രംഗം അഞ്ച്
(വനത്തിന്റെ ഒരുഭാഗം. സമയം മദ്ധ്യാഹ്നം. മദനന് ചിന്താവിഷ്ടനായി
ഒരുകുന്നിന്റെ ചെരുവില്‍ കിടക്കുന്നു. ശോകാര്ദ്രമായഒരു വേണുഗാനം
കേട്ട് അവന് പിടഞ്ഞെഴുന്നേല്ക്കുന്നു. അവന്റെ മുന്നം പെട്ടെന്നു വിള
റുന്നു. ഗാനം അധികമായിവരുന്തോറും അതിലെ വികാരങ്ങള്ക്കനുസരി
ച്ച് പല ഭാവഭേദങ്ങളും മദനന്റെ മുന്നത്തു പ്രത്യക്ഷപ്പെടുന്നു.)
(അണിയറയില്‍)
- ഗാനം
ലോകാപവാദത്തിന് മുന്നില്‍,നില്ക്കും
മൂകാനുരാഗമേ, നിന്നില്‍
ഒട്ടിപ്പിടിച്ചെന്റെ ചിത്തം നിത്യം
പൊട്ടിക്കരയുന്നു, കഷ്ടം !
നീയൊരു ശാദ്വലമാണെ,ന്നോര്‍ത്തു
ഞാനയ്യോ! നിന്നെത്തിരഞ്ഞു
നേര്ക്കടുത്തെത്തിയനേരം-എന്തു
തീക്കനല്ക്കട്ടയോ നീയും?
എന്നെ നീയിട്ടു പൊരിക്കും, അയ്യോ!
നിന്നില്‍ ഞാന്‍ പൊള്ളി മരിക്കും!
കാലമതിന്നൊക്കെ മാറി, കരി-
ങ്കാര്കൊണ്ടല് വന്നിതാ, കേറി
വെണ്കളിവീശല് കഴിഞ്ഞു കണ്ട
തങ്കക്കിനാവൊക്കെ മാഞ്ഞൂ!
നീ,ലോകമേ,സത്യമാണോ?-നിന്റെ
നീതിയുമിമ്മട്ടിലാണോ?
നിന്നെ ഞാന്‍ വിശ്വസിച്ചല്ലോ,കഷ്ടം !
നിന്മനമെന്തൊരു കല്ലോ?
ആശകളെല്ലാം പൊലിഞ്ഞു,നീണ്ടൊ-
രാശങ്കയായിക്കഴിഞ്ഞു!
* * *
വെള്ളിനക്ഷത്രമേ, നിന്നെ, നോക്കി-
ത്തുള്ളിത്തുളുമ്പുകയെന്യേ,
മാമകചിത്തത്തിലന്നും, ഇല്ല
മാദകവ്യാമോഹമൊന്നും.
നിന്നനുരാഗാങ്കുരങ്ങള്,പൂത്ത
നന്ദനപ്പൂങ്കാവനങ്ങള്
ഒന്നൊഴിയാടെ ഞാന്‍ തേടി, നിന്നെ
വര്‍ണ്ണിച്ചു വര്‍ണ്ണിച്ചു പാടി!
വിശ്വപ്രകൃതിതന്‍ മുന്നില്‍, ഭദ്ര-
വിശ്വാസദീപത്തിന് മുന്നില്‍,
നക്ഷത്രപ്പന്തലിന് കീഴില്‍, നല്ലോ-
രക്ഷയ തേജസ്സിന് കീഴില്‍,
എന്ഗളത്തിങ്കല് നീ ചാര്‍ത്തീ, അന്നാ
മംഗളമല്ലികാമാല്യം.
നമ്മള് തുറന്നിതാ രാവില്‍, ചിത്ത-
മംഗളശ്രീമണിക്കോവില്!
അന്നാ മുഹൂര്‍ത്തത്തില്‍ നമ്മില്‍, നമ്മെ-
ളന്യോന്യം നമ്മളെക്കണ്ടു!
