മൂന്നാം ഭാഗം
രംഗം ഒന്ന്
(വനം. രമണനും മദനനും പാറപ്പുറത്തിരിക്കുന്നു. സമയം മദ്ധ്യാഹ്നം.
രമണന്റെ മുഖം നിശ്ശേഷം വിളറി വിഷാദകലുഷിതമായി കാണപ്പെടുന്നു.)
- രമണന്
മദന, ഞാനെന്തു പറയട്ടെ! മമ
ഹൃദയം നീറുന്നു, പുകയുന്നു!
സഹിയാനാകാത്ത കദനഭാരവും
സഹതാപമറ്റ ജനതയും-
ഇവിടെയെന്തിനീ വിഫലജീവിത-
മിനിയും പേറി ഞാനലയണം?
- മദനന്
(രമണന്റെ പുറത്തു തലോടിക്കൊണ്ട്)
കരയുന്നോ, കഷ്ടം !രമണ, നീയൊരു
കറയറ്റവെറും ശിശുപോലെ?
വിവരമുള്ള നീ വെറുതെ യീവിധം
വിലപിച്ചീടുവതുചിതമോ?
സുഖവും ദുഃഖവുമിടകലര്ന്നൊരീ
മഹിയില്‍ നാം വെറും നിഴലുകള്‍!
അനുസരിക്കണമിവിടെ നാം വിധി-
യരുളുമാജ്ഞകളഖിലവും
അനുഭവിക്കണം വരുവതൊക്കെയു-
മശരണന്മാര്‍ നാമിവിടത്തില്‍.
അതിനു കീഴ്പെടാന്‍ കടമപ്പെട്ടോര്‍ നാ-
മഴലാതാശ്വസിച്ചമരണം.
വരുവതൊക്കെയും ശുഭമാണെന്നോര്ത്തു
മരുവുകെന്നോമല് സഹജ;നീ.
ഒരുദിവസമീയിരുളെല്ലാം നീങ്ങും;
വരുമുദയത്തിന് നിഴലാട്ടം;
അതുവരുവോളം വഴിപോലാശ്വസി-
ച്ചയി സഹജ, നീ യമരണേ!
- രമണന്
ഇരുളെല്ലാം നീങ്ങും. ഇരുളെല്ലാം നീങ്ങും
വരുമുദയമെന്മരണത്തില്!
ശവകുടീരത്തിന് ഹൃദയത്തിലാണെന്-
ഭുവനശാന്തിതന് കിരണങ്ങള്‍,
അതുവരെയ്ക്കുമിശ്ശിഥിലമാനസ-
മെരിപൊരിക്കൊള്ളുമെരിതീയില്!
- മദനന്
അശുഭചിന്തകളിവകളെയൊന്നോ-
ടകലെവിട്ടു നീ പിരിയണേ!
ശുഭസമാപ്തിതന് ദൃഢവിശ്വാസത്തി-
ലഭയം തേടി നീ കനിയണേ!
അരുതെനിക്കു, നിന്ഹൃദയമീവിധ-
മെരിയും കാഴ്ച കണ്ടമരുവാന്!
- രമണന്
മറവില്‍ വെച്ചിട്ടില്ലൊരു രഹസ്യവും,
മദന, ഞാന്‍ നിന്നോടിതുവരെ,
അവനിയില്‍ മമ പ്രണയനാടക-
മവസാനിക്കുവാന് സമയമായ്!
അവളതിന്നന്ത്യയവനികയിടാ-
നവസരം നോക്കി മരുവുന്നു.
അവളെക്കാണുവാന്‍ തരമായീടാത്ത
കവനശൂന്യമാം ദിവസങ്ങള്‍
കഴിയുന്നുണ്ടോരോന്നൊരുവിധ,മോരോ
കരിതേച്ച രാവും പകലുമായ്!
അവസാനമൊരു നിണമണിയലി-
ലവസാനിക്കുമീയഭിനയം!
പതിവായെന്നോടക്കുഴല്വിളി കേട്ടാല്‍
പടിവാതില്ക്കലേക്കതിവേഗം
കരള്മിടിച്ചോടിയണയാറുള്ളൊര-
പ്പരമനിര്വ്വാണകവിതയെ
കണികാണാന്‍പോലും തരമാകാതെത്ര
ദിനരാത്രങ്ങളായ്ക്കഴിയുന്നു!
അവളെക്കാണാന്‍ ഞാനതുവഴി പോകു-
മനുദിനം പലേ തവണയും;
കിളിവാതിലിന്റെ മറവിലും, പക്ഷേ,
കിളരില്ലാ,മുന്നവിധുബിംബം.
വ്യതിയാനമിതു പമദുസ്സഹ;-
മിതിനു ഞാനെന്തു പിഴചെയ്തോ!
അവളെക്കാണാതൊരരവിനാഴിക-
യരുതെനിക്കിനിക്കഴിയുവാന്!
ഇനിയും ഞാനുമീ വിരഹവും തമ്മി-
ലിതുവിധം കൂടിക്കഴിയുകില്,
അവശേഷിക്കുകില്ലിനിയധികനാ-
ളവശജീവിതമിതു നൂനം!
മമ സൌഭാഗ്യത്തിന് രജതതാരകം
മറവായ്-എന്ചുറ്റുമിരുളായി!
ഇതിലെന് പട്ടടയുയരും;ജീവിത-
മിവിടെ ജീര്‍ണ്ണിച്ചു വിലയിക്കും!
കഥയിമ്മട്ടായാലിവനെയോര്ത്തന്നു
കരയരുതെന്‍ പൊന്നനുജാ, നീ.
- മദനന്
ഒരു ലേശമെന്നില്ക്കനിവുണ്ടെന്നാകില്-
പ്പറയരുതേവം,രമണ,നീ.
വിലയേറും നിന്റെമഹിതജീവിത-
വിജനവാടിയിലൊരുകാലം
അണയുമാനന്ദഭരിതശാന്തിത-
ന്നനുപമോജ്ജ്വലമധുമാസം;
വിരവിലന്നോമല്പ്പരിമളം വീശി
വികസിക്കും ചിന്താമലരുകള്‍!
അതുനോക്കിക്കരള് കുളിരുമ്പോളന്നീ-
യനുജനുമൊരു ചിരിതൂകും-
അതുവരേക്കുമെന് ഹൃദയവും നിത്യ-
മമിതവേദനം വിലപിക്കും!