(കാകളി)
"ഗംഗയില്‍നിന്നും ഘടവുമായെത്തുമാ-
മംഗലശാലിനിയെങ്ങു മറഞ്ഞുപോയ്?
അക്കാല്ച്ചിലമ്പൊലിയൊന്നിനിക്കേള്ക്കുവാന്
മല്ക്കര്ണ്ണയുഗ്മം കൊതിക്കേണ്ട വ്യര്‍ത്ഥമായ്!
ഏണാക്ഷി,യൊന്നുകിലേതോ പുമാന്തന്റെ
പ്രാണാധിനായികയായ് തീര്‍ന്നിരിക്കണം.
അല്ലെങ്കിലപ്രീതിയെന്നില് ജനിക്കയാ-
ലല്ലണിവേണിയാളെന്നെ ത്യജിച്ചിടാം!
മിന്നല്ക്കൊടിയവള് തെന്നലേറ്റുല്ലസി-
ച്ചെന്നെയും വീക്ഷിച്ചിരിക്കുമാ വേളകള്‍-
സൌവ്വര്ണ്ണകാലങ്ങള്-വീണ്ടും കൊതിച്ചു ഞാന്‍
വൈവശ്യമേല്ക്കുവതെന്തിനാണീവിധം?
ഇങ്ങിനിവീണ്ടും വരാത്തതുപോലെ, യാ-
മംഗളവേളകള്‍ യാത്രപറഞ്ഞുപോയ്!
രാജമരാളികേ നിന്നോടു ചേരുവാന്‍
നീചനാം കാക, നിവനര്ഹനാകുമോ?
അറ്റം ചുരുണ്ടിരുണ്ടുള്ള വാര്കുന്തള-
ക്കറ്റയില്‍ മല്ലിമലര്മാല ചൂടിയും,
തുംഗസ്തനയുഗം തുള്ളിത്തുളുമ്പുമാ-
മംഗലമണ്ഡപമാകിന മാര്‍ത്തടം,
ഹാരാവലിയാലലംകരിച്ചും, നീല
നീരാളസാരിയാല് പൊന്നുടല് മൂടിയും,
മഞ്ജുളമാകിന കാല്ത്തളിര്വായ്പിനാല്
മഞ്ജീരശിഞ്ജിതം മന്ദമായ് വീശിയും,
വാമഭാഗത്തിലുടല് തെല്ലു ചാഞ്ഞു, തന്
തൂമലക്കയ്യാല് ജലഘടം താങ്ങിയും,
അപ്പഴപ്പോള്‍ പിന്തിരിഞ്ഞെന്റെ മേനിയി-
ലുല്പലബാണം തൊടുത്തുകൊണ്ടും, ശുഭേ!
ഗംഗയില്‍നിന്നു നീ പോകുമപ്പോക്കെ,ന്റെ-
യംഗനാമൌലേ മറന്നുപോയീടുമോ?
എത്ര തുടിച്ചതില്ലെന് മനമിത്രനാ-
ളത്ര നിന് സാമീപ്യമാശിച്ചു വ്യര്‍ത്ഥമായ്
ധന്യനാം നായകസന്നിധി പൂകവേ
അന്യവിചിന്ത നിനക്കുദിച്ചീടുമോ?
ദൈന്യമെഴുന്നൊരെന് ദു:സ്ഥിതിയോര്ക്കുവാന്
ധന്യനല്ലല്ലോയിവന് ഹതഭാഗ്യവാന്!
ഈവിധമെന്നുമേ നിന്നെ നിനച്ചിനി-
ബ്ഭൂവിന്വിരിമാറിലശ്രു തൂകീടുവന്."
ഈവിധം ചിന്താസരിത്തില് വീണുള്ളോരെന്
ഭാവിപ്രസൂനവും വാടിക്കരിഞ്ഞുപോയ്!
അങ്കണദേശത്തിലെത്തിക്കിടപ്പതു
തങ്കക്കസവണിപ്പട്ടുലേസല്ലയോ?
ആരോമലാളേ, ഭവതിയിതുവഴി
നീരണിച്ചെപ്പുകുടവുമേന്തി ദ്രുതം
അന്നന്തിയില് പോയവേളയില്‍ പോയതാ-
ണിന്നിറപ്പൂമ്പട്ടു കൈലേസു നിര്‍ണ്ണയം!
ഈ നിധി ഞാനെന്റെയായുസ്സുപോംവരേ-
യ്ക്കാനന്ദമാര്ന്നിനിസ്സൂക്ഷിച്ചുവെച്ചിടാം! ...