ത്യാഗാന്മുഖമായി നില്ക്കും രണ്ടു
രാഗാന്മദങ്ങളെക്കണ്ടു!
ശര്മ്മദശ്രീമയാകു,മേതോ
കര്മ്മബന്ധങ്ങളെക്കണ്ടു!
ജന്മാന്തരങ്ങളിലുള്ളോ,രേതോ
നര്‍മ്മസല്ലാപങ്ങള്‍ കണ്ടു!
നമ്മളതു കണ്ട നേരം, അന്നു
നമ്മളെത്തന്നെ മറന്നു.
അദ്ദിവ്യവിസ്മൃതിയെത്താന്,പിന്നീ-
ടെത്രമാത്രം ഞാന്‍ കൊതിച്ചു!
വന്നവഴിക്കതു പോയി, ഞാനും
കണ്ണീരും, ഹാ, ബാക്കിയായി!
അക്കൊച്ചുപൂമാലയോരോ,നവ-
സ്വര്‍ഗ്ഗകവാടം തുറക്കേ,
മുന്പുപിന്പെന്നു നോക്കാതെ, വേഗം
വെമ്പി ഞാനെങ്ങോ പറന്നു!
എന്മനതാരിനോടൊപ്പം, പിറ്റെ-
ന്നമ്മലര്മാലയും വാടി;
ഇന്നതോര്ക്കുമ്പൊഴേക്കും,അയ്യോ!
മന്മനം നീറുന്നു, ദേവീ!
എത്ര നിസ്സാരമാണോര്ത്താല്, കഷ്ടം !
മര്‍ത്ത്യന്റെ മായികജന്മം!
എന്തിന്മേല്പ്പറ്റിപ്പിടിക്കാം?-മന്നി-
ലെന്തിനെവിശ്വസിച്ചീടാം?
കണ്ണീര്ക്കണികകള് മാത്രം,തിങ്ങു-
മിന്നെന്റെ യാചനാപാത്രം
പോട്ടിക്കുവാനിതാ, ദേവി, നോക്കു,
തട്ടിപ്പറിക്കുന്നു ഭാവി.
ഏഴയാം ഞാനതിനേവം, ചെന്നു
കീഴടങ്ങാനാണു ഭാവം.
ഇത്തുച്ഛജീവിതസ്മേരം മായാ-
നത്രമേലില്ലിനി നേരം.
വിസ്തൃതഭാഗ്യത്തണലില്‍ എന്നെ
വിസ്മരിച്ചേക്കു നീ മേലില്‍.
എന്മൂകഗീതവും ഞാനും,പോട്ടെ!
നന്നായ് വരട്ടെ ജഗത്തേ!
എന്നെ നിനക്കിനി വേണ്ടാ, മേലി
ലെന്നെ നീയോര്മ്മിച്ചിടേണ്ട,
കൃത്യാന്തരങ്ങള്‍ക്കിടയില്‍, ഞാനാം
കൊച്ചുനീര്പ്പോളതന് കാര്യം,
അല്ലെങ്കില്ത്തന്നെയൊന്നോര്ക്കാന്,നിന-
ക്കില്ലല്ലോ തെല്ലും സമയം.
ഞാനൊരധഃകൃതനല്ലേ?-മമ
സ്ഥാനവും നിസ്സാരമല്ലേ?
ലോകമേ, യാത്രചൊല്ലുന്നേ,നെന്റെ
മൂകസംഗീതവും ഞാനും!
(മദനന്റെ മുന്നം നിശ്ശേഷം രക്തശൂന്യമായിരിക്കുന്നു. അസ്വസ്ഥതയോ ടെ അവന് ആ മരച്ചുവട്ടില്‍ പൊങ്ങിനിന്ന ഒരുവേരിന്മേല്, തല യ്ക്കു കൈയുംകൊടുത്തു ചിന്താമഗ്നനായി കുറച്ചുനേരം ചാരിയിരി ക്കുന്നു. അല്പം കഴിഞ്ഞ് ഒരു ദീര്‍ഘനിശ്വാസത്തോടെ നിവര്‍ന്നിരിക്കുന്നു.)
