ആയിരമായിരം കൊല്ലങ്ങള്ക്കപ്പുറ-
ത്തായിരുന്നില്ലേ നിന് സ്വപ്നനൃത്തം!
ഇന്നുമീ മന്നിന് മനസ്സില്‍ പുളകങ്ങള്‍
ചിന്നി നീ മേന്മേല് സമുല്ലസിപ്പൂ!
എന്തെല്ലാ, മെന്തെല്ലാം മാറ്റങ്ങള്ക്കിന്നോളം
സിന്ധുവും ഗംഗയും സാക്ഷിനിന്നു?
എന്തെല്ലാം കാഴ്ചകള്‍ നേരിട്ടു കണ്ടില്ലീ
വിന്ധ്യനും തുംഗഹിമാലയവും?
അന്നന്നു കണ്ടവ കണ്ടതുപോലവ-
രന്നുതന്നെ മറന്നിരുന്നു.
വിസ്മയമാണോര്ത്താ, ലൊത്തിട്ടില്ലെന്നാലും
വിസ്മൃതിക്കിന്നോളം നിന്നെ മായ്ക്കാന്‍!
നേര്‍ത്ത നിന് മൂടുപടവുമിട്ടങ്ങനെ
പേര്‍ത്തും നീ ചെയ്വു നിന് ദേവനൃത്തം.
ഇന്നും പ്രപഞ്ചം ചെവിക്കൊള്കയാണിതാ
നിന്നോമല്പ്പൊന്കാല്ച്ചിലമ്പൊലികള്!
കാണുന്നു മുന്നില്‍, നീ മേളിച്ചിരുന്നൊര-
ച്ചേണഞ്ചും വൃന്ദാവനത്തെ ഞങ്ങള്‍!
അപ്രാപ്തരാണയേ വിസ്മരിക്കാന്‍ ഞ്ങ്ങ-
ളപ്പൂത്തുനില്ക്കും നികുഞ്ജകങ്ങള്.
മഞ്ഞില്‍ കുളിച്ചു കുളിരെഴും ഹേമന്ത-
മഞ്ജുളചന്ദ്രികയുല്ലസിക്കെ;
അത്തളിര്വല്ലിക്കുടിലുകള്തോറുമ-
ന്നെത്ര മോഹങ്ങള്‍ പറന്നു പാടി!
അക്കൂജനങ്ങളില് തിങ്ങിത്തുളുമ്പി, യൊ-
രുല്ക്കടപ്രേമത്തിന് യാതനകള്‍!
ആയവയ്ക്കന്നെല്ലാമാശ്വാസമേകിയ
മായികയല്ലയോ മാദകേ, നീ?
പ്രേമാലസാര്ദ്രയായ രാധ മരുവിയ
കോമളനീലശിലാതലവും;
ചുറ്റു, മടിമുടി മൊട്ടിട്ടു മൊട്ടിട്ടു
മുറ്റും കുറുമൊഴിമുല്ലകളും;
ചാരിയാല്ക്കോള്മയിര്ക്കൊള്ളാമെന്നാശിച്ചു
ചാരത്തു നില്ക്കുമപ്പൊന്കടമ്പും;
ആ നല്ല രാത്രിയെ വര്‍ണ്ണിച്ചുവര്‍ണ്ണിച്ചു
ഗാനം പൊഴിക്കുന്ന രാക്കുയിലും;
ആനന്ദസ്വപ്നാങ്കുരങ്ങള്പോല് മിന്നുന്നൊ-
രായിരമായിരം താരകളും;
ആലോലവീചികള് പുല്‍കുമാ യാമുനാ-
കൂലവുമെങ്ങനെ വിസ്മരിക്കും?
അന്നത്തെ നാടകം വര്‍ണ്ണിച്ചു പാടിക്കൊ-
ണ്ടിന്നും ലസിപ്പൂ നീയപ്സരസ്സേ!
എത്രശതാബ്ദങ്ങള് വന്നിനിപ്പോകിലും
മര്ത്ത്യസംസ്കാരത്തിന് വിസ്തൃതിയില്‍
നിത്യതാരുണ്യമിയന്നന്നും നിന് ദേവ-
നൃത്തം തുടര്‍ന്നീടും മോഹനേ, നീ!
കണ്ണന്റെ വേണുവിന് കമ്രസന്താനമേ,
പുണ്യസംഗീതമേ, വെല്കയേ നീ!