എന്തിതിനുള്ളില് കുറിപ്പൊന്നു കാണ്മതു-
ണ്ടെന്തിതിന് ഹേതു?- ഹാ! നിന് കാമലേഖനം!
വായിക്ക...മല്‍പ്രിയേ! മാലിനീ! ശാലിനീ!
ഭൂയിഷ്ഠശോഭിനീ നീ പാഞ്ഞൊളിച്ചിതോ!
അയ്യോ ചതിച്ചു നീയെന്നെ, യെന്നോമനേ!
നീയ്യിദം സാഹസംചെയ്തുകഴിഞ്ഞുവോ?
ഗംഗതന്‍ മാര്‍ത്തടം തന്നില്‍ കുതിച്ചു നീ-
യെങ്ങനെ ചാടുന്നു, നീ കുരുന്നല്ലയോ?
അന്യനൊരുവനാല് നിന് ഭാവിജീവിതം
ധന്യമാക്കീടാനുറച്ചിതോ മാതുലന്?
എങ്കിലെ,ന്തീവിധം നീ മരിക്കുന്നതാം
സങ്കടമെന്നിലിയറ്റുന്ന കാരണം!
"മുങ്ങിമരിക്കുമ്പൊഴൊറ്റവിനാഴിക
പൊങ്ങിക്കിടക്കുവാന്‍ യോഗമുണ്ടാവുകില്,
അപ്പൂവനത്തിലെപ്പൂക്കള് കണ്ടെങ്കിലു-
മുള്പ്പൂകുളിര്ത്തു ഞാന്‍ നിര്‍വൃതിനേടുവാന്‍!"
എന്നു നീ ചൊല്വതാണെന് ചിത്തപല്ലവി
ചിന്നിപ്പിളര്ക്കും നിശാതബാണം ശുഭേ!
എന്മലര്ക്കാവിലെപ്പുഷ്പങ്ങള്കൂടിയും
നിന്മനം സ്പര്‍ശിക്കുമാറു തോന്നീടുവാന്‍
ഇത്രമേല്‍ പ്രേമം ഭവതിക്കിവനോടു
ചിത്തത്തിലുണ്ടെന്നറിവായതില്ല മേ!
വിണ്മണിമേടതന് വെണ്മാടമൊന്നിലായ്
കണ്മണി!യെന്നെ നീ കാത്തുനില്ക്കുന്നുവോ?
വന്നിടുന്നുണ്ടു ഞാന്‍ ധന്യേ, ഭവതിതന്‍
പിന്നാലെതന്നെ പരമസന്തുഷ്ടനായ്!
മാലിന്യമേലാത്തതാണു നിന് മാനസം
മാലിനീ! മാലിനിയുണ്ടാകില്ല തേ!
സ്നേഹപരവശേ, നില്ക്ക, വരുന്നു നിന്
മോഹനമാം മലര്വാടിയിലേക്കു ഞാന്‍.
ഒറ്റവാക്കെങ്കിലും നിന്നോടു ചൊല്ലുവാന്‍
കറ്റക്കുഴലി, കഴിവായതില്ല മേ!
നമ്മുടെചിത്തേംഗിതങ്ങള് സര്‍വ്വസ്വവും
നമ്മളില്‍ത്തന്നെ ലയിക്കട്ടേയീവിധം!
മാഹാത്മ്യശാലിനീ, മന്ദാകിനീ, നിന്റെ
മോഹനമാകിന കല്ലോലപാളിയില്‍,
മല്പ്രാണനാഥതന് മാലിന്യമേലാത്തൊ-
രപ്രാണവാതം കിടപ്പതുണ്ടാകണം!
ആ നിധി മേവും, വഴിതെളിച്ചീടുക
ഞാനും വരുന്നൂ, ക്ഷമിക്കണേ കാല്ക്ഷണം!
നിന്മാര്ത്തടത്തില് കുതിച്ചു ചാടീടിന
പെണ്മണിതന് പ്രിയപിന്ഗാമിയാണു ഞാന്‍
ഭോഗമേ! നീ വിഷംകക്കുന്ന പന്നഗം
ത്യാഗമേ! നീ സുന്ദരസുമതല്ലജം!
മായാപ്രപഞ്ചമേ, നിന് ബന്ധപാശമൊ-
ന്നായറുത്തീടുന്നതില് ക്ഷമിക്കേണമേ!
ഒന്നു നിന് പന്തം തെളിക്ക ജലദമേ,
മന്നിന്മുഖമൊന്നുകൂടി നോക്കട്ടെ ഞാന്‍!
സ്നേഹപരവശേ, മല്‍പ്രിയ, നില്ക്ക, നിന്
മോഹനോദ്യാനത്തിലേക്കു വരുന്നു ഞാന്‍!