രംഗം രണ്ട്
(ചന്ദ്രികയുടെ വിവാഹദിവസം. പ്രഭാതം. വനത്തിന്റെ ഒരു ഭാഗം.
മദനന് വ്യസനപരവശനായി ഒറ്റയ്ക്ക് ഒരു പാറപ്പുറത്ത് ഇരിക്കുന്നു.)
- മദനന്
ദുര്‍ദ്ദിവസമേ, വന്നുചേര്‍ന്നിതൊ-
രഗ്നികുണ്ഡവുമായി നീ!
ഹോമിക്കുമിതിലിട്ടു നീയിന്നൊ-
രോമല്‍പ്പൂമൃതുമാനസം
ജീവിതത്തിന്റെ ഭൌതികോന്മദം
താവിടും തവ താഡനം
വേദനിപ്പിക്കുമിന്നൊരു നേര്‍ത്ത
വേണുനാദത്തിന് മാര്‍ദ്ദവം!
ഹന്ത, നീ ചുട്ടെരിക്കുമിന്നൊരു
പൊങ്കിനാവിന്റെ നന്ദനം!
എന്തിനല്ലെങ്കിലീവിധമിത്ര
വെമ്പിയിങ്ങോട്ടു പോന്നു നീ?
ഉല്ലസല്‍ശ്രീവസന്തത്തെപ്പച്ച-
മുല്ലക്കാടെന്നമാതിരി,
ആര്‍ത്തജിജ്ഞാസംപണ്ടുപണ്ടൊക്കെ-
ക്കാത്തിരുന്നു,ഹാ,നിന്നെഞാന്‍!
കഷ്ടമിന്നു നിന്നാഗമമൊരു
വജ്രപാതകമായ്ത്തീര്‍ന്നുമേ!
ഇന്നു നീ തീര്‍ക്കും ചന്ദ്രികയുടെ
മഞ്ജുകല്യാണമണ്ഡപം
എത്രയോ പൊന്‍കിനാക്കള്‍തന്‍ ശവ-
പ്പെട്ടിയാണെന്നറിയുമോ?....
കണ്ടുമുട്ടിയുലകിലെന്തിനോ
രണ്ടുജീവിതവീചികള്‍!
ഇന്നവരണ്ടും രണ്ടുമാര്‍ഗ്ഗമായ്-
ത്തമ്മില്‍വേര്‍പിരിയുന്നിതാ;
ഒന്നനന്തനിരാശയിങ്കലേ-
ക്കൊന്നു സൌഖ്യയത്തിലേക്കുമായ്!
എന്തിനോ കണ്ടുമുട്ടി തങ്ങളില്‍
രണ്ടു കൊച്ചു മരാളങ്ങള്‍
കണ്ണുനീരിലലതല്ലിടുന്നൊരാ
കര്‍മ്മബന്ധവാരാശിയില്‍!
പുല്കി തെല്ലിട തമ്മിലെന്തിനോ
പൂവിട്ടരണ്ടു വല്ലികള്‍,
പിന്നെക്കാണുവാന്‍പോലുമായിടാ-
തെന്നെന്നേക്കുമായ് വേര്‍പെടാന്‍!
ആരറിവൂ, വിധിവിലാസങ്ങ-
ളാത്മ ബന്ധത്തിന് മായകള്‍
ചന്ദ്രികേ, കഷ്ടമാക്കിനാവിനെ-
യെന്തിനേവം ചതിച്ചു നീ?
സുന്ദരമായൊരാ മുരളിക-
യെന്തിനേവം തകര്‍ത്തു നീ?
കഷ്ട,മിന്നു നിന് ലക്ഷ്യമെന്തൊ,രു
ശുഷ്കമാകുമാസ്വാദനം!
നെഞ്ചിടിപ്പില്‍ത്തളര്‍ന്നു, തോരാത്ത
കണ്ണുനീരില്‍ക്കുളിച്ചിതാ,
നില്ക്കയാണു നിന് പിന്നിലായൊരു
നിഷ്കളങ്കനിരാശത!
കാഴ്ചവെച്ചു സമസ്തവും നിന്റെ
കാല്‍ത്തളിരിലിജ്ജീവിതം-
ലോകഭാവനയോമനിക്കുമൊ-
രാകുലാര്‍ദ്രസംഗീതകം-
മന്നൊരിക്കലും വിസ്മരിക്കാത്ത
മഞ്ജുനീഹാരഹാരകം-
നീയതയ്യോ! ചവിട്ടിനീക്കയോ
നീരസംനടിച്ചീവിധം?
ഓര്‍ക്കുവതില്ല നീയശേഷമി-
ത്തീക്കനലെരിപ്പാതകം!-
കാമത്തിന് സര്പ്പക്കാവില് നിന് കണ്ണു
കാണാതിന്നലയുന്നു നീ
ഗദ്ഗദം ചൊരിയുന്നു. നിന് പിന്നില്‍-
ച്ചുട്ടുനീറുമൊരാദര്‍ശം;
എത്രകാലം തപസ്സുചെയ്കിലും
കിട്ടാത്തൊരു നൈര്‍മ്മല്യം-
എന്തൊടു,വില്‍ ഞെരിക്കുകയെന്നോ
നൊന്തു കേഴുമതിനെ നീ!
