന്‍ തോഴിമാരേ!!"

മുന്നില്‍ക്കൈ കൂപ്പിസ്സമുല്ലസിച്ചീടുമാ-
ക്കന്യകാ യുഗ്മത്തിന്‍ മൌലികളില്‍

പുഷ്പങ്ങള്‍ വര്‍ഷിച്ചനുഗഹിച്ചങ്ങവര്‍-
ക്കുള്‍ പ്രീതിചേര്‍ത്തവള്‍ യാത്രയാക്കി!

   * * *
       3
പോയിക്കഴിഞ്ഞിരുപതു വര്‍ഷങ്ങള്‍
മായാസമുദ്രത്തിന്‍ ബുല്‍ബുദങ്ങള്‍

സന്താപലേശവുമേല്‍ക്കാതെ മേല്‍ക്കുമേല്‍
ചന്ദ്രസദാഗരനുല്ലസിപ്പൂ!

ഇന്നവനുണ്ടൊരു നന്ദനനത്യന്ത
സുന്ദരന്‍ ലക്ഷ്മീന്ദ്രനാമധേയന്‍.

വീരന്‍, വിപുല പ്രതാപവാ, നാഹവ-
ശൂരന്‍, സകലകലാനിപുണന്‍!

ഓമല്‍ തന്നയനനുയോജ്യയാമൊരു
കോമളാപാംഗിയെ നോക്കി നോക്കി

അന്നവ, നെങ്ങുമേ കാണാ, തവസാനം
വന്നിതു സാഹന്റെ മന്ദിരത്തില്‍!

അത്ഭുത, മെന്തുതാന്‍ കാണ്മതു മുന്നിലൊ-
രപ്സരകന്യകയല്ലയല്ലീ?

എന്തിതുര്‍വ്വശീ, നീ തനിച്ചീവിധ-
മെന്തിനീ മന്നിലേയ്ക്കാഗമിച്ചൂ?

ഹന്ത, നിന്‍ നന്ദനാരാമത്തെക്കൈവെടി-
ഞ്ഞെന്തിങ്ങു പോന്നതെന്‍ മേനകേ നീ?

കഷ്ടം തിലോത്തമേ, വിണ്ണിലശേഷവു-
മിഷ്ടമില്ലേ നിനക്കുല്ലസിക്കാന്‍?

വാനവര്‍ നായക നാടകശാലയില്‍
കാണികളില്ലാതായ് തീര്‍ന്നോ രംഭേ?

നിങ്ങളില്‍, നിങ്ങളിലാരാണീ മോഹിനി
നിഹ്നുത ജ്യോതിര്‍ നിചോളമേനി?

വിശ്വസിച്ചീടുവാനായീലവനു തന്‍
വിഹ്വലനേത്ര യുഗത്തെയൊട്ടും!

ആരാണാമോഹിനി?-സാഹന്റെ നന്ദിനി
പാരിലുള്ളേക സൌന്ദര്യറാണി!!

       4

തമ്മില്‍പറഞ്ഞു പരിണയനിശ്ചയം
ചെമ്മേ നടത്തിയ സ്നേഹിതന്മാര്‍!

കന്യാമണിയാം 'ബകുള'യെ വേള്‍ക്കുവാന്‍
ധന്യനാം ലക്ഷ്മീന്ദ്രന്‍ സമ്മതിച്ചു.

എല്ലാമൊരുങ്ങിക്കഴിഞ്ഞവാറീവിധം
ചൊല്ലിനാര്‍ത്തമ ജ്യൌതിഷികള്‍:-

"ശ്രീലപരിണയശേഷ, മാ രാത്രിയില്‍
കാളസര്‍പ്പത്തിന്റെ ദംശനത്താല്‍

മൃത്യുവശഗനായ് തീര്‍ന്നിടും ലക്ഷ്മീന്ദ്ര-
നെത്രമേലാരൊക്കെ നോക്കിയാലും"

ആകുലചിത്തനായ് തീര്‍ന്ന സദാഗരന്‍
ഹാ കഷ്ടമീവൃത്തം കേട്ടമൂലം!

ഓമല്‍പ്രണയിനി കാണിക്കും നിര്‍ബ്ബന്ധ-
സീമയെപ്പാടേകവച്ചു വെയ്ക്കാന്‍

ആകാതൊടുവില്‍ പരിണയസമ്മത-
മേകിനാനപ്പുമാനാത്തതാപം.