- മദനന്
(വ്യാകുലസ്വരത്തില്‍)
കാടിനകത്തിപ്പോളെങ്ങുനിന്നീ-
യോടക്കുഴല്വിളിയുദ്ഭവിപ്പൂ?
ഇത്രനാള്‍ കേട്ടപോലല്ലയല്ലോ
പുത്തനായുള്ളൊരിപ്രേമഗാനം.
ശങ്കിച്ചിരിക്കാതെവിടെനിന്നി-
സ്സങ്കടമിന്നിതില് വന്നുചെര്ന്നു?
സ്പഷ്ടമായിക്കാണുന്നു ഞാനിതിങ്കല്-
ദ്ദഗ്ദ്ധാനുരാഗത്തിന് ഗദ്ഗദങ്ങള്‍
എന്തിനുവേണ്ടിയുദിച്ചതാണി-
ച്ചിന്തിച്ചിരിക്കാഞ്ഞ മാറ്റമാവോ!
ദിവ്യസംഗീതമേ, സുന്ദരമേ,
നിര്‍വൃതിയാണു നീ വിസ്മയമേ!
പ്രേമവിശാലമേ, നിന്നില്മുങ്ങി-
ക്കോള്മയിര്ക്കൊള്ളട്ടെ ലോകമെന്നും!
നിന്മണിവേണുവില്നിന്നുതിരും
നിര്മ്മലരാഗസംഗീതസാരം
ആശ്വസിപ്പിക്കട്ടെ മന്നിലെന്നു-
മാത്മക്ഷതത്തിന്റെ വേദനയെ!
നീ മറഞ്ഞാലും തിരയടിക്കും,
നീലക്കുയിലേ നിന് ഗാനമെന്നും.
ഇങ്ങിതാ,മന്ദം വരികയാണ-
സ്സംഗീതസാമ്രാജ്യസാര്വ്വഭൌമന്.
ആ മുന്നമയ്യോ! വിളര്‍ത്തു കാണ്മ്മൂ-
കോമളമേ, നിനക്കെന്തുപറ്റി?
മേല്ക്കുമേല് നിന്നുള്ളിലിന്നൊരേതോ
തീക്കടലോളമടിക്കയല്ലേ?
നിര്മ്മലമാനസാ, നീ ചരിക്കും
സ്യന്ദനമേതു വിഷാദ മേഘം?
ഇസ്സങ്കടം കണ്ടു മാഴ്കയെന്യേ
നിസ്സാരജീവി ഞാനെന്തുചെയ്യാന്?
(രമണന് പ്രവേശിക്കുന്നു. വിളര്‍ത്തു ക്ഷീണിച്ച്, വ്യസന ച്ഛായ
പരന്ന മുഖം. മദനനെ കണ്ടമാത്രയില്‍ മുഖഭാവം മാറ്റുവാന്‍
കഴിയുന്നിടത്തോളം ശ്രമിക്കുന്നു. ഒരു നേരിയ പുഞ്ചിരി)
- മദനന്
(അതേ പുഞ്ചിരിയോടുകൂടി)
നട്ടുച്ചനേരത്തെരിവെയില-
ത്തൊറ്റയ്ക്കിതുവരെ യെങ്ങുപോയി?
- രമണന്
വെള്ളാരം കുന്നിന്റെ താഴ്വരയില്
വെള്ളിലക്കാട്ടില് ക്കിടന്നുറങ്ങി.
- മദനന്
അക്കൊച്ചുതേന്മാവിന്‍ മൂട്ടില്‍നിന്നി-
ശ്ശര്‍ക്കരമാമ്പഴം വീണുകിട്ടി;
ഞാനിതും സൂക്ഷിച്ചുവെച്ചു നിന്നെ-
ദ്ധ്യാനിച്ചിരിക്കുകയായിരുന്നു!
- രമണന്
നേരാണു കേട്ടോ പതിവിലുമി-
ന്നേറെനേരം ഞാനുറങ്ങിപ്പോയി!