പ്രേമം പൂത്ത മരതകത്തോപ്പില്‍
ഹേമന്തം നൃത്തമാടുമ്പോള്‍,
ചന്ദ്രിക ചിത്തകുഞ്ജത്തില്‍ക്കുളിര്‍-
ച്ചന്ദനച്ചാറു പൂശുമ്പോള്‍,
മുങ്ങിടാറുണ്ടിക്കാനനമൊരു
സംഗീതത്തിന് യമുനയില്‍!
ശോകമഗ്നമാണെങ്കിലെന്ത,തിന്
രാഗമാധുരി കേവലം
സ്തബ്ധമാക്കി ചരാചരങ്ങളെ
ലബ്ധസായുജ്യമൂര്‍ച്ഛയില്‍!
നാണയത്തുക നോക്കിമാത്രമാ
വേണുഗാപാലബാലനെ
തല്‍പ്രണയവൃന്ദാവനത്തില്‍നി-
ന്നാട്ടിയോടിച്ച ലോകമേ,
നിഷ്കൃപത്വം പതിയിരിക്കുന്ന
ശുഷ്കവിത്തപ്രതാപമേ,
പൊന്നുരുക്കിച്ചമച്ചതല്ലല്ലോ
നിന്നുടലപ്പരാപരന്‍.
മണ്ണുതാനതും-നിര്‍ണ്ണയം വെറും-
മണ്ണൈല്ത്താനതടിഞ്ഞുപോം!
നിന്റെ ധര്‍മ്മവും നീതിബോധവും
കണ്ടറിവോനാണു ഞാന്‍.
ഭാഗ്യവാതമടിച്ചു പൊങ്ങിയ
നേര്‍ത്തു ജീര്‍ണ്ണിച്ച പഞ്ഞിയും
തെല്ലുയരുമ്പോള്‍ ഭാവിക്കാ,മൊരു
ഫുല്ലതാരകം മാതിരി;
വന്നടിഞ്ഞിടും പിന്നെയും കാറ്റു
നിന്നിടുമ്പൊളതൂഴിയില്‍;
ഉച്ചത്തിലല്‍പ്പമെത്തിയാല്‍,പ്പിന്നെ-
ത്തുച്ഛതയായി ചുറ്റിലും!
നീയുംകൊള്ളാം, നിന് നീതിയും കൊള്ളാം
നീചവിത്തപ്രതാപമേ!
മഞ്ജുമഞ്ഞുനീര്‍ത്തുള്ളിപോല്‍, മിന്നി
മങ്ങിടുന്നൊരിജ്ജീവിതം-
മാരിവില്ലുപോല്‍, മാഞ്ഞുമാഞ്ഞുപോം
മായികമാമിജ്ജീവിതം-
അര്‍ത്ഥദുര്‍ഗഹമാമൊരു വെറും-
സ്വപ്നമാത്രമിജ്ജീവിതം-
സ്വന്തമെന്നോര്‍ത്തഹങ്കരിപ്പു നീ,
ഹന്ത! നിര്‍ല്ലജ്ജലോകമേ!
വിത്തധാടികള്‍ക്കൊണ്ടതിലോരോ
പൊല്‍പ്പതാക പറത്തുവാന്‍-
ക്ഷുദ്രശക്തികള്‍ക്കൊണ്ടതിലൊരു
ഭദ്രദീപം കൊളുത്തുവാന്‍-
സ്വാര്‍ത്ഥതയാലതിന്‍ വിലാസങ്ങള്‍
പേര്‍ത്തുമുജ്ജ്വലിപ്പിക്കുവാന്‍-
ബദ്ധമോദമൊരുമ്പെടുന്നു നീ,
ബുദ്ധിയില്ലാത്ത ലോകമേ!
മേല്ക്കുമേല് നിന്റെ ഗാഷ്ടികളൊക്കെ
നോക്കിനില്ക്കും മരണമോ,
കേവലം പരിഹാസഭാവത്തില്‍-
ത്തൂവുകയാണു പുഞ്ചിരി!
ഒന്നതെങ്ങാന്‍ വിരലമര്‍ത്തിയാ-
ലന്നിമേഷം തകര്‍ന്നു നീ!
നിന്നയുതകനകഭണ്ഡാര-
മൊന്നൊഴിയാതെ നല്കിയാലും
പാദമൊന്നതിളക്കുകില്ല,തിന്-
പാതയില്‍നിന്നൊരിക്കലും!
കഷ്ടമെന്തിനു പിന്നെ നിന്റെയീ
വിത്തധാടിയും ഗര്‍വ്വവും?
കേവലമജപാലനെങ്കിലും
ഹാ! കുബേരനല്ലെങ്കിലും
ഉണ്ടവനൊരു ചെമ്പനീരലര്‍-
ച്ചെണ്ടുപോലുള്ള മാനസം!
