അപരാധികള്‍ - കല്യാണബോംബ്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

   കല്യാണബോംബ്
          (ഹാസ്യാത്മകം)

അന്‍പിലെന്‍ സഖാക്കളുമൊത്തു കല്യാണം കാണാന്‍
ചമ്പറം പടിഞ്ഞു ഞാനിരിപ്പൂ മെത്തപ്പായില്‍.
മേടമാസമാ,ണൊത്ത മദ്ധ്യാഹ്നം, വെയിലിന്റെ
ചൂടസഹ്യമാ,ണാള്‍ത്തിരക്കുണ്ടു പന്തലിലേറ്റം.
ചെറിയവീടാ,ണില്ല വിസ്താരം മുറ്റത്തിനു,
നിറയെപ്പെണ്ണുങ്ങളും, വികൃതിക്കുഞ്ഞുങ്ങളും;
എരിയും തിരികളും, ചന്ദനത്തിരിപ്പുക-
ച്ചുരുളോടിടഞ്ഞഷ്ടഗന്ധധൂമത്തിന്‍ ചാര്‍ത്തും;
കടുകുവറുത്തീടും സീല്‍ക്കാരോദ്ഭവഗന്ധം
കടന്നാ നാസാരന്ധ്രക്ഷോഭനിര്‍ഘോഷങ്ങളും;
കമ്പനം മസ്തിഷ്കത്തിന്‍ സിരകള്‍ക്കേകീടു, മാ-
ച്ചെമ്പകപ്പൂവിന്‍ രൂക്ഷരൂക്ഷമാം സൗരഭ്യവും;
സര്‍വ്വവുമിടചേര്‍ന്നു, വീര്‍പ്പുമുട്ടിക്കാനെന്നെ
ദുര്‍വ്വിധിയിവിടെക്കൊണ്ടിരുത്തീ മന:പൂര്‍വ്വം!

