സ്വരരാഗസുധ - രാക്കിളികള്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

രാക്കിളികള്‍
(ഒരു പുതിയ തുയിലുണര്‍ത്തു പാട്ട്)

യുവാവ് : അഴകലകള്‍ ചുരുളു വിരി-
ഞ്ഞൊഴുകിവരും കവനകലേ!
യുവതി : കവനകലേ, കലിതഫലേ,
കരുണരസ ജല വിമലേ!
യുവാവ് : ജല വിമലേ, ധൃതകമലേ
ജയ ജനിതധ്വനി തരളേ!
യുവതി : ധനിതരളേ, ജയ, ജയ, നീ
ഗുണസരളേ ജയ, ജയ, നീ!
യുവാവ് : തവ ഹരിത തൃണഭരിത-
തടനികടത്തണലുകളില്‍-
യുവതി : തണലുകളില്‍, തത്ത തത്തി
തളിരുലയും കുടിലുകളില്‍
യുവാവ് : കുടിലുകളില്‍, ചെടികളാടി-
ക്കുയിലുകൂകും കാടുകളില്‍
യുവതി : കാടുകളില്‍ പാടിനട-
ന്നാടുമേയ്ക്കാന്‍ വന്നു ഞങ്ങള്‍!
യുവാവ് : കാമുകനും കണ്‍മണിയു-
മാണു ഞങ്ങള്‍ കവി മാതേ
യുവതി : കവിമാതേ, കാമുകനെന്‍
കരളിനെഴും മിഴിയാണേ!
യുവാവ് : മിഴിയാണേ, കണ്മണിയാ-
മിഴി വിടരും കതിരാണേ!
യുവതി : കതിര്മിഴിയിലമൃതെഴുതാന്‍
കവിമാതേ, തുയിലുണരൂ!
യുവാവ് : കവിമാതേ, പുതിയലോകം
കണികാണാന്‍ തുയിലുണരൂ!
യുവതി : തുയിലുണരൂ, പഴയലോകം
തുലഞ്ഞുകാണാന്‍ തുയിലുണരൂ!
യുവാവ് : തുയ്ലുണരൂ, തൊഴില്‍ പൊഴിവൂ
തൂമൂലരവം, തുയിലുണരൂ!
യുവതി : തുയിലുണരൂ, ചെങ്കൊടി തന്‍
തൂമ കാണാന്‍ തുയിലുണരൂ!
യുവാവ് : കവിമാതേ, തുയിലുണരൂ,
കരള്‍ നിറയെച്ചിരി പകരൂ!
യുവതി : ചിരിപകരൂ, ചിന്തകളില്‍
ചിറകുവരാന്‍ തുയിലുണരൂ;
യുവാവ് : തുയിലുണരൂ ജന വിഭവ
തുലനഫല മധു നുകരൂ!
യുവതി : മധു നുകരൂ! മതിമഹിതേ,
തുയിലുണരൂ, കവിമാതേ!
യുവാവ് : അഴിമതികള്‍ക്കറുതിയണ-
ഞ്ഞരമനകളടിഞ്ഞു മണ്ണില്‍
യുവതി : അടിഞ്ഞ മണ്ണിലഭ്യുദയ-
മടിമുടി പൊന്നലരണിഞ്ഞൂ.
യുവാവ് : അലരണിഞ്ഞു ജീവിതങ്ങള്‍-
അഖിലമൊപ്പം കതിരുവന്നു.
യുവതി : കതിരുവന്ന കാഴ്ചകാണാന്‍
കവിമാതേ, തുയിലുണരൂ!
യുവാവ് : അവനിയിലിന്നപഗതമാ-
യവശതകള, ലസതകള്‍,
യുവതി : അലസതകളൊടിയൊഴിയാന്‍
അരിവാളിന്‍ തിരുനാമം!
യുവാവ് : തിരുനാമത്തിരിയുഴിയാം
തടലുടലില്‍ തിരിയെവരാന്‍!
യുവതി : തിരിയെവരും തിറമൊടുനീ
തുയിലുണരൂ കവിമാതേ!
