ഓണപ്പൂക്കള്‍ - വിയുക്ത
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

നിതോല്ലാസം നിത്യ-
മസ്സമാഗമോര്‍ത്തി-
ജ്ജനല്‍വാതിലിന്‍ ചാരെ-
ക്കാത്തുകാത്തിരിയ്ക്കും ഞാന്‍.

ഇന്നും ഞാനിരിയ്ക്കയാ,-
ണെന്തിനാ, നാരെക്കാത്താ;-
ണെന്നാശാസുമമെല്ലാം
കൊഴിഞ്ഞു കഴിഞ്ഞല്ലോ.

പലരും വരുന്നുണ്ടു,
പോകുന്നുമു, ണ്ടെന്നാലും,
പഴുതേ കാക്കുന്നൂ ഞാന്‍
പാതയെന്‍മുന്നില്‍ ശൂന്യം!

വരുന്നില്ലൊരാള്‍മാത്രം,
വന്നീടുകയുമില്ലി-
ത്തെരുവീഥിയില്‍ക്കൂടി,-
യെങ്കിലും, കാക്കുന്നൂ ഞാന്‍!

ഹാ, നിത്യപരിചയ-
മൊക്കുമോ മാറ്റാന്‍?-കാല്‍കള്‍
താനേ, യാ നേരം വന്നാ,-
ലിങ്ങോട്ടു നീങ്ങിപ്പോകും!

ദൂരെയപ്പാദന്യാസം
കേള്‍ക്കുമ്പോഴേയ്ക്കും, ഹൃത്തി-
ലേറിടും തുടിപ്പെനി-
യ്ക്കെന്നെറ്റി വിയര്‍ത്തുപോം.

മറ്റരും കാണാതിരി-
യ്ക്കാനായ്, ഞാന്‍ മനപൂര്‍വ്വ-
മുറ്റുയത്നിക്കും മുഖ-
വൈവര്‍ണ്ണ്യം മറയ്ക്കുവാന്‍!

എങ്കിലും, സ്മേരാര്‍ദ്രമാ-
മാ മുഖം കാണുന്നേര-
മെന്‍കവിള്‍ത്തുടിപ്പേറു-
മെത്ര ഞാന്‍ ശ്രമിച്ചാലും!

അസ്ഥിമാത്രാവശേഷ-
മാ രൂപം, ഞാനോര്‍ത്തിടാ-
തിത്ര മേലെന്‍പ്രാണനോ-
ടെമ്മട്ടിലൊട്ടിച്ചേര്‍ന്നു?

കണ്ണിമയ്ക്കാതാ മുഖ-
ത്തങ്ങനെ നോക്കിക്കൊണ്ടു
നിന്നുടും നേരം, സ്വയം
നിര്‍വൃതിക്കൊള്ളുന്നൂ ഞാന്‍.

ഒരുവാക്കിടയ്ക്കെങ്ങാ-
നോതുവാനൊത്താല്‍, പ്പിന്നൊ
ന്നരുളാന്‍, രോമോദ്ഗമം
തടയും, കുഴങ്ങും ഞാന്‍!

ഇമ്മന്നില്‍, സ്വാര്‍ത്ഥപ്പുക
ലേശവും പുരളാത്ത
നിര്‍മ്മലപ്രേമം പോലു-
മപരാധമാണലോ!

ഞാനെന്റെ ഹൃദയത്തെ
വഞ്ചിയ്ക്കാന്‍ പഠിയ്ക്കാഞ്ഞ-
താണിന്നീ വിപത്തുകള്‍-
ക്കൊക്കെയുമടിസ്ഥാനം

എങ്കിലും, പശ്ചാത്താപ-
മില്ല മേ-നേരേമറി-
ച്ചങ്കിതമാണെന്‍ചിത്ത-
മഭിമാനത്താലിന്നും

ഗദ്ഗദസ്വരത്തിലു-
ള്ളാ യാത്രാമൊഴിയിതാ
മല്‍ക്കര്‍ണ്ണയുഗ്മത്തിങ്ക-
ലിപ്പൊഴും മുഴങ്ങുന്നു.