പാടുപെട്ടിടംവശം പകുത്തി,ട്ടൊരു മുല്ല-
ക്കാടാക്കിത്തീര്‍ത്തിട്ടുള്ള ഹ്രസ്വകേശവുമായി;
കുങ്കുമപ്പൊട്ടുംതൊട്ടൊരായിരം പുള്ളിക്കുത്താ-
ലങ്കിതമായിട്ടുള്ള പട്ടുസാരിയും ചാര്‍ത്തി;
'ബോഡീസിന്‍' വെള്ളപ്പട്ട 'ജമ്പറു' തടുത്തിട്ടും
"പോടാ,പോ, നോക്കട്ടെ" ന്നമട്ടല്‍പം വെളിക്കുന്തി;
അന്യോന്യം കലഹിക്കുമവയെ, ച്ചേലച്ചുരു-
ളൊന്നിച്ചു, മിന്നും 'ബ്രൂച്ചില്‍' ക്കോര്‍ത്തനങ്ങിടാതാക്കി;
ഇന്നോളം നാട്ടില്‍ത്തീര്‍ത്തിട്ടുള്ളൊരാപ്പൊന്‍പണ്ടങ്ങ-
ളൊന്നൊഴിയാതാ മെയ്യിലൊത്തുചേര്‍ന്നോളംവെട്ടി;
"ഇട്ടിടും താഴേ താഴേ ഞങ്ങ,ളെന്റപ്പോ ഘനം!"-കാതിന്‍
തട്ടുകള്‍ വീര്‍പ്പിട്ടോതും പൊന്‍കുണുക്കുകളേന്തി;
അണിയായ്,കൈയില്‍ത്താലമേന്തുമാളികളോടൊ-
ത്തവിടേക്കെഴുന്നള്ളത്താണതാ വധൂറാണി!
നമ്രമാണവളുടെ ശിരസ്സല്ലെങ്കില്‍, പക്ഷേ,
നന്മയില്ലവള്‍ക്കെന്നു വല്ലോരും ശങ്കിച്ചാലോ!
ഒറ്റയ്ക്കു വഴിക്കെങ്ങാന്‍ കാണുകില്‍, ത്തലവെട്ടി-
ച്ചുറ്റുനോക്കിടാറുള്ളൊരാ മഞ്ഞപ്പെണ്‍പോര്‍ക്കിനെ,
അങ്ങനെ, മന്ദാക്ഷത്തില്‍പ്പൊതിഞ്ഞു, മുന്നില്‍ക്കാണ്‍കെ
ഞങ്ങളദ്ഭുതപൂര്‍വ്വമന്യോന്യം നോക്കിപ്പോയി.
ചിലര്‍ക്കു ചുണ്ടില്‍ സ്വല്‍പം പുഞ്ചിരി പൊടിച്ചു ഞാന്‍
ചിരിച്ചി,ല്ലാരാന്‍ കണ്ടാല്‍ മര്യാദകേടായാലോ!
ദല്ലാളുണ്ടരികത്തു, കളഭം വാരിത്തേച്ചു
മുല്ലപ്പൂക്കളുമണിഞ്ഞന്തസ്സിലിരിക്കുന്നു.
"ഞാനിതു നടത്തി", യെന്നൊതുക്കാനാകാ, തഭി-
മാനസുസ്മിതമൊന്നാച്ചുണ്ടിലുണ്ടിഴയുന്നു.
വട്ടത്തില്‍, മാറെത്തുമ്പോള്‍ക്കൂര്‍ത്തെഴും കഴുത്തിന്റെ
പട്ടയുള്ളുള്‍ക്കുപ്പായം വെളിയില്‍ക്കാണും മട്ടില്‍,
ഉള്ളിതന്‍ തൊലിയേക്കാള്‍ മിനുത്തു, മൃദുവായി-
ട്ടുള്ള വസ്ത്രത്താല്‍ത്തീര്‍ത്ത നീണ്ട 'ജുബാ'യും ചാര്‍ത്തി;
'സ്റ്റയിലാ'ണതെന്നൊരു ഭാവത്തില്‍, ത്തൂവാലയൊ-
ന്നയവാ,യലസമായ്ക്കണ്ഠത്തില്‍ച്ചുറ്റിക്കെട്ടി;
'റിസ്റ്റുവാ'ച്ചെല്ലാവരും കാണുവാന്മാത്രം, കൈകള്‍
മുട്ടോളം തെറുത്തേറ്റി,പ്പൊടിമീശയുമായി;
ചെറ്റൊരൗദ്ധത്യം കണ്ണില്‍ സ്ഫുരിക്കെ, ത്താനങ്ങൊരു
'ചിറ്റു ചട്ടമ്പി' യാണെന്നുള്ളൊരു ഭാവം കാട്ടി;
പെണ്ണുങ്ങള്‍ നില്‍ക്കുന്നിടത്തന്നത്തെസ്സകലതും
തന്നുടെ ശിരസ്സിലാണെന്നൊരു നാട്യത്തോടെ;
പൂര്‍വ്വകാമുകനാകി,ല്ലൊരുവന്‍, നാരങ്ങയും
പൂവുമേകുവാന്‍, 'തയ്യാറെടു'ത്തങ്ങനെ നില്‍പൂ!
'ഗ്രാമഫോണ്‍' ചക്കാട്ടുമാസ്സംഗീതം സഹിക്കാ, ഹാ,
ഭീമമാം ശ്രുതിയൊത്താപ്പിളര്‍പ്പന്‍ നാഗസ്വരം!
ദുസ്സഹമതിനേക്കാള്‍, ഗോഷ്ടിയില്‍, തകിലോടു-
മത്സരി,ച്ചയ്യോ, കാട്ടുമാ പ്രാണപരാക്രമം!
ആപാദചൂഡം വിയര്‍ത്തൊഴുകി,ക്കരിപുര-
ണ്ടാകവേ, കണ്ണും മൂക്കും ചുകന്നു, വെള്ളം ചാടി;
ആരക്തതാംബൂലാര്‍ദ്രദ്രാവകം, ശ്മശ്രുക്കളി-
ലോരോതുള്ളികളായിട്ടങ്ങനെ തത്തിത്തുള്ളി;
എത്തി, ദക്ഷിണവാങ്ങി, കൈപൊക്കിയനുഗ്രഹം
പൊത്തിവെയ്ക്കയായ് നമ്രശിരസ്സില്‍, പൂണൂലിട്ടോര്‍!
അവരെത്തുടര്‍ന്നച്ഛ,നമ്മ,യമ്മാവന്‍, വാദ്ധ്യാര്‍...
ശിവനേ, നമസ്കരിച്ചാപ്പാവം കുഴങ്ങിപ്പോയ്!

