രക്‌തപുഷ്പങ്ങള്‍ - കവിയുടെ പൂമാല
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മനീയ ചിന്തകള്‍ കോര്‍ത്തിണക്കി-
ക്കവിയൊരു കണ്‍കക്കും മാലകെട്ടി.
അനുമാത്രമെമ്പാടുമായതില്‍ നി-
ന്നനുഭവസൌരഭം വാര്‍ന്നൊഴുകി.
മൃദുലവികാരതരംഗകങ്ങ-
ളതിനു നിറപ്പകിട്ടേറെയേകി.

പരിചിലാമാലയും കൈയിലേന്തി
ത്തെരുവിലവന്‍ ചെന്നലഞ്ഞു ചുറ്റി.
ധനദന്മാര്‍തന്‍ പടിവാതില്‍തോറും
കനിവിന്‍ കണികയ്ക്കവനുഴറി.
അപഹാസവീക്ഷണം മാത്രമല്ലാ-
തവനെന്നാല്‍ സിദ്ധിച്ചില്ലാരില്‍ നിന്നും
ഉദരത്തില്‍ തീയെരിഞ്ഞാ മിഴിക-
ളുദിതാശ്രുധാരയില്‍ മഗ്നമായി,
ഒരുവശം കാഞ്ചനനാണ്യജാല-
ത്തിരകളില്‍ത്തത്തുന്ന മദ്യകുംഭം,
മതിവിട്ടു മാറോടു ചേര്‍ത്തണച്ചു
മദഭരനൃത്തങ്ങള്‍ ചെയ്വു ലോകം!
ഒരുവശത്തൌന്നത്യം വേഷഭൂഷാ-
കിരണങ്ങള്‍ പാകിത്തളിര്‍ത്തു നില്‍ക്കെ;
അവതന്‍ തണലില്‍ മയങ്ങി മേന്മേ-
ലനുപമസ്വപ്നങ്ങള്‍ കാണ്‍മു ലോകം!
ഒരുവശത്തുല്‍ക്കടവിത്തഗര്‍വ്വം
തുരുതുരെപ്പീരങ്കിയുണ്ട പെയ്കെ,
ഉയരുമസ്സാമ്രാജ്യ തൃഷ്ണയാകു-
മുദധിയില്‍ക്കപ്പലോടിപ്പു ലോകം!

കലിതനൈരാശ്യ, മക്കൊച്ചുവാടാ-
മലര്‍മാല്യം കയ്യില്‍വഹിച്ചു, കഷ്ടം,
പൊരിയും വയറുമായ്ക്കാവ്യകാരന്‍
തെരുവിലെരിവെയ്ലില്‍ സഞ്ചരിപ്പൂ!
ഒരുവനുമില്ലതിന്‍ മാറ്ററിയാ-
നൊരുവനുമില്ല വിലയ്ക്കു വാങ്ങാന്‍!
തെരുവിലന്നന്തിയില്‍ത്തൊണ്ടവറ്റി-
സ്സിരകള്‍ തളര്‍ന്നവന്‍ വീണോടുങ്ങി!

സമകള്‍ പലതും പറന്നുപോയി;
സമരാങ്കണങ്ങളും ശാന്തമായി;
പലപല കുന്നുകള്‍ വീണടിഞ്ഞു;
പലചെളിക്കുണ്ടും നികന്നകന്നു;
സമുദിതോത്കര്‍ഷങ്ങള്‍ പൂത്തുപൂത്തു
സമതലം മുന്നില്‍ തെളിഞ്ഞു മിന്നി.

തുരുതുരെപ്പൂവുതിര്‍ത്തുല്ലസിയ്ക്കും
മരതകക്കാടിന്‍ നടുവിലായി
അവികലശാന്തിതന്‍ പേടകംപോ-
ലവിടെയക്കാണ്‍മതേതസ്ഥിമാടം?
പരിണതവിശ്വാഭിനന്ദനങ്ങള്‍
പനിനീര്‍ തളിക്കുമപ്പുണ്യഭൂവില്‍,
സുകൃതൈകപാത്രമായത്യുദാരം
സുഖസുപ്തികൊള്ളുന്നതേതു ചിത്തം?
ഒരു നൂറ്റാണ്ടപ്പുറം, തീവെയിലി-
ലുരുകിത്തളര്‍ന്നൊരബ്ഭിക്ഷുഹസ്തം!
പരിതപ്തചിന്തകള്‍ കോര്‍ത്തിണക്കി-
പ്പരിചില്‍ നിര്‍മ്മിച്ചൊരപ്പുഷ്പമാല്യം,
അണുപോലും വാടാതപ്പുണ്യഭൂവി-
ലഴകില്‍ക്കുളിച്ചിന്നുമുല്ലസിപ്പൂ!
ജനചയാരാധനാസേവനങ്ങ-
ളനിശമതിന്‍ മുന്നില്‍ സ്സംഭവിപ്പൂ!
                               -3-5-1941