ഉദ്യാനലക്ഷ്മി - രാഗോപഹാരം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

രാഗോപഹാരം

മുഗ്ദ്ധഹേമന്തസന്ധ്യയില്‍ ഒരു മുത്തുമാലയും ചാര്‍ത്തി നീ

വന്നുനിന്നിതെന്‍ ജീവിത മണിമന്ദിരാങ്കണ വീഥിയില്‍.

കണ്ടുനിന്‍ കരിം കാര്‍കുഴല്‍ക്കെട്ടില്‍ രണ്ടുതാരക പൂക്കള്‍ ഞാന്‍

തത്വചിന്തകള്‍കൊണ്ട് കൂരിരുള്‍ മുറ്റിയോരെന്റെ മാനസം

മന്ദം മന്ദം തഴുകി നീ നിന്റെ മന്ദഹാസ നിലാവിനാല്‍

പാട്ടുപാടുന്ന രണ്ടു കൊച്ചല കൂട്ടി മുട്ടുന്ന മാതിരി

തമ്മിലൊന്നു പുണര്‍ന്നു നമ്മുടെ കണ്‍മുനകളും നമ്മളുംഅസ്സുഖോന്മാത വിസ്മൃതിയിലെന്‍ അക്ഷികള്‍ ഒന്നടയവേ,

അത്തരം നോക്കിയെന്റെ വേര്‍പെട്ടിതപ്രതീക്ഷിതമായി നീ

നിഷ്ഫലം നിന്‍ സമാഗമം സ്വപ്നം മാത്രമായ് തോന്നി

ഒറ്റെവാക്കെന്നോടോതിടാതെന്നെ വിട്ടുപോയി നീ എങ്കിലും

ഏതുമേ നിന്‍ വിയോഗ ചിന്തയാല്‍ വേദനിച്ചതില്ലെന്മനം

കണ്ടുഞാനെന്റെ കാല്‍ചുവട്ടിലാ രണ്ടു താരക പൂവുകള്‍


ഉണ്ടെനിക്കുനിന്നോര്‍മ്മക്കായ് ഇന്നീ രണ്ടു പൂവുകളെങ്കിലും

നിന്നുപഹാരമാമിവയെ ഞാന്‍ എന്നുമോമനിച്ചീടുവെന്‍

എന്മനസ്സിന്‍ നിഗൂഡതയില്‍ വെച്ചുമ്മവെച്ചീടുവെന്‍