"മാലയാണാദ്യ"-"മല്ല, മോതിരമാ"-"ണാകട്ടേ!"
"താലികെട്ടില്ലേ?"-"താനൊന്നടങ്ങിനില്‍ക്കൂ,കൂവേ!"
തര്‍ക്കമായ്ച്ചടങ്ങിനെപ്പറ്റിയാ മൂപ്പീന്നന്മാര്‍-
"നില്‍ക്കുക, തര്‍ക്കിക്കാ,നിതിത്ര പുത്തരിയാണോ?
പപ്പൂള്ളച്ചേട്ടന്‍ ചൊന്നതാണിതില്‍പ്പരമാര്‍ത്ഥം
തപ്പില്ല, തമ്മിലാദ്യം മോതിരമിടീക്കട്ടേ!"
നാട്ടുകാര്യസ്ഥന്‍ തീര്‍പ്പുകല്‍പിച്ചു-"തിരിയൊന്നു
നീട്ടുക!"-"ബാലാ, ഷര്‍ട്ട്!" "മുഹൂര്‍ത്തം തെറ്റിക്കല്ലേ!"-

മോതിരം മാറി, മാലയിട്ടു, വായ്ക്കുരവകള്‍
കാതുപൊട്ടിക്കെ, ക്കോടിവസ്ത്രവും നല്‍കപ്പെട്ടു!-
അപ്പൊഴേക്കൊരാക്രോശം: "നിര്‍ത്തുക നാഗസ്വരം!"
ആ'ശ്രുതി'യുടെ കവിള്‍ക്കുടമക്ഷണം പൊട്ടി!
നിന്നുപോയ്ത്തകിലടി-"മാറിനിന്നോടീ മാതു
മുന്നോട്ടുപോട്ടമ്മായി" - "കൊച്ചിനെപ്പിടീ ജാനൂ!"
പെണ്ണുങ്ങള്‍ 'ബ്ലൗസി' ന്നുള്ള തുണിയും മറ്റും മറ്റും
പെണ്ണിനു സമ്മാനിക്കാന്‍ തിക്കുമാക്കോലാഹലം!
"ഇച്ചിരി ചവയ്ക്കാനിങ്ങെടുത്തു തന്നാട്ടൊന്നു
കൊച്ചമ്മേ!" - മുറ്റം തൂപ്പുകാരിതന്‍ നിവേദനം!
"അതിനാണിപ്പോള്‍ നേരം!..." കൊച്ചമ്മക്കോപം-"നെന-
ക്കിതുമാസോത്ര്യാ മോളേ?-" നാണിച്ചി,"ട്ടാറമ്മൂമ്മേ!"
"ചെക്കനു പൊക്കംപോരാ നത്തുപോലാണാ മുഖ-
മിത്തിരി വര്‍ക്കത്തില്ല!"-"പതുക്കെപ്പറ നാണീ!"
"ഒച്ചയുണ്ടാമ്മേല, നിശ്ശബ്ദം!"- മുന്നോട്ടേക്കൊ-
രൊച്ച,ല്ല തെറ്റിപ്പോ,യൊരോന്തതാ നീങ്ങീടുന്നു!
സഹിക്കാമെന്തും-പക്ഷേ, മംഗളപത്രം!-നോക്കൂ
സദസ്സിന്‍ മദ്ധ്യത്തിലാസ്സംഹാരസ്വരൂപിയെ!
അല്‍പനാളവള്‍ക്കയാള്‍ നന്ദികാട്ടണ്ടേ മര്‍ത്ത്യന്‍?
അതിനീസ്സാധുക്കളെക്കൊന്നിട്ടുവേണോ സാറേ?-
ഗതിയെന്തിനി, വാദ്ധ്യാര്‍ ഹിംസിക്കാനാരംഭിപ്പൂ!
എട്ടടിച്ചേരയ്ക്കൊത്ത സംസ്കൃതവൃത്തം, കഫ-
ക്കെട്ടിലൂടുന്തിത്തള്ളിപ്പുറത്തുചാടും ശബ്ദം;
ശപ്തമാം ജലദോഷം പാരുഷ്യമിരട്ടിച്ച
ശബ്ദവുമായി ഗ്ഗുസ്തിപിടിക്കും സഭാകമ്പം;
കുപ്പായക്കീറല്‍ കാണാതിടത്തെത്തോളില്‍ക്കൈയൊ-
ന്നപ്പപ്പോള്‍പ്പൊക്കി,ത്തോര്‍ത്തു നേരേയാക്കേണ്ടും ഭാരം*
എന്തെല്ലാം പ്രയാസങ്ങളാ,ണൊന്നുമോര്‍ക്കാതയാ-
ളെന്തിനിപ്പുലിവാലില്‍ച്ചെന്നഅയ്യോ പിടികൂടി!
( * ഈ ആശയത്തിന് എനിക്കു ഫലിത സാമ്രാട്ടായ ഈ.വി. കൃഷ്ണപിള്ളയോടു കടപ്പാടുണ്ട്)