       5

കാരിരുമ്പിന്റെ കനത്തതകിടുക-
ളോരോന്നുമീതയ്ക്കു മീതെയായി,

ഒന്നിച്ചടുക്കി വിളക്കി വിടവല്‍പം
വന്നിടാതാലയ മൊന്നു തീര്‍ക്കാന്‍

ശില്‍പപ്രവര രിലഗിമനേകനെ-
ക്കല്‍പിച്ചുനിര്‍ത്തി സദാഗരനും

ഒറ്റത്തലമുടിനാരു കടക്കാനും
പറ്റാത്ത ദുര്‍ഗ്ഗമൊന്നാരചിക്കില്‍

എമ്മട്ടതിനകത്തെത്തിടും സര്‍പ്പങ്ങ-
ളെന്നു ചിന്തിച്ചവനാശ്വസിച്ചു.

എന്നല്ല ക്കോട്ടതന്‍ ചുറ്റും വരിവരി
നിന്നിതങ്ങൂരിയ വാളുമായി,

രാവുമ്പകലുമിടവിടാതങ്ങനെ
കാവലായായിരം കിങ്കരന്മാര്‍.

ചുറ്റുമുള്ളാരാമ വീഥിയിലൊട്ടുക്കു-
വിട്ടാരനേകം മയിലുകളെ!

പോരെങ്കിലാജന്മ സര്‍പ്പശത്രുക്കളാം
കീരികളേയുമഴിച്ചുവിട്ടു.

കിങ്കരന്മാര്‍ സദാ വെള്ളൂള്ളിച്ചാറെടു-
ത്തങ്കണത്തിങ്കല്‍ തളിച്ചുനീളേ!

സര്‍പ്പവിഷത്തെത്തടുത്തു നിര്‍ത്തീടുവാന്‍
കെല്‍പുള്ളൊരായിര മൌഷധങ്ങള്‍.

ആയസ ദുര്‍ഗ്ഗമതിങ്കലാ വര്‍ത്തക-
നാമയംകൂടാതെ സംഭരിച്ചു.

ഇവകയത്നങ്ങള്‍കണ്ടിട്ടു മാനസാ-
ദേവിയ്ക്കുചുണ്ടില്‍ ചിരിപൊടിച്ചു.

   മൂന്നാം ഭാഗം

       1

പലനാളായാശിച്ചൊടുവിലന്നാ-
പ്പരിണയരംഗവും വന്നുചേര്‍ന്നു.

കുതുകമ്പൊടിച്ച മനസ്സുമായി-
പ്പുതുമണവാളനണിഞ്ഞൊരുങ്ങി!

സഹചരന്മാരാം സുഹൃല്‍ജ്ജനങ്ങള്‍
സകലസൌഭാഗ്യവും നേര്‍ന്നുമേന്മേല്‍!

പ്രകൃതിയിലൊട്ടുക്കൊരുന്മദത്തിന്‍
പ്രകടനപ്രകാശം വഴിഞ്ഞുലാവി.

തനയന്റെ വൈവാഹികോത്സവത്തില്‍
ജനകന്റെ ചിത്തം നിറഞ്ഞൊഴുകി

തനയന്റെ കല്യാണകൌതുകത്തില്‍
ജനനിതന്‍ മാനസം നൃത്തമാടി!

പുളകാങ്കുരങ്ങള്‍ തന്‍ പൂര്‍ണ്ണിമയില്‍
പുതുമണവാട്ടിയണിഞ്ഞൊരുങ്ങി.

സരസകള്‍ സല്ലാപലോലുപകള്‍
സഖികള്‍, സൌഭാഗ്യങ്ങള്‍ നേര്‍ന്നുമേന്മേല്‍!

ഭുവനത്തിലൊട്ടുക്കൊരുത്സവത്തിന്‍
സവിലാസസ്മേരം തളിര്‍ത്തുമിന്നി

തനയതന്‍ വൈവാഹിക്കൊത്സവത്തില്‍
ജനകന്റെ ചിത്തം നിറഞ്ഞൊഴുകി.

തനയതന്‍ കല്യാണകൌതുകത്തില്‍
ജനനിതന്മാനസം നൃത്തമാടി.

