തളിത്തൊത്തുകള്‍ - ആശീര്‍വാദം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

  ആശീര്‍വാദം

വെണ്ണിലാവു വന്നുമ്മവയ്ക്കുമ്പോല്‍
കണ്ണുചിമ്മുന്ന പൂവുപോല്‍
അപ്രതിമോന്മദാര്‍ദ്രമാകു, മൊ-
രപ്സരസ്സിന്റെ പാട്ടുപോല്‍
ആകര്‍ഷിക്കുന്നു ഞങ്ങളെപ്പേര്‍ത്തും
ഹാ, ഗുരോ, ഭവജ്ജീവിതം
മോഹനാദര്‍ശവീണയിലതിന്‍
സ്നേഹഗാനം തുളുമ്പവേ,
നിത്യവുമതില്‍ മുങ്ങിയില്ലെത്ര
ഭക്തശിഷ്യശിരസ്സുകള്‍!

സാന്തമാം ഭവല്‍സ്വാന്തദീപ്തിതന്‍
കാന്തമാന്ത്രികശക്തിയാല്‍
ഇന്നലെക്കണ്ട കക്കകള്‍പോലു-
മിന്നു മാണിക്യക്കല്ലുകള്‍!-
നാളത്തെ നാടിന്‍ നന്മയ്ക്കു താങ്ങാം
നായകനെടുന്തൂണുകള്‍!
താവകോല്‍ക്കൃഷ്ട ശിക്ഷണത്തിന്റെ
ഭാവനാതീതപാടവം,
ആനയിച്ചിട്ടുണ്ടഭ്യുദയത്തി-
ലായിരം പിഞ്ചുജീവിതം.
ഇല്ലതൊന്നും മറക്കുവാനാവു-
കില്ല ഞങ്ങള്‍ക്കൊരിക്കലും!

ജീവശാന്തത പൂവണിയിച്ച
താവകോത്തമസിദ്ധികള്‍,
മിന്നിമിന്നിത്തെളിഞ്ഞിടും മേന്മേ-
ലെന്നും ഞങ്ങള്‍തന്നോര്‍മ്മയില്‍.
കൃത്യബാദ്ധ്യതവിട്ടു, വിശ്രമ-
പുഷ്പശീതളച്ഛായയില്‍
മേലിലങ്ങയെത്താലോലിക്കാവൂ
മേദുരഭാഗ്യവീചികള്‍.
ശാന്തിതന്നോമല്‍ത്തങ്കത്താലങ്ങ-
ളേന്തിയേന്തി വന്നങ്ങനെ
മംഗളങ്ങളണിനിരന്നിട-
ട്ടങ്ങുതന്‍ നടപ്പാതയില്‍.
നിത്യമങ്ങയെസ്സല്‍ക്കരിക്കട്ടെ
നിസ്തുലാത്മാനുഭൂതികള്‍.

                         -1-3-1937