കലാകേളി - ആശ്വാസഗാനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പോയെങ്കില്‍ പോകട്ടേ പൊയ്പ്പോയ നാളുകള്‍
പോതും കരഞ്ഞതെന്‍ ചിത്തമേ നീ!
ഭാവി ഭയങ്കരമാണെങ്കി ലാവട്ടെ
ഭാവിച്ചിടായ്കതില്‍ ഭീരുത നീ!
സദ്രസം കോരിക്കുടിച്ചു മദിക്കുകീ
വര്‍ത്തമാനത്തിന്‍ മധുരമദ്യം!
എത്രശപിച്ചാലു, മെത്ര കരഞ്ഞാലു,-
മെത്ര പരിഭവം കാട്ടിയാലും,
എന്തിനു, നീയിനിയെന്തൊക്കെച്ചെയ്താലും
പിന്തിരിഞ്ഞെത്തില്ലാപ്പോയകാലം.
ഇത്ര നടുങ്ങുവാനെന്തുണ്ടു?-'നാളെ'യ-
തെത്തു 'മിന്നാ'യ്ത്തന്നെ നിന്റെ മുമ്പില്‍.
ഇന്നാണു നിന്‍ ജയ, മിന്നാണു നിന്‍ സുഖ-
മിന്നിനെത്തന്നെ നീയാശ്രയിക്കൂ!
എല്ലാമുറങ്ങും മറവിതന്‍ തൊട്ടിലി-
ലെല്ലാമൊരിക്കലധ:പതിക്കും.
ഒന്നുകിലോര്‍ക്കുകില്‍ ശാശ്വതം-സര്‍വ്വവു-
മൊന്നുപോല്‍ മായികം സ്വപ്നമാത്രം!
കേവലമജ്ഞാതശക്തിയൊന്നാളുമി-
ജ്ജീവിതം തന്നെയൊരിന്ദ്രജാലം.
കണ്ണുനീരായാലും പുഞ്ചിരിയായാലും
മണ്ണടിഞ്ഞീടണം രണ്ടുമൊപ്പം.
പിന്നെ, യവയിലൊരല്‍പം സുഖദമാം
മന്ദസ്മിതോത്സവമല്ലീ കാമ്യം?
ദീനവിലാപത്തേക്കാളും പ്രിയതരം
ഗാനതരംഗവിലാസമല്ലീ?
മന്ദഹസിക്കുക, പാടുക, നാമെന്നും
മണ്ണടിഞ്ഞാലും, കൃതാര്‍ത്ഥര്‍ നമ്മള്‍!

                               -1-3-1940