ബാഷ്പധാര
കണ്മണി നിന്നെയെന്‍ കൈയിലെടുത്തു ഞാ-
നുമ്മവെച്ചുമ്മവെച്ചുല്ലസിക്കേ,
ആയിരംജന്മങ്ങള്ക്കൊണ്ടെനിക്കുണ്ടാകു-
മാനന്ദനിര്വൃതിയെന്നു നേടി.
അമ്മതന്നാത്മാവും കോള്‍ മയിര്ക്കൊള്ളുമാ-
റന്നു നീ തൂകിയ മന്ദഹാസം.
എന്നെന്നും സൂക്ഷിക്കുന്നുണ്ടഖിലേശ്വരന്
പൊന്നുഷസ്സന്ധ്യതന്‍ പൂങ്കവിളില്‍.
ആലോഭനീയമാമാരമ്യവസ്തു, വൊ-
രാനന്ദം തന്നെയാണെന്നെന്നേക്കും!
കറ്റക്കിടാവിന്നൊരമ്മയായ്ത്തീര്ന്നു ഞാന്‍
മുറ്റത്തു മുക്കുറ്റി പൂത്തനാളില്‍,
മാകന്ദശാഖികളൊക്കെയും കൈവിട്ടു
കോകിലപാളികള് പോയകാലം
എന്നങ്കതല്പമിതെന്നേക്കും കൈവെടി-
ഞ്ഞെങ്ങോ നീയോമനേ, പോയൊളിച്ചു!
കേണു ഞാന്‍ വാഴ്കയാണിന്നെന്റെ കണ്മുന്നില്
കാണുന്നതെല്ലാം ചലനചിത്രം.
നശ്വരമാകുമീ ലോകത്തിലെങ്ങനെ
ശശ്വത്പ്രണയം പ്രതിഷ്ഠ നേടും ?
മാരിവില്‍ മാറിങ്കല്നിന്നു മാഞ്ഞീടിന
ശാരദാകാശം വിഷാദമൂകം!
വാരലര് വാടിക്കൊഴിഞ്ഞ വയോധിക-
വാസന്തിവല്ലികള് വിഹ്വലകള്‍ !
നഷ്ടാത്മജമാരാം ഞങ്ങളെക്കാണുമ്പോള്‍
'കഷ്ട' മെന്നാരും പറഞ്ഞുപോകും.
ശൂന്യമായ്ത്തീര്ന്നോരെന്നുത്സംഗം കാണുമ്പോള്‍
മാനസമാര്ക്കും ദ്രവിച്ചുപോകും.
അത്രയ്ക്കനഘമാം രത്നമാണെന്നതി-
ലുത്തമകാന്തി പൂണ്ടുല്ലസിച്ചൂ !
മായാബ്ധിയില് പൊങ്ങും കൊച്ചുനീര്പ്പോളകള്
മായാത്ത ചിത്തങ്ങളായ് ഭ്രമിച്ചേന്
വിദ്യുല്ലതികയെ മാറോടുചേര്ക്കുവാ-
നുദ്യമിച്ചീടുമെന്നുള്പ്പുളപ്പേ !
ഹന്ത നീയിന്നോളം വായുവില്‍ നിര്‍മിച്ച
മണ്തരിക്കോട്ട തകര്‍ന്നടിഞ്ഞു !
ഹീരദീപാങ്കുരം നഷ്ടമായ് ഞാനൊരു
ഘോരാന്ധകാരപ്പരപ്പിലായി.
എണ്ണിയാല്‍ തീരാത്തോരെന്നഴല് നിന്നോടു
വിണ്ണില്‍ ഞാന്‍ വന്നെങ്കിലന്നു ചൊല്ലാം !