ബാഷ്പാഞ്ജലി - പാരവശ്യം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പാരവശ്യം
മധുരചിന്തകളിളകും സങ്കല്‍പ-
മധുവിധുകാലരജനികള്‍,
ഹൃദയനാളത്തെത്തഴുകി, മന്ദമെന്‍-
വിജനശയ്യയിലണയവെ;
ഉദിതതാരകളിരുളിലെമ്പാടു-
മമൃതധോരണിചൊരിയവേ;
ഇനിയും പൂങ്കുയില്‍ മുഴുവനാക്കാത്ത
പ്രണയഗാനത്തിന്‍ശകലങ്ങള്‍
പലതു, മയ്യയേ്യാ, ശിഥിലമായൊരീ
മുരളിയില്‍വന്നു നിറയുന്നു.
ഫലമെന്തെന്നാലു,മൊരുരാഗം പോലും
പൊഴിയുവാനതിനരുതല്ലോ.
കഴിയണമോരോ ദിനവുമെണ്ണി ഞാ-
നിതുവിധം ഘോരകദനത്തില്‍!
åå *åå *åå *
å പുലരിപ്പൊന്നിളവെയിലുലകിനെ-
പ്പുളകപ്പൂമ്പട്ടില്‍ പൊതിയവെ;
സുഖദശീകരമിളിതശീതള-
സുരഭിലാനിലനിളകവെ;
മൃദുലനിദ്രതന്മടിയില്‍നിന്നുമെന്‍-
വ്രണിതമാം ജീവനുണരവെ;
അവളെ,കഷ്ട ,മെന്നരികില്‍ കാണാതെന്‍-
ഹൃദയം നൊന്തു ഞാന്‍ കരയുന്നു.
ഒരുകിനാവിലെ ക്ഷണികസല്ലാപ-
സ്മരണമാത്രമുണ്ടിനിയെന്നില്‍-
å പരിധിയില്ലാത്ത പരമശൂന്യത-
å യ്ക്കിടയിലുള്ളോരോ ചുഴികളില്‍,
å ഇരുളും ഞാനുമായ് തഴുകിയന്യോന്യ-
å മിനിയുമെത്ര നാള്‍ കഴിയണം?
ഹൃദയസങ്കല്‍പവിപുലസീമയ്ക്കു-
മകലെയുള്ളേതോ വനികയില്‍,
ഭജനലോലയായ് കഴികയാണവള്‍
പ്രണയലേഖമൊന്നെഴുതുവാന്‍.
വിരഹചിന്തയാല്‍ വിവശനായൊരെന്‍-
വിവിധസന്തപ്തസ്മരണകള്‍,
ചിറകടിച്ചടിച്ചമരസാമ്രാജ്യ-
പരിധിയും കടന്നുയരിലും,
അവളെന്നെധ്യാനിച്ചമരും ചന്ദന-
ത്തണലിലെന്നിനിയണയും ഞാന്‍!
കനകനക്ഷത്രപ്പൊടിവിതറിയ
ഗഗനവീഥിയില്‍മുഴുവനും,
ഒരു മനോഹരമണിമേഘത്തേരി-
ലവളെ നോക്കി ഞാന്‍ പലദിനം,
വഴിചോദിക്കുവാനൊരുവനില്ലാതാ
വിജനതയിലൊട്ടുഴറിനേന്‍.
ഒരുകാലത്തിനിയവളോടിക്കഥ
പരിഭവമായിപ്പറയും ഞാന്‍!
åå *åå *åå *
മൃദുലചുംബനസുലഭമായൊര-
ക്കുസുമശയ്യയിലൊരുനാളില്‍,
നറുനിലാവിങ്കലിരുവര്‍ ഞങ്ങളൊ-
ത്തവികലാനന്ദഭരിതരായ്
അമിതരാഗാര്‍ദ്രസരസസല്ലാപ-
കുതുകികളായിമരുവുകില്‍,
വെറുമസൂയയാ,ലൊരു പക്ഷേ, ലോകം
പഴുതേചൊന്നേയ്ക്കാം പരിഭവ!
പ്രണയസുന്ദരകലഹകല്ലോല-
ച്ചുരുളില്‍ഞങ്ങളന്നുരുളുമ്പോള്‍,
കൊതിയാകും മന്നിനൊരു കൊച്ചോമന-
മുരളിയായ്മേലില്‍കഴിയുവാന്‍.
കവനമോഹിനിയവളെന്നെയൊരു
പുളകമായ് മാറ്റും നിമിഷത്തില്‍,
അറിയും ഞാ, നോരോ കുയിലുമന്നോളം
ചൊരിയും ഗീതത്തിന്‍ പൊരുളുകള്‍.
സതതമെന്‍ മനം തകരു, മാ രമ്യ-
സുദിനമെന്മുന്നിലണവോളം!!ååå6-9-1109