- മദനന്
ഒട്ടുനാളായി നീ കാട്ടില്‍ വന്നാ-
ലോറ്റതിരിഞ്ഞു നടപ്പതെന്തേ?
- രമണന്
നാനാവിചിന്തകള്കൊണ്ടു പൊള്ളും
പ്രാണന്റെ നീണ്ട ഞെരക്കമെല്ലാം
ഏകാന്തതയിലലിഞ്ഞുചേര്ന്നാല്
ലോകമറിയാതിരിക്കുമല്ലോ!
- മദനന്
കഷ്ടം സഹോദര, നിന്ഹൃദന്തം
ചുട്ടുനീറ്റുന്നതേതഗ്നികുണ്ഡം?
തെല്ലുനാള്കൊണ്ടിക്കൊഴുത്ത ഗാത്രം
എല്ലും തൊലിയുമായ്ത്തീര്ന്നുവല്ലോ!
ആകസ്മികമായ് നിനക്കു നേരി-
ട്ടാകുലമെന്തെ,ന്നെന്നോടോതണേ നീ.
- രമണന്
അയ്യോ! മദന, മല്ച്ചുറ്റുപാടും
തീയാണു, തീയാണടുത്തുകൂടാ!
പൊള്ളുന്നു ജീവനെനിക്കു; ഞാനീ-
യല്ലലില്‍ നീറിദ്ദഹിച്ചു പോകും!
വിട്ടുമാറാത്തൊരിച്ചിന്തയെന്റെ
പട്ടടകൂട്ടുവാനായിരിക്കും.
നിര്ണ്ണയമിന്നീ നിരാശയയ്യോ!
നിര്മ്മിക്കയാണെന് ശവകുടീരം!
ഞാനുള്ളില്‍ വെറുങ്ങലിച്ചെന്-
ഗാനവും നിര്ത്തിക്കിടന്നിടട്ടെ!
പഴിലിജ്ജ്യേഷ്ഠനെയോര്ത്തുമേലില്
കേഴരുതല്പ്പവും, സോദരാ, നീ.
- മദനന്
എന്തയ്യോ! നീയിക്കഥിപ്പതെന്നോ-
ടെന്തൊരുവാക്കുകളാണിതെല്ലാം?
ഇത്തരംതീപ്പൊരിച്ചിന്തയെല്ലാ-
മ്മിക്ഷണം ദൂരെ ത്യജിക്കണം നീ.
നിന്മുന്നം കാണുമ്പോളെന്റെ ജീവന്
വിങ്ങിക്കരയുന്നു വേദനയാല്‍.
താവകജീവിതമിത്രപെട്ടെ-
ന്നീവിധം മൂടിയിരുണ്ടതെന്തേ?
- രമണന്
അയ്യോ! മദന, നീയെന്തറിഞ്ഞു?
വയ്യെനിക്കിന്നാക്കഥ പറയാന്‍.
അത്രമേലുള്ക്കടചിന്തകളാല്
ക്ഷുബ്ധമാണിപ്പൊഴെന്നന്തരംഗം.
ഇക്കാണും കോടക്കാറെന്നു മാറാന്‍?
ഇക്കാണും കൂരിരുട്ടെന്നു മായാന്‍?
എന്മുന്നിലെല്ലാം നിരാശമാത്രം
കണ്ണീരില്മുക്കും നിരാശമാത്രം!
മാമക ജീവിതഭാഗ്യതാര-
മായാമയൂന്നങ്ങളസ്തമിച്ചു.
ഇല്ലിനി, വീണ്ടും വരില്ലടുത്താ
വെള്ളിക്കതിരുകളൊന്നുപോലും!
പണ്ടൊക്കെ ഞാനാ പ്രണയതീര്‍ത്ഥം
കണ്ടിട്ടും കാണാത്തമട്ടൊഴിഞ്ഞു.
ഇന്നിതാ, ഞാനതില്‍ ഞാനറിയാ-
തെന്നേക്കുമായിട്ടടിഞ്ഞുപോയി!
