കലാപ്രേമംമൂലം
ഓമനത്താമരപ്പൂമണം ചേര്
ന്നോളംതുളുമ്പിയ പൊയ്കയിങ്കല്
നീരാടി, യാടി, നീയേകയായി
നീലക്കാര്‍കൂന്തലും മാടിമാടി,
വിദ്യുല്ലതാംഗശ്രീവിലാസ-
വിശ്വവിജയപതാക വീശി,
പ്രാണന് ലഭിച്ചോരുടലെടുത്ത
വീണാരവത്തിനു തുല്യയായി,
പാതയില്‍ക്കൂടി നീ പോയഓക്കില്
പാറകള്പോലുമൊന്നെത്തിനോക്കി!
ചാരുചെമ്പകം പൂത്തുപൂത്തു
വാരുറ്റസൌരഭം വീശിനില്‍ക്കേ,
ഹാ, മത്തഭാവനാഭൃംഗകമൊ-
രാമോദവേദി മറ്റേതു തേടും?
നമ്മിലുള്ക്കൊള്ളും കലാപ്രണയം
നമ്മെപ്പതുക്കെയൊന്നുമ്മവെയ്ക്കേ;
നാമറിയാതൊന്നുരുമ്മിനോക്കി-
നാണമില്ലാത്തൊരാക്കണ്മുനകള്.
അസ്വര്ഗ്ഗഹര്ഷത്തിന് പൂമഴയൊ-
രസപഷ്ടബോധത്തിലായിരുന്നു.
എങ്കിലുമെത്രമധുരമിന്നാ-
ത്തങ്കക്കിനാവിന്‍ സ്മരണപോലും!
കോമളആകുമാച്ചിന്തയേതോ
കോരിത്തരിപ്പിന്റെ കൂട്ടുകാരി.
ഒന്നുചേര്ന്നല്ലാതണഞ്ഞിടാറി-
ല്ലെന്നരികത്തവര് രണ്ടുപേരും!
ഉല്ഫുല്ലയൌവനേ, നിന്മനസ്സാം
കല്പകപ്പൂമൊട്ടൊരുദിവസം
നീതടഞ്ഞാലും വിടര്‍ന്നുപോകും
സ്ഫീതാനുരാഗവസന്തരാവില്!
അന്നതില്നിന്നും വഴിഞ്ഞൊഴുകും
സുന്ദരസൌരഭധോരണികള്
ചുംബിച്ചുണര്ത്തിപ്പുണര്ന്നുകൊള്ളു-
മന്പോടെന് മന്ദിതപ്രജ്ഞകളെ!
ഇക്കലാസ്വാദനതല്പരത്വ-
മുക്കൊള്ളുമത്ഭുതശക്തിയെന്നും,
നമ്മിലും മീതെ നിന്നെത്തിനോക്കി
നമ്മെപ്പതുക്കെപ്പരിഹസിക്കും.
അല്ലെങ്കിലെന്തി, നിതിങ്കലൊന്നു-
മല്ലപരാധികളല്ല നമ്മള്.
തെറ്റുമുഴുവനും ന്മ്മിലുള്ളോ-
രിക്കലാലോലുപത്വത്തില്മാത്രം!