സുരലോകംവിട്ടു പറന്നണയും
സുരഭിലസ്വപ്നങ്ങള്‍ മാറിമാറി

വരനും വധുവിനും ഭാവനയില്‍
വളര്‍മഴവില്ലുകള്‍ കോര്‍ത്തിണക്കി!

അവയെത്തഴുകിയ ചേതനക-
ളനുപമനിര്‍വൃതി സംഭരിക്കെ

അവരതാകല്യാണ മണ്ഡപത്തി-
ലപഹൃതചിത്തരായുല്ലസിപ്പൂ!

കവിയുടെ കല്‍പന വൈഭവത്തെ-
ക്കവനപ്രചോദന മെന്നപോലെ

കമനീയകാന്തികള്‍ ചേര്‍ന്നിണങ്ങി-
ക്കരപടം കോര്‍ത്തവരുല്ലസിപ്പൂ!

ഒരുമാത്ര മാത്രമാണെങ്കിലെന്ത-
പ്പരമമുഹൂര്‍ത്തത്തിന്‍ കാല്‍ച്ചുവട്ടില്‍

കവിതയില്‍ മുങ്ങിക്കുളിര്‍ത്തുപൊങ്ങി-
ക്കതിരിട്ടുനില്‍പതെന്താത്മഹര്‍ഷം!

       2

മധുരസങ്കല്‍പങ്ങള്‍ പൂത്തുനില്‍ക്കും
മധുവിധുരാത്രിയും വന്നുചേര്‍ന്നു.

മദനോപമാംഗന്‍ മനോജ്ഞശീലന്‍
മലരണിമെത്തയില്‍ വിശ്രമിപ്പു

അരികത്തു നാണം കുണുങ്ങിയോമ-
ലവനതമൌലിയായുല്ലസിപ്പൂ.

  * * *

ഒരുഞൊടിക്കുള്‍ലില്‍ സുഷുപ്തിമൂലം
തരുണനു കള്‍കളടഞ്ഞുപോയി

കുതുകമര്‍ന്നോരോന്നു സല്ലപിക്കാന്‍
മുതിരുമ്പോഴേ, യ്ക്കാമിഴിയിണയില്‍

അവിചാരിതമായരഞൊടികൊ-
ണ്ടെവിടുന്നോ സുഷുപ്തിപറന്നണഞ്ഞു.

   * * *

മുറിയില്‍, നടുവില്‍, നിലവിളക്കില്‍
നറുനെയ്യില്‍ കത്തുന്ന കൈത്തിരികള്‍

കതിര്‍പാകും മഞ്ചത്തില്‍, തന്നരികില്‍
കമിതാവുറങ്ങിക്കിടപ്പു മുന്നില്‍!

അകളങ്കസ്നേഹമാര്‍ന്നപ്പദങ്ങള്‍
ബകുളയ്ര്ടുത്തു മടിയില്വെച്ചു!

അവളതിലാനന്ദലോലുപയാ-
യരുണാധരങ്ങളാലുമ്മവെച്ചു.

തലയൊന്നുയര്‍ത്തവേ, തയ്യലാളിന്‍
തനുവല്ലി പാടേ വിറച്ചുപോയി!

ഒരു ഘോരസര്‍പ്പം, ചുമരിറങ്ങി,
വരികയാണയ്യോ ഫണം വിടുര്‍ത്തി

അവള്‍ പിടഞ്ഞേറ്റു, തന്‍ പ്രാണനാഥ-
നരുളുവാനായ് വെച്ചിരുന്ന പാലില്‍

കുറെയൊരു പൊല്‍താലത്തിങ്കല്‍ വീഴ്ത്തി
വിരവൊടസ്സര്‍പ്പത്തെ സ്സല്‍ക്കരിച്ചു.

നറുപാല്‍കുടിച്ചു ഫണിപ്രവരന്‍
മരുവുന്നൊരാനല്ല ലാക്കുനോക്കി,

ഒരുകുടുക്കുണ്ടാക്കി തങളത്തില്‍
ത്വരിതമിട്ടു വരിഞ്ഞുകെട്ടി.

ഇഴയുവാനേകാത്ത മാതിരിയി-
ലഴിയാതെ കട്ടിലിന്‍ കാലില്‍കെട്ടി!

