നീറുന്ന തീച്ചൂള - പൊരുതും ഞാന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വിശ്വദേവതേ, നിന്റെ സാത്വിക സൌന്ദര്യത്തില്‍
വിഭ്രമം വിട്ടെന്നാത്മാവാദ്യമന്നലിഞ്ഞപ്പോള്‍
ശൈശവം രോമഞ്ചത്തില്‍ച്ചിരിച്ചൂ, ചിരിപ്പിച്ചൂ
വൈശാഖമാസത്തിലെപ്പൊന്നുഷസ്സിനെപ്പോലെ!
ജീവിതം മുറ്റത്തെയാത്തുളസിത്തൈയിന്നൊപ്പം
ഭാവശുദ്ധിയില്‍ക്കൂമ്പിട്ടങ്ങനെ വിരാജിക്കേ;
ഇളവെയിലുപോലെന്റെ ഹൃദയം തനിത്തങ്ക-
ത്തെളിയായാത്തോല്ലാസം ദേവനര്‍ത്തനം ചെയ്കേ;
എന്നിലേക്കൊഴുകി നിന്‍ ചൈതന്യമോരോ കൊച്ചു
മിന്നല്‍പ്പൊന്നലകളായാത്മവിസ്മൃതനായ് ഞാന്‍ !
അകലെക്കുണുങ്ങുമാപ്പച്ചില മരച്ചാര്‍ത്തി-
ലകളങ്കോദ്യല്‍ സ്നേഹദീപ്തനേത്രങ്ങളായി,
'വരേണ്ടെന്നാല്‍ വരാം ഞങ്ങ'ളെന്നെന്നോടോതും
വനദേവതകളെക്കണ്ടു ഞാന്‍ - ദിവ്യസ്വപ്നം!
എന്തിനു വളര്‍ന്നു ഞാന്‍?-വിശ്വമേ, പരിചരി-
ച്ചെന്തിനു വളര്‍ത്തി നീയെന്നെ? -യെന്‍ കണ്ണീരിനോ?
മൃദുവാം വെളിച്ചമാണന്നു കണ്ണുകള്‍ കണ്ട-
തതിനും കനം വെച്ചു-കരയാന്‍ കഴിഞ്ഞെങ്കില്‍ !
ഉല്‍ക്കര്‍ഷം മാംസത്തിന്റെ മാത്രമാണെങ്കില്‍,ച്ചെറ്റും
ദുഃഖമില്ലെനിക്കു, ഞാന്‍ ചിരിക്കാമിനി,പ്പക്ഷേ,
ചിരിച്ചാല്‍ ചിന്താശൂന്യന്‍, ചിന്തിച്ചാല്‍ ഭ്രാന്തന്‍ തേങ്ങി-
ക്കരഞ്ഞാല്‍ സ്വൈരം കൊല്ലി; പടവെട്ടിയാല്‍ ധൃഷ്ടന്‍!-
വല്ലതും കുറ്റം കാണുമെപ്പൊഴും ലോകം-ലോകം
നല്ലതോ?-പിന്മാറില്ല പൊരുതും, പൊരുതും ഞാന്‍!
21-7-45