സാന്ത്വനമൂര്‍ത്തി
വിവിധസന്തപ്തസ്മരണകളാലെന്
ഹൃദയം നൊന്തു ഞാന്‍ കരയുമ്പോള്‍
അരികില്‍, സാന്ത്വനമരുളുവാന്‍ ഞാനൊ-
രലിവിനെക്കാണാതുഴറുമ്പോള്;
കൊടുനിരാശതന് ചുടുചിതയിലെന്
വ്രണിതമാം ജീവനെരിയുമ്പോള്;
അമരചൈതന്യം വിതറി, യെന്നടു-
ത്തണവതാരു നീയമലാംഗീ?
അമൃതവാഹിനീ പുളകദായിനീ,
അറികയില്ല ഞാന്‍ ഭവതിയെ.
സ്മരണയില്പ്പോലും നിഴലിപ്പീല നിന്
മുഖപരിചയം ശകലവും.
മനുജസങ്കല്പപരിധിക്കുമേറെ-
യകലെയുള്ളേതോ വനികയില്‍
അരിയകല്പകലതകളെപ്പുല്കി-
പ്പുളകമേകി നീയമരുമ്പോള്‍,
കനകതാരകാലിപികളില് ദിവ്യ-
കവനങ്ങള്‍ വാരി വിതറുന്നു.
കുതുകപൂര്വകം ഭവതിയെക്കാണും
സുദിനം കാത്തുകാത്തവനിയില്,
പലനാള്‍ പോക്കിനേന് പ്രഥമദര്‍ശന-
കുശലചിന്തയില് മുഴുകി ഞാന്‍.
ഭരിതമൌനമെന് വിഫലനൈരാശ്യ-
മെരിപൊരിക്കൊണ്ടു കഴിയവേ;
ഇരുളിലേക്കു ഞാന്‍ വഴുതിവീണെന്റെ
ഭുവനഭാഗ്യങ്ങള് മറയവേ;
ഭവതിയെക്കാണാനിനിയൊരിക്കലും
കഴികയില്ലെന്നു കരുതി ഞാന്‍.
പ്രകടനാതീത, സുഭഗമാകുമെന്
പ്രണയദീപത്തിന് കിരണങ്ങള്‍
തവ മുഖത്തൊരു മൃദുലരോമാഞ്ച-
മണിയിച്ചീടില് ഞാന്‍ ചരിതാര്‍ത്ഥന്‍.
അതിഥിസല്ക്കാരകുതുകി ഞാനൊരു
വിഭവവും കാണാതുഴലുന്നു
ശിഥിലമായൊ, രെന്‍ ഹൃദയവേണുവി-
നരുതു ഗാനങ്ങള്‍ ചൊരിയുവാന്‍
കപടലോകത്തിന് നടുവില്നിന്നിനി
യെവിടെയോടേണ്ടു നിഹതന്‍ ഞാന്‍? ...
പരമാര്ത്ഥസ്നേഹം ഭുവനത്തിലൊരു
കണികയെങ്കിലും ലഭിയാതെ,
വരളുമിജ്ജീവനിനിയുമെത്രനാ-
ളിതുവിധം തേങ്ങിപ്പിടയണം?
ഇവിടെയൊക്കെയുമിരുളുമാത്രമാ
ണമലകാന്തി പിന്നെവിടെയോ
മനുജസഞ്ചയപദതലാങ്കിത-
മലിനമീ മണ്ണിലിതുവിധം
ഒരുപൊടിപോലുമിനിയമരുവാ-
നരുതരുതെനിക്കവശന് ഞാന്‍.
കവനമോഹിനി, ഹതനിവനെ നീ
കലിതകൌതുകം തഴുകുന്നോ
ഒഴിയുകില്ലിനിയൊരുനാളും, നീയെന്‍
കരളിനേകുമിപ്പുളകങ്ങള്.
മുകരുകെന്നെ നീ, മുകരു, കെന്നഴ-
ലഖിലവും പറന്നകലട്ടേ!
-18-4-1934