പ്രാണരക്ഷാര്‍ത്ഥം തുടിച്ചു നീന്താന്‍
ഞാനിക്കയത്തില് ശ്രമിക്കുവോളം,
അത്രമേല്‍ കൈകാല്‍ കുഴഞ്ഞ,ഭയം
കിട്ടാതെ,മേന്മേല്ത്തളര്ന്നടിവൂ!
എന്നെയിതില്നിന്നെടുത്തുകേറ്റാന്
സമ്മതം മൂളുകയില്ലപോലും.
സന്തതമെന്നെയടിച്ചുതാഴ്ത്തും
സമ്പല്പ്രഭാവത്തിന് നിര്‍ദ്ദയത്വം.
വേണ്ട, ഞാനാശിപ്പതില്ലതൊന്നു;-
മാണ്ടുപോകട്ടെ ഞാനിക്കയത്തില്!
ജീവിതമിപ്രേമവല്ലരിയെ-
പ്പൂവണിയിക്കുകയില്ലയെങ്കില്
മൃത്യുവിലെങ്കിലും ഞാനതിന്റെ
പുഷ്പങ്ങള്കൊണ്ടൊരു മാലകെട്ടും!
- മദനന്
നിസ്സാരമായൊരു പെണ്ണുമൂലം
നിത്യനിരാശയില്‍ നിന്റെ കാലം
ഈവിധം പാഴാക്കുകെന്നതാണോ
ജീവിതധര്‍മ്മം?-ഒന്നോര്‍ത്തുനോക്കു.
(രമണന്റെ മുന്നം ചാരംപോലെ വിളറിപ്പോകുന്നു.
പെട്ടെന്നു വീണ്ടും അരുണവര്ണ്ണമായിത്തീരുന്നു.)
- രമണന്
യുക്തി വാദത്തിന്റെ സീമകള്‍ക്കും
ശുഷ്ക സമുദായനീതികള്ക്കും
അപ്പുറം നില്ക്കുന്നതാണുലകില്,
നിഷ്ഫലമെങ്കിലു,മെന്റെ രാഗം!
(അത്യന്തം വ്യസനസ്വരത്തില്)
നീയെന്നെയെന്തും പറഞ്ഞുകൊള്ളൂ!
നീതികൊണ്ടെന്നെയെറിഞ്ഞുകൊള്ളൂ!
എങ്കിലു...മക്കൊച്ചു..ബാ....ലി....ക....യെ
. . . . . . . . . . . . . . . . . . . . .
(ഗദ്ഗദത്താല്‍ തുടരാന്‍ സാധിക്കുന്നില്ല. കണ്ണില്‍ ജലം നിറയുന്നു.)
- മദനന്
(വിളറിയ മുഖത്തോടുകൂടി)
മാപ്പുചോദിപ്പു ഞാന്‍;-ഈയുതിരും
ബാഷ്പമെനിക്കു സഹിച്ചുകൂടാ!
മേലിലൊരിക്കലുമില്ല, ഞാനാ-
ബ്ബാലയെച്ചെറ്റും പഴിക്കയില്ല.
- രമണന്
അല്ലിലവളെന്റെ സാന്ത്വനത്തിന്
വെള്ളിനക്ഷത്രമാണോര്ക്കണം നീ.
- മദനന്
അത്താരകത്തെക്കുറിച്ചു പാടാന്‍
പൊട്ടിത്തകര്‍ന്ന മുരളിയാണോ?
- രമണന്
ആ വെള്ളിനക്ഷത്രമിന്നിനിമേലെന്
ജീവിതത്തിന്നോടടുക്കുകില്ല.
കഷ്ടം ! കൊതിയുണ്ടു പാടുവാനെന്‍
ചിത്തമുരളി തകര്‍ന്നുപോയി!
ഇക്കണ്ണുനീരും നിരാശയുമാ-
യോറ്റയ്ക്കുഞാനീ വനാന്തരത്തില്‍,
ഹാ! മരണത്തിന് സമാഗമം കാ-
ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം!
