ഓണപ്പൂക്കള്‍ - ഏകാന്തചിന്ത
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ങ്ങുന്നു, മായുന്നു, ജീവിതപ്പൂവിന്റെ
ഭംഗിയും കാന്തിയും-ദു:ഖിച്ചിടുന്നു ഞാന്‍!
സങ്കടം ലോകം, തണുത്തു നിര്‍ജ്ജീവമായ്-
സ്സങ്കല്‍പവും-ഹാ, ഗതിയെനിയ്ക്കെന്തിനി?ഏകാന്തതയി, ലിരുളിന്റെ വക്ഷസ്സി-
ലേവം തല ചായ്ച്ചിരുന്നു കേഴട്ടെ ഞാന്‍!

കത്തി നിലാത്തിരി, കൂരിരുട്ടില്‍ക്കുറെ-
സ്വപ്നങ്ങള്‍ പാറീ, തമസ്സായി പിന്നെയും.
നോവുന്നു മാനസ, മെന്തിനായല്ലെങ്കി-
ലാവിര്‍ഭവിച്ചതസ്വര്‍ണ്ണമരീചികള്‍?
ഹാ, ലോകദൃഷ്ടിയില്‍, ബ്ഭാഗ്യവാനു, ന്മേഷ-
ശീലന്‍, സ്ഥിരോത്സാഹി, സര്‍വ്വവുമാണു ഞാന്‍;
ഒട്ടും വിചാരിച്ചിരിക്കാതെ നാണയ-
ത്തുട്ടുകള്‍ തത്തിക്കളിപ്പിതെന്‍ കൈകളില്‍;
ആവശ്യമെന്തും യഥേച്ഛം നിറവേറ്റി-
ടാനെനിയ്ക്കില്ല വിഷമമൊരല്‍പവും;
എന്‍പടിവാതില്‍ക്ക, ലെന്‍പരിചര്യയ്ക്കു
കുമ്പിട്ടുനില്‍ക്കുന്നു ഭാഗ്യാനുഭൂതികള്‍;
എങ്കിലും, നൊന്തിടുന്നെന്തിനോ വേണ്ടിയി-
ന്നെന്‍കര, ളയ്യോ, പരിത്യക്തനാണു ഞാന്‍;
അല്‍പേതരോല്‍ക്കര്‍ഷശൃംഗത്തിലാണെത്തി-
നില്‍പതെന്നാലും പരാജിതനാണു ഞാന്‍!

ഇച്ഛിച്ചിടുമ്പോള്‍ മരിയ്ക്കാന്‍ കഴിഞ്ഞെങ്കി-
ലെത്രമധുരമായ്ത്തീര്‍ന്നേനെ ജീവിതം!
ഇല്ല പൊരുത്തം പ്രപഞ്ചവും ഞാനുമാ-
യല്ലെങ്കിലെന്തിനീയാത്മഹോമോദ്യമം?
മിഥ്യയാണെന്തും, യഥാര്‍ത്ഥമായുള്ളതാ
മൃത്യുമാത്രം-ഹാ, മരിയ്ക്കാന്‍ കൊതിപ്പൂ ഞാന്‍!
സ്വപ്നങ്ങള്‍പോലും ചലനമേകാത്തൊരാ
സ്വര്‍ഗ്ഗീയനിത്യസുഷുപ്തിയിലങ്ങനെ,
വിശ്രമിക്കട്ടേ, വിപത്തുകള്‍ മര്‍ദ്ദിച്ചു
വിഹ്വലമാക്കിച്ചമച്ചൊരെന്‍ ജീവിതം!
ഇല്ല വിലയിന്നാവഴിവക്കിലെ-
പ്പുല്ലോളമെങ്കിലും - ലോകമേ, പോട്ടെ ഞാന്‍!

ഹാ, വെറുക്കപ്പെടാന്‍മാത്രമാണീശ്വരന്‍
ഭൂവിലേയ്ക്കെന്നെ നിയോഗിച്ചതീവിധം.
ശത്രുവായ്ത്തീരുന്നു, ഞാനൊട്ടടുക്കുമ്പൊ-
ളുറ്റ ബന്ധുക്കള്‍ക്കുപോലു, മെന്തത്ഭുതം!
സ്നേഹിക്കുവാനില്ലൊരാളും, വിവിക്തമെന്‍-
ഗഹം-തമസ്സിലടിഞ്ഞു വീഴുന്നു ഞാന്‍!
നഷ്ടസൌഭാഗ്യസ്മൃതികളിലെങ്കിലു-
മൊട്ടിപ്പിടിയ്ക്കാനുമൊത്തിടുന്നില്ല മേ!

വേഗം യവനിക വീണു, വിശ്വത്തിലി-
ശ്ശോകാന്തനാടകം തീരാന്‍ കൊതിപ്പു ഞാന്‍! ...
                        7-9-1119