തപ്തസ്മൃതി
അപഹൃതാമോദമാകിലെ, ന്തോര്മ്മയി-
ലലരുതിര്ക്കുന്നിതിന്നുമപ്പൂവനം.
ഭുവനഭാഗ്യങ്ങളസ്തമിച്ചെങ്കിലും
കവനസാന്ദ്രമാണിന്നുമെന്മാനസം.
കനകപത്രം വിടുര്‍ത്തി,യാമായിക-
ദിനശതങ്ങള് പറന്നുപോയെങ്കിലും.
അണയുമാറുണ്ടിടയ്ക്കിടയ്ക്കിപ്പൊഴു-
മകലെനിന്നുമൊരവ്യക്തകൂജനം!
അവികലാവേശകോല്ഫുല്ലകങ്ങളാം
നവവികാരങ്ങല് ഞെട്ടടര്ന്നീടിലും,
പരിസരത്തെപ്പരിരംഭണങ്ങളാല്
പരിചരിപ്പൂ പരിമളമിപ്പൊഴും!
നിഹതനല്ല മനുഷ്യന്-സ്മൃതികള്‍തന്‍
നിറമലര്ക്കാവധീനമായുള്ളവന്!
മറവി മായ്ക്കിലും, മായാതെ നില്പിതാ
മരതകോജ്ജ്വലമൈതാനമണ്ഡലം.
നഗരവാസി ഞാന്‍ കാണ്മിതെന്മുന്നിലാ
നഗവനങ്ങള് നിറഞ്ഞ നാട്ടിന് പുറം.
ഒഴുകിടുന്നിതെന്നാശപോല് കുന്നിനെ-
ത്തഴുകിടും കുളിര്നീരണിച്ചോലകള്!
കളകളങ്ങളുതിര്ന്നുതിര്ന്നുന്മദ-
പ്പുളകിതങ്ങളാം മാമരത്തോപ്പുകള്‍.
വിവിധചിത്രപതംഗകാശ്ലേഷിത-
വിവശകള്, പുഷ്പിതാലോലവല്ലികള്!
അനുപമോത്തമഗാമമേ, ഹന്ത, നി-
ന്നരികിലേക്കു കുതിക്കുന്നു മന്മനം!
അവിടെ, യപ്പുഴവക്കത്തു, പൂനിലാ-
വൊഴുകുമോരോ ശിശിരനിശകളില്
സിതമനോഹരച്ഛായയൊന്നിപ്പൊഴും
പതിവായ് വന്നലഞ്ഞീടുമാറില്ലയോ?
പരിസരങ്ങളില്സ്സപ്തപര്ണ്ണോദിത-
പരിമളമിളങ്കാറ്റില്ത്തുളുമ്പവേ,
അവിടമാകെ, യൊരേകാഗശാന്തിയാ-
ലവിഭജിതമൌനാങ്കിതമാകവേ.
തരുനിരകള്‍തന്‍ നീലനിഴലുകള്‍
തഴുകിടുമത്തടിനീതടങ്ങളില്,
അലതുളുമ്പുമാറില്ലയോ പാതിര-
യ്ക്കവിടെനിന്നുമൊരവ്യക്തഗദ്ഗദം!
അരനിമിഷമതോര്ക്കുമ്പൊഴിപ്പൊഴു-
മരുതെനിക്കെന്റെ കണ്ണുകളടക്കുവാന്!
കരുതീ ശൈശവത്തിങ്ക,ലെന് യൌവനം
കനകകാന്തികലര്ന്നതാണെന്നു ഞാന്‍.
അനുനിമേഷകം പ്രാര്‍ത്ഥിച്ചു ഞാനതിന്
പ്രണയദീപ്തമാം ദിവ്യാഗമോത്സവം.
അനുശയത്തിനധീനനായിന്നിതാ
മനമുരുകി ഞാന്‍ കേഴുന്നു നിഷ്ഫലം,
പുകളുമുന്നതവിദ്യയും വിത്തവും
പുണരുവാന്‍ നില്ക്കുമിപ്പുതുജീവിതം
മതിമതി,യെനിക്കാവശ്യമില്ലയീ
മണിമയോജ്ജ്വലമേടയും മോടിയും!
തിരികെയൊന്നിനിച്ചെന്നുചേര്ന്നെങ്കി,ലെന്
തിരികൊളുത്താത്ത പുല്ലുമാടത്തില്‍ ഞാന്‍!
അതിനകത്തിരുള് മാത്രമാണെങ്കിലെ-
ന്തവിടെയാണെന്റെ തങ്കക്കിനാവുകള്‍!
