ശ്മശാനത്തിലെ തുളസി - ഹൃദയഭിക്ഷു
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മാമകാനന്ദമേ, നിന്മലര്‍മുറ്റത്തു
മാനസഭിക്ഷയ്ക്കുവന്നു നില്‍ക്കുന്നു ഞാന്‍.
യാത്രയാക്കൊല്ലേ വെറും കയ്യുമായല-
മാര്‍ത്തിയാല്‍ നീറുന്നൊരെന്‍ ജീവിതത്തെ നീ!
പൊള്ളിക്കുമിളച്ചൊരായതിന്‍ പാദത്തില്‍
മുള്ളുതറച്ചു മുറിപ്പെടുത്തായ്ക നീ!
ചെണ്ടുവിരിച്ചുതരേണ്ട മല്‍പാതയില്‍
കണ്ടകം വാരിയെറിഞ്ഞിടാഞ്ഞാല്‍ മതി.
ആജീവനാന്തം കൃതജ്ഞതയാല്‍ പ്രേമ-
ഭാജനമേ, നിന്‍ വിരസഭാവങ്ങളെ
യത്നിച്ചിടും ഞാന്‍ നിറമ്പിടിപ്പിക്കുവാന്‍
ഭഗ്നമോഹത്താലധ:പതിച്ചീടിലും!
എത്രമേലെന്നെയവഗണിക്കുന്നു നീ-
യത്രമേലെന്നോടടുപ്പിച്ചു നിന്നെ ഞാന്‍!
സര്‍വ്വവുമാറിത്തണുത്തുപോം നിന്‍ തപ്ത-
ഗര്‍വ്വമിതുമാത്രമെന്നും ജ്വലിച്ചിടും!
ഹോമിക്കയല്ലല്ലി നീയതിന്‍ ജ്വാലയില്‍
ഹാ, മല്‍സുരഭിലസ്വപ്നശതങ്ങളെ!
എങ്കിലും ദുസ്സഹമാമിപ്പരീക്ഷണ-
ത്തിങ്കലും തീരെപ്പരാജിതനല്ല ഞാന്‍!
അങ്കണത്തിങ്കല്‍നിന്നാട്ടിയോടിക്കുവാന്‍
ശങ്കിച്ചിദം മുഖം താഴ്ത്തി നില്‍ക്കേണ്ട നീ
ഒറ്റയ്ക്കൊരുവാക്ക, താ നടപ്പാതയില്‍
മുറ്റിത്തുടങ്ങീ തിമിരപ്പടര്‍പ്പുകള്‍.
അസ്സന്ധ്യാതാരം കൊളുത്തിയിട്ടുണ്ടെന്റെ
വിശ്രമ, മേതോ വിജനവനികയില്‍
മാപ്പുനല്‍കേണമേ, മന്മനസ്സില്‍ മുഗ്ദ്ധ-
മാര്‍ദ്ദവത്തിന്റെ നെടുവീര്‍പ്പുകള്‍ക്കു നീ!