കലാകേളി - പാവങ്ങളുടെ പാട്ട്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ദാരിദ്ര്യത്തിന്റെ നിലവിളികള്‍
താരാപഥത്തോളമെത്തിയിട്ടും
നിര്‍ദ്ദയലോകമേ, നീയിനിയും
മര്‍ദ്ദനം നിര്‍ത്തുവാനല്ലഭാവം.
ഒട്ടിത്തളര്‍ന്ന വയറ്റില്‍ നിന്നും
പൊട്ടിത്തെറിക്കുന്ന തീപ്പൊരികള്‍
അന്തരീക്ഷത്തില്‍ പടര്‍ന്നുയര്‍ന്ന-
തെന്തയ്യോ കണ്ടില്ലേ നിങ്ങളാരും?
വിത്തേശരേ, നിങ്ങള്‍ കേള്‍പ്പതില്ലേ
വിപ്ലവത്തിന്റെ മണിമുഴക്കം?

ഇന്നോളം നിങ്ങള്‍ കവര്‍ന്നെടുത്ത
പൊന്നും പണങ്ങളുമാകമാനം
പാവങ്ങളെക്കൊന്നു നിങ്ങള്‍ നട്ട
പാപവൃക്ഷത്തിന്‍ ഫലങ്ങള്‍ മാത്രം!
ആ വിഷക്കായുകള്‍ തിന്നു നിങ്ങള്‍
ചാവാതെ ചത്ത ശവങ്ങളായി.
ധൂമകേതുക്കളേ, നിങ്ങളെല്ലാം
പോയ് മറഞ്ഞിടേണ്ട കാലമായി!

മുഗ്ദ്ധഹര്‍മ്മ്യങ്ങളിലെത്തിയേവം
മുട്ടിവിളിക്ക നീ വിപ്ലവമേ;
"ഉദ്ധതവിത്താധിപത്യമേ, നീ
ബദ്ധകവാടം തുറക്ക വേഗം!
പൊള്ളപ്രയത്നങ്ങളൊന്നിനൊന്നായ്
തള്ളിക്കയറട്ടെ നിന്‍ മുറിയില്‍!
ആവശ്യത്തിന്റെ പിടിയില്‍നിന്നി-
ന്നാകാ നിനക്കൊന്നൊഴിഞ്ഞുമാറാന്‍!
വേവലാതിപ്പെടാനെന്തുകാര്യം?
വേഗമാകട്ടെ, തുറക്ക വാതില്‍! ..."

നാണം മറയ്ക്കുവാന്‍ വസ്ത്രമില്ല;
പ്രാണന്‍ കിടക്കുവാന്‍ ഭോജ്യമില്ല;
വീടില്ല ചെന്നു ചുരുണ്ടുകൂടാന്‍;
പാടില്ല പാതയില്‍ സഞ്ചരിക്കാന്‍!
എന്തൊരന്യായമിതെന്തു കഷ്ട-
മെന്തിനിജ്ജീവിതമിപ്രകാരം?
മര്‍ത്ത്യതയിങ്കലീ വ്യര്‍ത്ഥമാകും
വ്യത്യസ്തഭാവങ്ങളാരു ചേര്‍ത്തു?

സ്വാതന്ത്ര്യത്തിന്റെ ചുടുചിതയില്‍
ജാതിപ്പിശാചിന്‍ മൃതശരീരം
രാഗാര്‍ദ്രചിത്തരേ, സോദരരേ,
വേഗം നശിപ്പിക്കിന്‍, വൈകിനേരം!
നിര്‍മ്മതത്തിന്റെ മടിത്തടത്തില്‍
നിര്‍വൃതിനേടി നമുക്കിരിക്കാം!
അങ്ങതാ കാണ്‍മൂ മനോജ്ഞമാകും
മംഗളശാന്തിതന്‍ മന്ദഹാസം.
വിപ്ലവത്തോണിയിലേറി നമ്മള്‍-
ക്കപ്പുഷ്പവാടിയില്‍ ചെന്നുപറ്റാം.
കമ്രസമത്വസരോവരത്തില്‍
നമ്മള്‍ക്കു നീന്തിക്കുളിച്ചുവരാം.
ആനന്ദത്തിന്റെ മുരളിയുമാ-
യാനന്ദത്തില്‍ സമുല്ലസിക്കാം!
ഒന്നിച്ചു കൈകോര്‍ത്തു ധീരധീരം
മുന്നോട്ടു പോക നാം സോദരരേ!