യുവാവ് : വിപ്ലവവെയ്ലേറ്റിളകി
വിത്തമദം കക്കുകയായ്
യുവതി : കക്കുകയായ് കയ്പുരസം
കര്‍ക്കിടകക്കരിമാസം
യുവാവ് : കരിമാസം കരള്‍കവരും
കതിര്‍ മഴയില്‍ കളിയാടി,
യുവതി : കളിയാടാന്‍ കരിനുകമായ്
കവിമാതേ, തുയിലുണരൂ!
യുവാവ് : ചിന്നിയിളന്തളിരിളകും
ചിങ്ങമരച്ചില്ലകളില്‍
യുവതി : ചില്ലകളില്‍ ത്തിരുവോണ-
ച്ചെല്ലമണിക്കുയില്‍ കൂകി;
യുവാവ് : കുയില്‍ കൂകിക്കൊഞ്ചിവരും
കുലകന്യയ് ക്കകമഴിയാന്‍.
യുവതി : അകമഴിയും പൂജകാണാന്‍
തുയിലുണരൂ കവിമാതേ!
യുവാവ് : കര്‍മ്മശതമൊരുതട്ടില്‍
നന്മകളോ മറുതട്ടില്‍
യുവതി : ഇരുതട്ടുമൊരുപോലാ-
യൊരുമയുടെ നല്ല തുലാം-
യുവാവ് : നല്ലതുലാം മൃതനരക-
കല്യതയില്‍ കതിര്‍ ചാര്‍ത്തി,
യുവതി : കതിര്‍ ദീപം കണ്ടു തൊഴാന്‍
കവിമാതേ, തുയിലുണരൂ!
യുവാവ് : പുച്ഛമതിലമൃതൊഴുകി
വൃശ്ചികമാതെഴുനള്ളി
യുവതി : എഴുനള്ളി, ക്കനകവിള-
ക്കെഴുതിരിയിട്ടെരിയിക്കേ.
യുവാവ് : എരിയിക്കെക്കാര്‍ത്തികതന്‍
തിരുഹൃദയം തുടികൊട്ടി
യുവതി : തുടികൊട്ടി ത്തുയിരകലാന്‍
തുയിലുണരൂ, കവിമാതേ!
യുവാവ് : പനിനീരില്‍ മേല്‍കഴുകി
പ്പാല്‍നിലാപ്പൂന്തുകില്‍ ചാര്‍ത്തി-
യുവതി : തുകില്‍ ചാര്‍ത്തിദ്ധനുസഖിയാം
കനലൊളിയാമാര്‍ദ്രയുമായ്
യുവാവ് : ആര്‍ദ്രയുമാ യദ്രിജയെ-
കൂപ്പി മുദാ കളിയാടാന്‍,
യുവതി : കളികാണാന്‍ കലിതരസം
കവിമാതേ, തുയിലുണരൂ!
യുവാവ് : മകരശ്രീ മഞ്ഞലയാല്‍
മരനിരയെ മലരണിയെ-
യുവതി : അണിമലര്‍ച്ചെണ്ടലഞ്ഞുലഞ്ഞ-
ങ്ങാനന്ദപ്പാല്‍ക്കാവടികള്‍-
യുവാവ് : കാവടികളണിയണിയായ്-
ക്കരളുകളിലലതുള്ളി-
യുവതി : തുള്ളിവരും തുള്ളല്‍ കാണാന്‍
തുയിലുണരൂ, കവിമാതേ!
യുവാവ് : മിശിഹയുടെ തിരുഹൃദയ-
വിശൂദരുചി വിളയാടി-
യുവതി : വിളയാടിപ്പൊന്‍ കുരിശിന്‍-
വിമലതതന്‍ മണികുംഭം-
യുവാവ് : മണികുംഭജ്ഞാന ജലം
മനമിയലും കറ കളയാന്‍
യുവതി : കറകളയാന്‍, കനിവുയരാന്‍
കവിമാതേ, തുയിലുണരൂ!
യുവാവ് : സഹകരണസരസി മുദാ
വിഹരിക്കും ശുഭമീനം-
യുവതി : ശുഭമീനം-പ്രോദ്ഗതിത-
ന്നഭിമാനം-വളരാനും-
യുവാവ് : വളരാനും വഞ്ചനതന്‍
വലകളില്‍ നിന്നകലാനും
യുവതി : അകലാത്തോരകവെളിവില്‍
തുയിലുണരൂ, കവിമാതേ!