ഒരുമാത്രനേരം കഴിഞ്ഞനേരം
പരവായി പിന്നെയും മറ്റൊരുത്തന്‍

അതിനേയുമാവിധം ബന്ധനം ചെ-
യ്തളവില്‍ മൂന്നാമനപരനെത്തി!

അവനേയും വിട്ടില്ലതയ്യലേവം-
മവനെയും ബന്ധിച്ചടക്കിനിര്‍ത്തി

അതുനേരം പെട്ടെന്നു നിദ്രവന്നി-
ട്ടവളുമാമഞ്ചത്തില്‍ വീണൂറങ്ങി!

സകലതും ഭദ്രം-പ്രശന്തം-അയ്യോ !
സതി, നിന്റെ ജീവിതം ശൂന്യമായ്

അതിഘോരനാമൊരു കാളസര്‍പ്പം
പ്രതിവിധിയില്ലിനി-ശ്ശാന്തം പാപം!

   നാലാം ഭാഗം
       1

പിറ്റേന്നുരാവിലാമന്ദിരത്തി,
ലൊട്ടുക്കു കേള്‍ക്കായ് നിലവിളികള്‍!

അപ്പത്തനത്തിനകത്തശേഷം
സര്‍പ്പം കടക്കുവാനില്ല മാര്‍ഗ്ഗം

അത്തയ്യലാളിന്‍ കഠോരമാകും
ക്ഷുദ്രപ്രയോഗത്തിലായിരിക്കാം

അത്യന്തദാരുണമാം വിധത്തില്‍
മൃത്യുവണഞ്ഞതാ മോഹനാംഗന്‍

ചുറ്റും നിറഞ്ഞബന്ധുക്കളേവം
കുറ്റപ്പെടുത്തി യാബാലികയെ.

വേഗമെണീറ്റവളായവരെ
നാഗത്രയത്തെ വിളിച്ചുകാട്ടി

അക്കാഴ്ച കാണ്‍കെ നടുക്കമാര്‍ന്നൊ-
രുള്‍ക്കമ്പിലെല്ലാര്‍ക്കും ബോധ്യമായി.

       2

സര്‍പ്പദംശത്താല്‍ മരിച്ചവരെ-
സ്സംസ്കരിക്കില്ലപ്പുരിയിലാരും

ചങ്ങാടമൊന്നില്‍ വെച്ചാഴിയിങ്ക-
ലെങ്ങാനൊഴുക്കുകയാണു ചട്ടം.

വല്ലകാലത്തും വിദഗ്ദ്ധനാകും
വല്ല ഭിഷഗ്വരന്‍ കണ്ടുമുട്ടാം

തന്മന്ത്രശക്തിയാലജ്ജഡത്തില്‍
പിന്നെയും ജീവന്‍ കിളിര്‍ത്തുപൊങ്ങാം.

ഇമ്മട്ടിലുള്ള വിശ്വാസമേക-
മന്നജ്ജനതയില്‍ കണ്ടിരുന്നു.

       3

ആഴിപ്പരപ്പിലൊഴുക്കുവാനാ-
യാമൃത വിഗഹമാനയിക്കെ

തത്സമീപത്തായ് ബകുളയും ചെ-
ന്നുത്സുകയായിട്ടിരിക്കയായി.

വിട്ടുമാറില്ല താന്‍ വല്ലഭനെ-
ത്തിട്ടമായിട്ടവള്‍ തീര്‍പ്പുചൊല്ലി!

താതമാതാക്കളും ബന്ധുക്കളും
ജാതതാപം കേണിരക്കുകിലും
ചങ്ങാടം കൈവിട്ടിറങ്ങുവാനാ-
മംഗളാപാംഗി മുതിര്‍ന്നതില്ല.

ഏവമലയാഴിതന്നകത്തേ-
യ്ക്കാവധൂരത്നമൊലിച്ചുപോയി!

തുംഗതരംഗങ്ങളാര്‍ത്തുപൊങ്ങി-
ച്ചങ്ങാടമമ്മാനമാട്ടിയാട്ടി

മുന്നോട്ടു മുന്നോട്ടുപോകവേ-ഹാ
കണ്ണീരില്‍മുങ്ങി കരയ്ക്കു നില്‍പോര്‍!