ഇവിടെ,യെന്ചുറ്റു,മീവിദ്യുതാഭയി-
ലിളകിടുന്നതോ രക്തരക്ഷസ്സുകള്‍!
കുസുമതല്പമു, ണ്ടില്ലിങ്ങുറക്ക;മ-
ക്കുടിലിനുള്ളിലെ വയ്ക്കോല്വിരിപ്പിലോ,
സുരഭിലസ്വപ്നസാന്ദ്രമാം സുന്ദര-
സുഖസുഷുപ്തിതന്‍ സായൂജ്യസംഗമം!
മതിയെനിക്കിനിപ്പോകട്ടെ വീണ്ടുമെന്‍
മഹിമതീണ്ടാത്ത മണ്കുടിലിങ്കല് ഞാന്‍!
കഴിവതെന്തിനി,പ്പൊട്ടില്ലൊരിക്കലും
കഴലിലേന്തുമിച്ചങ്ങലച്ചുറ്റുകള്.
അകലെ, നീലവിശാലഗഗനവും
അടവികളണിക്കുന്നു, മലകളും,
വെറുതെയോര്ത്തോര്ത്തു കാഞ്ചനക്കൂട്ടിലായ്
ചിറകടിക്കും പതത്രിപോലാണു ഞാന്‍!
കവിയുമുല്ലാസവായ്പി,ലെന് മുന്നില-
ക്കവിത കാണിച്ചകാല്യപ്രകാശമേ!
വരികയില്ലിനി നീയു,മെന്‍ ജീവനില്‍-
പ്പരിമളമ്പെയ്തകന്ന പൂക്കാലമേ!
നിയതമെന്നെപ്പിരിയാതെ നിന്നിതെന്‍
നിഴലുപോ,ലെന് കളിത്തോഴിയായി നീ!
ദിനശതങ്ങള്തന് കോവണിത്തട്ടുകള്
ജനിതഗര്വ്വം ചവുട്ടിക്കുതിച്ചു ഞാന്‍,
നവനവോല്ക്കര്ഷമണ്ഡലത്തിങ്കലേ-
ക്കവസരോചിതം നിഷ്ക്രമിച്ചീടവേ,
അടിയിലാലംബമറ്റുനിന്നന്നുനീ
കുടുകുടെപ്പെയ്ത കണ്ണീര്ക്കണികകള്,
ഒരു ഞൊടിയൊന്നു നോക്കുവാനെങ്കിലും
ഭരിതഗര്വ്വന്, തലതിരിച്ചില്ല ഞാന്‍.
ഇവിടെയിത്തുംഗസോപാനമേറി ഞാ-
നവശനായ് നിന്നു കീഴോട്ടു നോക്കവേ,
സകലവും ശൂന്യ,മില്ല നീ,-യെന്മനം
തകരുമാറെന്നെ വിട്ടെങ്ങൊളിച്ചു നീ?
അവിടെ നീ നിന്ന മണ്ണില്പ്പതിഞ്ഞൊര-
പ്പവിഴരേഖകള്, നിന് പാദ മുദ്രകള്‍,
ഇവിടെനിന്നു ഞാന്‍ കാണ്മു, നിന്നശ്രുവാ-
ലവിടമാകെക്കുതിര്ന്നുപോയെങ്കിലും!
പ്രണയപൂര്വ്വമവയെത്തഴുകുവാന്
വ്രണിതമെന്മനം വെമ്പിക്കുതിക്കയാം!
അനുശയത്തിനുമര്ത്ഥമി,ല്ലെന്മന-
സ്സനുവദിപ്പീലഹങ്കരിച്ചീടുവാന്!
മറവിമാത്രം, ജയിക്കുന്നു ഭൂമിയില്‍!
അതിനഗാധമാം ഗര്ത്തമുണ്ടൊ,ന്നതി-
ലടിയണമേതൊരദ്ഭുതസിദ്ധിയും.
പ്രതിവിധിയില്ലതിനു, നാമൊന്നുപോല്
പ്രതിനിമേഷം മറക്കപ്പെടുന്നവര്‍!
ഒടുവിലോളമെനിക്കുനിന്നോര്മ്മയി-
ലടയിരിക്കുവാനെങ്കിലുമൊക്കുകില്.
ഇനിയൊരിക്കലും നിന് ദുരന്തത്തെയോ-
ര്ത്തനുചിതാര്ത്തിക്കധീനനാവില്ല ഞാന്‍!
-മാര്‍ച്ച് 1942.