വിത്തപ്രതാപാനുഭൂതിയിങ്കല്
വിസ്മരിച്ചേക്കട്ടെ ലോകമെന്നെ!
ഞാനുമെന്ഗാനവും മണ്ണടിഞ്ഞാല്‍
മാനവലോകത്തിനെന്തുചേതം?
(പോകുന്നു)
(ഗായകസംഘം പ്രവേശിക്കുന്നു)
- ഒന്നാമത്തെഗായകന്
എനിയൊരിക്കലും ഇനിയൊരിക്കലും
പ്രണയദീപമേ തെളിയുകയില്ല നീ.
കഴിഞ്ഞു നിന്നുടെ കരള്‍ കവര്‍ന്നൊരാ-
ക്കവന സാന്ദ്രമാം കനകകാന്തികള്!
തകര്‍ന്നടിയുന്നു തവപീഠത്തിങ്കല്
തരളമാമൊരു തരുണമാനസം!
ഹതനിരാശതന്നിടിവെട്ടില് സ്വയം
ചിതറിപ്പോയൊരു ചകിതമാനസം
കപടലോകമേ, പഴിച്ചിടായ്ക നീ
കറയെഴാത്തൊരാക്കുരുന്നു ജീവനെ!-
അഴല്ക്കൊടുങ്കാറ്റില് ചെറുചിറകുകള്‍
കുഴഞ്ഞു വീണൊരാക്കുരുവിക്കുഞ്ഞിനെ!-
അനുപമാദര്ശദ്യുതിയിലിത്രനാ-
ളലിഞ്ഞിരുന്നൊരാലസല്ക്കിനാവിനെ!-
മലിനലോകത്തിന് തിമിരത്തില്‍ ദ്യുതി
മയങ്ങി മങ്ങുമാ മണിവിളക്കിനെ!-
- രണ്ടാമത്തെ ഗായകന്
കപടതകള് തിങ്ങിയ ദുഷ്ടലോകം
കരള്‍ കരളുമാറൊരദൃഷ്ടശോകം;
ഭുവനമിതിലെങ്ങും നികൃഷ്ടഭോഗം;
അവനണിവതെന്നാല് വിശിഷ്ടരാഗം!
വിഫലതയിലാ സ്വപ്നം തേഞ്ഞുമായാം;
വിധിവിഹിതമെന്താണെന്നാര്ക്കറിയാം?
പൊരിവെയിലില്പ്പെട്ടെന്നെരിഞ്ഞു വാടി
സുരസുഭഗപ്രേമത്തിന് പുഷ്പവാടി!
- മൂന്നാമത്തെ ഗായകന്
ഏകന്തകാമുക, നിന്റെമനോരഥം
ലോകാപവാദത്തിന് കേന്ദ്രമായി!
നിസ്തുല, നിന്നെ നീയായിട്ടു കാണുവാ-
നത്രയ്ക്കുയര്ന്നിട്ടില്ലന്യരാരും!
രാഗകമൂര്ത്തിയാം നീയുമീ നിഷ്കൃപ-
ലോകവും ചേരുകയില്ലതമ്മില്.
നേരിന്റെ നേരിയ വെള്ളിവെളിച്ചത്തില്‍
നീയിന്നൊരു ദേവനായിരിക്കാം;
എന്നാലതൊന്നുമറിയുകയില്ലാരു-
മിന്നതുകൊണ്ടു നീ പിന്മടങ്ങൂ!
നിത്യനിരാശയില്‍ നിന്നഭിലാഷങ്ങള്‍
പൊത്തിപ്പിടിച്ചു കിടന്നുറങ്ങൂ!
വറ്റാത്തൊരീയശ്രുഗംഗയില്പ്പെട്ടു നീ
ചുറ്റിക്കറങ്ങിയിട്ടെന്തുകാര്യം?
നശ്വരമാണിങ്ങു കാണുന്നതൊക്കെയും;
വിഭ്രമിക്കാതെ നീ യാശ്വസിക്കു.