ചന്ദ്രസദാഗരന്‍ ഭ്രാന്തനെപ്പോല്‍
ക്രന്ദനം ചെയ്കയായ് ദീനദീനം

സാഹന്റെ മാനസം വെന്തുരുകി
ഗഹത്തിലൊട്ടുക്കിരുട്ടുമൂടി

       4

ദിനമോരോന്നേവം കടന്നുപോയി
കനകാംഗിമേന്മേലവശയായി!

പ്രിയതമ നിര്‍ജ്ജീവഗാത്രമെന്നാല്‍
സ്വയമഴുകീലൊരു ചെറ്റുപോലും

അതുലേശം ചീയ്യാതിരിക്കുവാനാ-
യലിവാര്‍ന്നു മാനസാദേവി നോക്കി.

അവളുടെ നിസ്തുലാനുഗഹത്താ-
ലതു മുന്നേപ്പോലെ തെളിഞ്ഞുമിന്നി

മിഴിയടയ്ക്കാതശ്ശവശരീരം
തഴുകിക്കൊണ്ടോമല്‍ കരഞ്ഞുവാഴും

പലപോതും കാണാമവള്‍ക്കുമുന്നില്‍
പലവിധസ്വപ്നങ്ങള്‍, ഭീതിദങ്ങള്‍

അതിനിടയ്ക്കാകാശ ദേവതക-
ളരികില്‍ പറന്നു വരുന്നതായും

അതുലപ്രോത്സാഹനം കൊണ്ടവളി-
ലതിരെഴാതാമോദം ചേര്‍പ്പതായും

പലപല പൊന്നിന്‍ കിനാവുകളും
പരിചോടവള്‍ക്കു ലഭിച്ചിരുന്നു.

കമനനു ജീവന്‍ തിരിച്ചുകിട്ടാന്‍
കരളഴിഞ്ഞര്‍ത്ഥിച്ചു കമ്രവേണി!!

ഒരു വത്സരം കഴിഞ്ഞന്നൊരിക്കല്‍
കരപറ്റിച്ചങ്ങാടം തങ്ങിനിന്നു.

അവിടെത്തരംഗിണിയൊന്നണഞ്ഞി-
ട്ടലയാഴിയോടൊത്തു ചേര്‍ന്നിരുന്നു.

പുഴവക്കില്‍ വസ്ത്രം നനച്ചുകൊണ്ടൊ-
രഴകേലുമംഗന നിന്നിരുന്നു.

അവള്‍തന്‍ മുഖത്തിങ്കല്‍ നിന്നു ചുറ്റു-
മനുപമരശ്മികള്‍ വാര്‍ന്നിരുന്നു.

അനവദ്യതേജസ്സില്‍ മുങ്ങിനില്‍ക്കു-
മവളൊരു ദേവതയായിരുന്നു.

അവളുടെ ചാരത്തു ബാലനേക-
നനുപമസുന്ദരന്‍ നിന്നിരുന്നു.
അവനാ നനച്ചിട്ട വസ്ത്രമെല്ലാ-
മടവിലെടുത്തു വലിച്ചെറിഞ്ഞു.

അതുകണ്ടു കോപിച്ചത്തന്വിവന്നി-
ട്ടവനെപ്പിടിച്ചു ഞെരിച്ചുകൊന്നു.

വെയിലേറ്റ താമരപ്പൂവുപോലെ-
വിളറി മരവിച്ചൊരജ്ജഡത്തെ
പുഴവക്കിലിട്ടിട്ടു തന്വിവീണ്ടും
പഴയപോല്‍ ജോലി തുടരുകയായ്.

       5

അരുണന്‍ മറഞ്ഞു, തന്‍ ജോലിയെല്ലാ-
മവസാനിച്ചപ്പോളക്കോമളാംഗി

പരിചില്‍ കുറച്ചു ജലമെടുത്താ-
ചെറുപൈതലിന്റെ മുഖത്തുവീഴ്ത്തി!

ഉടനവന്‍ ചിരിച്ചുകൊണ്ടേറ്റു വീണ്ടും.

ഇതുകണ്ടുവേഗം ബകുളചെന്ന-
സ്സുതനുവിന്‍ പാദത്തില്‍ വീണുകേണു

മൃതനായ നാഥനു ജീവനേകാ-
തതിദീനമര്‍ത്ഥിച്ചു പേര്‍ത്തും പേര്‍ത്തും

അവളാത്തമോദം ബകുളയേക്കൊ-
ണ്ടാമരലോകത്തേയ്ക്കു യാത്രയായി!