സ്വര്‍ഗ്ഗസംഗീത സാന്ദ്രമാമൊരു
സ്വപ്ന സാമ്രാജ്യവേദിയില്‍
അശ്വമേധം കഴിച്ചുവാഴുന്ന
ചക്രവര്‍ത്തിയാണിന്നവന്‍!
കല്പകാലംവരെജ്ജ്വലിപ്പൊരു
ഭദ്രദീപികയാണവന്‍!
ഇന്നവനെയവഗണിപ്പു നീ,
കണ്ണുകാണാത്ത ലോകമേ!
ഒക്കെയും ഞാന്‍ സഹിക്കാം-പക്ഷേയാ-
ഗ്ഗദ്ഗദമപ്രരോദനം
രക്തശൂന്യമായ്ശ്ശോചനീയമാ-
യൊട്ടിയോരക്കവിള്‍ത്തടം,
കത്തുമക്കരളിങ്കല്‍നിന്നുള്ളൊ-
രഗ്നിപര്‍വ്വതസ്പന്ദനം-
ഹാ!സഹിക്കാനരുതതുമാത്രം
ലേശവുമെനിക്കെന്നുമേ!
കഷ്ടമെങ്ങനെ സാന്ത്വനിപ്പിക്കു-
മപ്രണയവിവശനെ?
ആനന്ദിപ്പിപ്പതെങ്ങനെ മേലി-
ലാ നിഹതനിരാശനെ?
കണ്ണൂനീരോടെതിര്‍ത്തുനില്‍ക്കുവാന്‍
കര്‍മ്മധീരനുമല്ലവന്‍!
എങ്ങനെ പിന്നെയാശ്വസിപ്പിപ്പ-
തിന്നു ഞാനെന്‍ സുഹൃത്തിനെ?
ഇന്നു രാത്രിയില്‍ സംഭവിക്കുന്നു
ചന്ദ്രികതന്‍ പരിണയം.
ഇപ്പൊഴുതുമറിഞ്ഞിട്ടില്ലവ-
നക്കഥയൊന്നുമേതുമേ
ചെറ്റുനാളായ് പരസ്പരം കാണാന്‍
പറ്റിടായ്കയാല്‍പ്പോലുമേ
ഇത്രമാത്രമെരിഞ്ഞു നീറുമാ
മുഗ്ദ്ധരാഗാര്‍ദ്രമാനസം
ഇക്കഥയെങ്ങാനിന്നറിയുകില്‍-
ക്കഷ്ട,മെന്തു ചെയ്യേണ്ടു ഞാന്‍?
എന്തിനിശ്ശൊകനാടകത്തിങ്ക-
ലെന്നെയും സാക്ഷിയാക്കി നീ?
ഹന്ത! മന്മനം പൊള്ളുവാനിദ-
മെന്തിനെന്‍ പ്രാണനായി നീ?
കഷ്ടമായി, സഹോദര, നമ്മ-
ളൊത്തുചേര്‍ന്നിത്രകാലവും
ഒറ്റജീവനായ് വാണതി,ങ്ങനെ
ചുട്ടുനീറുവാനാണെങ്കില്‍!
(ദൂരത്തേക്കു നോക്കി ഭയവ്യാകുലതകളോടെ)
എന്തിതോ,ടി വരുന്നതാരിങ്ങോ-
ട്ടെ,ന്തിതെന്തെന്‍ രമണനോ?
എന്തുമാറ്റം!-ഭയങ്കരം!-നിന-
ക്കെന്തുപറ്റി സഹോദര?
നിന്നെക്കാണ്‍കേ നടുങ്ങിപ്പോകുന്നി-
തിന്നു ഞാനി,തെന്തദ്ഭുതം?
എന്തിനുള്ളോരൊരുക്കമാണിതു
ഹന്ത, കാണാനരുതു മേ!
നീയൊരേതോ പിശാചിനെപ്പോലെ
പായുന്നതെന്തിനാണിങ്ങനെ?
നീയുമിന്നാ നിശിതവാര്‍ത്തതന്‍
തീയില്‍പ്പൊള്ളിയിരിക്കണം!
നിന്മുഖം തെളിച്ചോതുന്നുണ്ടതു
ഹന്ത!ദൈവമേ, സാധുവാമെന്നെ-
യെന്തിനേവം വലപ്പു നീ?
മത്സുഹൃത്തേ,രമണ, നീ ശാന്ത-
സുസ്മിതാസ്യനായ് മാറണേ!
ശക്തനല്ല ഞാന്‍ നിന്റെയീ മുന്ന-
ത്തുറ്റുനോക്കുവാന്‍ ലേശവും!
ഞാനിത, വിറകൊള്‍കയാണയ്യോ!
മാനസം പതറുന്നുമേ!
എന്തുചെയ്യും ഞാനെ,ന്തുചൊല്ലും ഞാ-
നെ,ന്തിതെന്തിനുള്ളാരംഭം?
ചിന്തനാതീതദാരുണമാമി-
തെന്തി,തെന്തൊരുനാടകം?
മഗളമാ യവനിക വീണീ
രംഗം വേഗം മറയണേ!