വരവാനരനല്‍പം പല്ലിളിച്ചിട്ടു,ണ്ടതി-
നരികേ ബിംബംപോലെ നില്‍പാണു ലജ്ജാപിണ്ഡം!
മംഗളപദ്യമാദ്യം വര്‍ണ്ണിച്ചു പ്രകൃതിയെ-
ശ്ശൃംഗാരക്കുഴമ്പായി;-വൃദ്ധന്മാര്‍ തലയാട്ടി!
വിയര്‍പ്പിന്‍ ഗന്ധം ചുറ്റുമെനിക്കു ശ്വാസംമുട്ടി
വിടുകയില്ലയാള്‍-ശ്ലോകം രണ്ടുതീര്‍ന്നിട്ടേയുള്ളു.
വരുന്നൂ മൂന്നാമത്തെബ്ബോംബും, തയ്യാറായ്ക്കൊള്ളൂ!-

"സാവിത്രീ ബത സീത ഹന്ത സതിവൃന്ദാരാദ്ധ്യ മൂക്കുത്തിയാ-
മാ വിഖ്യാതയരുന്ധതീ മഹതിക്കൂട്ടം ഗമിച്ചാപ്പഥി,
പൂവിട്ടങ്ങിഹ പോവൊരി "ച്ചെലമ' യെക്കുറ്റിപ്പുറസ്ഥന്‍, മഹാന്‍,
പൂവമ്പന്‍, ധൃത 'കിട്ടു' നാമ, നിത, യുണ്ണിക്രുപ്പു വേള്‍ക്കുന്നു ഹാ!"

[ഹാ, ഗുരുവായൂരപ്പാ, തലചുറ്റിടുന്നല്ലോ!
വേഗമാകട്ടെ!-വെള്ളം!-എന്റെ കൊടുങ്ങല്ലൂരമ്മേ!]

"അയ്യോ!" ...പിന്നൊന്നും ബോധമില്ല മേ-മിഴി വീണ്ടും
പയ്യെ ഞാന്‍ തുറന്നപ്പോള്‍ക്കിടപ്പാണാസ്പത്രിയില്‍!
ഒക്കെ ഞാന്‍ സഹിച്ചിട്ടും സദ്യയുണ്ണാനന്നെനി-
ക്കൊക്കാഞ്ഞതോര്‍ക്കുമ്പോഴുണ്ടിപ്പൊഴും പശ്ചാത്താപം!
കിട്ടുണ്ണിക്കുറുപ്പിനെ-മുതുമര്‍ക്കടത്തിനെ-
നട്ടെല്ലുരണ്ടായൊടിച്ചിട്ടിട്ടു, പാവത്തിനെ,
പിന്നെയും മുതുകത്തു ചവിട്ടിച്ചത,ച്ചൊരു
കന്ദസായകനാക്കിത്തീര്‍ത്തൊരാ ബ്രഹ്മാവിനെ;
'ശാര്‍ദ്ദൂലവിക്രീഡിത'ക്കരുവില്‍, ചെല്ലമ്മയെ
വാര്‍ത്തെടുത്തൊരുവശം ചതച്ചുകളഞ്ഞോനെ;
അവനെപ്പേടിച്ചിപ്പോളരികേ പോകില്ലാരും
ശിവനേ, മനുഷ്യര്‍ക്കു ജീവനില്‍ക്കൊതിയില്ലേ?
ഇന്നു, മാ വാദ്ധ്യാരെ ഞാന്‍ ദൂരെയെങ്ങാനും കണ്ടാല്‍
മുന്നോട്ടൊരടി പിന്നെ വെയ്ക്കില്ല-തിരിഞ്ഞോടും!
വല്ലകല്യാണത്തിനുമെത്തിയാലയാള്‍, സദ്യ-
യ്ക്കല്ലാതെ കാണില്ലെന്നെപ്പന്തലിലൊരേടത്തും!
മന്നിതില്‍, കുഷ്ഠം, പ്ലേഗ്, കോളറ, മധുരവു-
മെന്നെസ് കൃഷ്ണനുമൊത്തുള്ളാ ഹാസ്യചലച്ചിത്രം;
ചാവുന്ന ഫൈലോളജിക്ലാസ്സുകള്‍, ബാര്‍ബര്‍സലൂണ്‍
ഷേവുകള്‍, ഹര്‍മ്മോണിയപ്പാട്ടുകള്‍, പേപ്പട്ടികള്‍;
പിംഗള-ഗൊണേറിയ, ബജ്രയെന്നിവയേക്കാള്‍
മംഗളപത്രങ്ങളേ, നിങ്ങളെപ്പേടിപ്പൂ ഞാന്‍! ...

                   -23-3-1945