ബാഷ്പാഞ്ജലി - ഹേമ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

 ഹേമ
വനികാംഗനയാള്‍തന്‍ മന്ദഹാസാങ്കുരങ്ങള്‍
തനിയേ കവര്‍ന്നവള്‍ കുമ്പിളില്‍ നിറയ്ക്കുന്നു.
അയല്‍ വീട്ടിലെ സഖിയെത്തിടാന്‍ നേരം വൈകു-
ന്നതിലുണ്ടവള്‍ക്കല്‍പം താപവുമുല്‍ക്കണ്ഠയും.
കണ്ഠനാളത്തെത്തിരിച്ചവളെ പ്രതീക്ഷിച്ചു
കണ്മണി കൂടെക്കൂടെക്കണ്ണയയ്ക്കുന്നു; നോക്കൂ!
ആര്‍ത്തിയാര്‍ന്നാറ്റിലേയ്ക്കു പോകുവാനായ് തന്‍കൂട്ടു
കാത്തുനിന്നീടുമൊരു മാന്‍കിടാവിനെപ്പോലെ.
å തഴുകീ തരുണാര്‍ക്കന്‍ തങ്കരശ്മിയാ,ലെന്നാല്‍
മുഴുവന്‍ മാഞ്ഞിട്ടില്ല മൂടല്‍മഞ്ഞെല്ലാടവും.
തണലും വെയിലുമില്ലെങ്ങുമേ;- സുഖംതരും
തണവുള്ളൊരുകാറ്റു വീശുന്നുണ്ടിടയ്ക്കിടെ ,
ലജ്ജയില്‍മടിച്ചാദ്യമായിത്തന്‍ നാഥന്‍ വാഴും
മച്ചിലേയ്ക്കൊരു മുഗ്ദ്ധപോയിടുന്നതുപോലെ.
തോളത്തുനിന്നപ്പപ്പോളിഴിയും നീരാളപ്പൂ-
ഞ്ചേലത്തുമ്പിളംകരവല്ലിയാലൊതുക്കിയും;
മഞ്ജുളമണിനൂപുരാരവം വീശുംപടി
കഞ്ജകോമളമായ കാലിണചലിപ്പിച്ചും;
സമ്പന്നവസന്തത്തിന്‍നൃത്തമണ്ഡപമായ
ചെമ്പനീരലര്‍ക്കാവില്‍ വാഴുന്നു വിലാസിനി.
å നീലക്കാറൊളിച്ചുരുള്ളകം മേലേ ചിന്നി
ലോലഫാലകംസ്വേദാങ്കുരത്താല്‍ പേര്‍ത്തും മിന്നി.
അവള്‍തന്‍ കരാംഗുലി സ്പര്‍ശനസൌഭാഗ്യത്താ-
ലതിധന്യരായ്ത്തീരും കുസുമങ്ങളെ നോക്കി;
മെത്തിടുമസൂയയാല്‍ യുവത്വം തുളുമ്പീടു-
മെത്രയോ ഹൃദയങ്ങള്‍ തുടിച്ചിട്ടുണ്ടാകില്ല!
ഉഷസ്സും ലജ്ജിച്ചിട്ടു,ണ്ടോമലിന്‍ കണ്ണഞ്ചിക്കും
സുഷമാമുകുരത്തില്‍ തന്മുഖം നിഴലിക്കെ!
മഞ്ഞുതുള്ളികളേറ്റു കുളുര്‍ത്തപനീര്‍പ്പൂവിന്‍
മഞ്ജിമ സവിശേഷമുടലാര്‍ന്നതുപോലെ;
രമ്യമാം മധുവിധുകാലത്തെ സ്വപ്നം പോലെ-
യമ്മലര്‍ത്തോപ്പിലിതാ ലാലസിക്കുന്നു ഹേമ!!
   അരികത്തൊരു കൊച്ചുപൂഞ്ചോല പാടിപ്പാടി
നുരയാല്‍ ചിരിച്ചുകൊണ്ടൊഴുകിപ്പോയിടുന്നു;
സല്‍പ്രേമസമ്പന്നയാമൊരു പെണ്‍കൊടിയുടെ
സുപ്രഭാമയമായ ജീവിതത്തിനെപ്പോലെ!
അതിന്റെ തടത്തിങ്കലേയ്ക്കതാ വന്നെത്തുന്നു
മതിമോഹനാകാരരാം രണ്ടു യുവാക്കന്മാര്‍.
ഒരുവനുടന്‍ നിത്യമുണ്ടായീടുമ്പോ,ലന്നു-
മൊരു തൂമിന്നല്‍പ്പിണര്‍ പായുകയാ,യുള്‍ത്താരില്‍!
ഹേമ പൂ പറിക്കുവാനെത്തിടും സമയമി-
താണെന്നു നന്നായവനറിയാം പണ്ടേതന്നെ.
å അവളെ ഭൂവല്ലിയാല്‍ ചൂണ്ടിക്കാണിച്ചു മന്ദ-
മവനോതുന്നു, തന്റെ വിശ്വസ്തസുഹൃത്തോടായ്:-
å "എന്നെന്നുമെനിക്കൊരു പുളകാങ്കുരം നല്‍കാ-
നെന്നാശാലതികതന്‍ വസന്തമതാ നില്‍പൂ!!..."å 4-7-1108