യുവാവ് : മേടപ്പൂങ്കൊന്നയുല-
ഞ്ഞാടും പൊന്‍കിങ്ങിണികള്‍-
യുവതി : കിങ്ങിണികള്‍ സുലഭതതന്‍
തൊങ്ങലുക,ളൊളിവിതറി-
യുവാവ് : വിതറി നവവിഭവശതം
വിഷൂവ ശ്രീയണയുമ്പോള്‍
യുവതി : അണയുമ്പോള്‍, കവിമാതേ,
കണികാണാന്‍ തുയിലുണരൂ!
യുവാവ് : വൃഷഭയുതന്‍, വിഷരഹിതന്‍
കൃഷകന്‍ തന്‍ ജീവജലം-
യുവതി : ജീവജലം പെയ്തണയും
ജീമൂതം തഴകെട്ടി-
യുവാവ് : തഴകെട്ടി, മഴകിട്ടി-
ത്തരുനിരയില്‍ ത്തളിര്‍പൊട്ടി
യുവതി : പൊട്ടിപ്പോയ് കവിമാതേ,
പട്ടിണി-നീ തുയിലുണരൂ!
യുവാവ് : പോളപൊളിഞ്ഞിതളഴിയും
പൊന്‍കൈതപ്പൂങ്കുലപോല്‍
യുവതി : പൂങ്കുലപോല്‍, തേന്‍ കനിയും
മാങ്കനിപോല്‍, മിഥുനമനം-
യുവാവ് : മിഥുനമനം വിടരാനും
മധുരമധു പകരാനും-
യുവതി : പകരുമുഷസ്സുഷമയില്‍ നീ
തുയിലുണരൂ, കവിമാതേ!
യുവാവ് : മുനികള്‍ക്കും മുനിയായി
മണിരത്നഖനിയായി-
യുവതി : ഖനിയായി, ദ്ധനതത്വ
പ്രണവത്തിന്നുയിരേകി
യുവാവ് : ഉയിരേകി, ത്തൊഴിലുകളി-
ലുണര്‍വരുളി കാറള്മാര്‍ക്സ്!
യുവതി : മാര്‍ക്സിനെ നീ കവിമാതേ,
മാനിക്കാന്‍ തുയിലുണരൂ!
യുവാവ് : അലസതയറ്റവശതയ-
റ്റഴിമതിയറ്റാനന്ദം-
യുവതി : ആനന്ദപ്പുലരി പൊടി-
ച്ചണയുകയായ് നവലോകം!
യുവാവ് : നവലോകം കണികാണാന്‍
നയനങ്ങളൊളിനുകരാന്‍,
യുവതി : നുകരുക നീ സുകൃതമിനി-
ത്തുയലുണരൂ, കവിമാതേ!
യുവാവ് : കനലൊളിയും കതിരുകളും
കനകപ്പൂ മാരികളും
യുവതി : മാരിമണിവില്ലുവിരി-
ഞ്ഞൂറിവരും മഞ്ജിമയും-
യുവാവ് : മഞ്ജിമയും കൂട്ടട്ടേ,
മന്നഖിലം പാടട്ടേ!....
യുവതി : പാടുന്നേന്‍, തുയിലുണരൂ,
പരിപൂതേ, കവിമാതേ! 20-10-1946


ഞാനും വന്നു ജഗത്തി, ലെന്തിനെവിടു-
ന്നെങ്ങോട്ടു?-കഷ്ടം വൃഥാ
ഞാനും വന്നു ജഗത്തിലെന്നു വരുമോ
മജ്ജീവിതം ശൂന്യമോ?
ഗാനാലാപനലോലമാം ഹൃദയമേ,
നീ നല്ലപോല്‍ നോക്കൂ, നീ
കാണും കാഴ്ച യഥാര്‍ത്ഥമോ, കപടമോ,
വിഭ്രാന്തിയോ മായയോ?å7-12-1946

ഒരു മഹാമരമണ്ടന്‍ ചവറുകള്‍ ചിക്കുമ്പോള്‍
കരഗതമാകുന്നു നിധികലശം;
ഒരു മഹാകവി, യെന്നാ,ലുമിനീരിനുകൂടിയു-
മൊരുവഴിയും കാണാതെ വിറങ്ങലിപ്പൂ!. . . 20-2-1946