ഉന്നിദ്രമോദം ബകുളയവളൊത്തു
കിന്നരലോകത്തില്‍ ചെന്നുചേര്‍ന്നു.

ചിത്തസംതൃപ്തരായ് ദേവകളോമലിന്‍
നിസ്തുല നര്‍ത്തനനൈപുണിയില്‍.

മൃത്യുവശഗനാം നാഥന്റെ ജീവിതം
പ്രത്യുദ്ധരിക്കുമെന്നാശമൂലം

തുള്ളിത്തുളുമ്പിയവളുടെ മാനസം
വെള്ളാമ്പല്‍ വെണ്ണിലാവേറ്റപോലെ!

കാണായിപെട്ടെന്നക്കിന്നരസംഘത്തില്‍
കാലുഷ്യമാര്‍ന്നെഴും മാനസയെ

"സമ്മതിക്കില്ല ഞാന്‍ സമ്മതിക്കില്ല ഞാന്‍
സംശയിക്കേണ്ടിതില്‍ ദേവകളേ!

പാരാതെ ചന്ദ്രസ്ദാഗരന്‍ മന്നിലെ-
ന്നാരാധകനായിത്തീരുവോളം

ഇമ്മര്‍ത്യജീവിതം പ്രത്യുദ്ധരിക്കുവാന്‍
സമ്മതിക്കില്ല ഞാന്‍ ദേവകളേ!"

ഈവിധം മാനസാദേവിതന്‍ വാക്കുക-
ളാവിര്‍ഭവിച്ചപ്പോളാര്‍ത്തയായി

ഓതിബകുളയും ധീരസ്വരത്തിങ്ക-
ലേതും കുലുങ്ങിടാതിപ്രകാരം:-

"കൈയേറ്റിടുന്നു ഞാനക്കാര്യമംബികേ
ചെയ്യരുതൊന്നു മനര്‍ത്ഥമെന്നില്‍!

ചന്ദ്രസദാഗരന്‍ താവകസേവകന്‍
മന്ദിരത്തിങ്കല്‍ ഞാന്‍ ചെന്നുചേര്‍ന്നാല്‍!

എന്‍പ്രാണനാഥനു ജീവനേകീടുകെ-
ന്നംബികേ, നിന്‍പാദം കൂപ്പുന്നു ഞാന്‍!

താവക കാരുണ്യമില്ലാതെയെങ്ങിനെ
ജീവികളാം ഞങ്ങള്‍ വാഴും മന്നില്‍?

"എങ്കില, ച്ചെങ്ങാടത്തിങ്കല്‍ നീ ചെന്നാലും
നിന്‍ കാന്തന്‍ നിന്നെയും കാത്തിരിപ്പൂ!"

ആനന്ദലോലയാ യാമോഹനാംഗിയു-
മാനതമൌലിയായ് കൈകള്‍ കൂപ്പി!!

   * * *

ദമ്പതിമാരവര്‍ വീണ്ടുമണഞ്ഞപ്പോള്‍
സമ്പ്രീതരായിച്ചമഞ്ഞിതാരും!

സുന്ദരിയാകും ബകുളതന്നര്‍ത്ഥന
ചന്ദ്രസദാഗരന്‍ സ്വീകരിച്ചൂ!

മാനസാദേവിതന്‍ സേവകനായവ-
നാനന്ദമുള്‍ച്ചേര്‍ന്നുലാലസിച്ചൂ!

മാനവരത്നമവനേവം ചെയ്കയാല്‍
മാനസാദേവിയനുഗഹിച്ചു!

പൊയ്പ്പോയസമ്പത്തഖിലവും കൈവന്നു
കഷ്ടകാലങ്ങള്‍ പറന്നകന്നു.

ലക്ഷ്മീന്ദ്രനാത്മാധി നാഥയോടൊന്നിച്ചു
സ്വപ്നാനു ഭൂതികളാസ്വദിച്ചു!

അക്കാഴ്ചകണ്ടു കണ്ടാനന്ദദീപ്തിയൊ-
ന്നഷ്ടാശകളിലും സംക്രമിച്ചു!

"http://ml.wikisource.org/wiki/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%B8%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്