മ്ളാനമാ മുഖ, മശ്രു-
കലുഷം, മായാതെന്റെ
മാനസനേത്രങ്ങള്‍ക്കു
മുന്‍പി, ലിപ്പൊഴും നില്‍പൂ.

മായ്ക്കുവാന്‍ നോക്കുന്തോറും
മേല്‍ക്കുമേല്‍ത്തെളികയാ-
ണാക്കണ്ണി, ലകളങ്ക-
സ്നേഹത്തിന്‍ മരീചികള്‍.

ഭദ്രവും, രാഗാര്‍ദ്രവും,
ദീനവുമാ, മാ നോട്ടം,
നിദ്രയില്‍പ്പോലും, നിത്യ-
മസ്വസ്ഥയാക്കുന്നെന്നെ!

എന്തിനായ് വിധിയേവ-
മാനയിച്ചതു, കഷ്ടം,
ചിന്തിയാ, തെന്‍മുന്നിലാ
പ്രിയദര്‍ശനരൂപം?

ഹാ, വരാകി ഞാനൊരു
സുസ്മിതത്തിനുപോലും
കേവലമെനിയ്ക്കീശ-
നേകിയില്ലല്ലോ ഭാഗ്യം!

എന്‍മനോഭാവം മൂലം
നഷ്ടമില്ലാര്‍ക്കും, കാമ-
കന്മഷക്കലര്‍പ്പതി-
നേറ്റിട്ടില്ലൊരിയ്ക്കലും.

ഇന്നോളമപരാധം
ചെയ്തിട്ടില്ലൊരാള്‍ക്കും ഞാ-
നെന്നിട്ടും, വിധിയെന്നെ
നിര്‍ദ്ദയം വഞ്ചിച്ചല്ലോ!

എങ്കിലും, വ്യതിചലി-
യ്ക്കില്ലൊരു കാലത്തുമെന്‍-
സങ്കല്‍പം, ദൈവത്തിങ്കല്‍-
നി, ന്നിനിയണുപോലും!

എന്നാത്മശുദ്ധിയ്ക്കു, മെന്‍-
പാവനപ്രേമത്തിനും,
കണ്ണുനീരാകാം പക്ഷേ
വിധിച്ചതെനിക്കീശന്‍.

അതില്‍, ഞാനസംതൃപ്ത-
യല്ലൊരു നാളും-മുഗ്ദ്ധ-
സ്മൃതിക, ളെന്‍ ചിത്തത്തി-
നുണ്ടല്ലോ താലോലിയ്ക്കാന്‍!

ശാശ്വതമാണാ സ്നേഹ,-
മറിയാമെനിയ്ക്കതൊ-
ട്ടാശ്വാസം തരുന്നുമു,-
ണ്ടെന്നാലും, മയ്യോ, മേലില്‍,

എത്രയും മെലിഞ്ഞു നീ,-
ണ്ടരികില്‍ സ്പന്ദിച്ചുകൊ-
ണ്ടെത്തു, മച്ഛായാരൂപ,-
മെങ്ങനെ മറക്കും ഞാന്‍?
                        8-11-1119
       15

ന്നാലുമോമനേ, സായാഹ്നദീപ്തിയി-
ലൊന്നുനോക്കീടുകീ നാടിന്റെ ഭംഗി നീ!
താര്‍തെന്നല്‍ പുല്‍കി, ക്കുണുങ്ങിനില്‍ക്കുന്നിതാ
പൂത്തും തളിര്‍ത്തും മരതകക്കാടുകള്‍;
കേവലാനന്ദം നിറപ്പകിട്ടേകിയ
ദേവലോകത്തിലെ സ്വപ്നങ്ങള്‍ മാതിരി!
ചിത്തമോദാകുലം ചൈത്രം നടത്തുമീ-
ചിത്രകലോത്സവം കാണൂ, വിലാസിനി!
                        27-9-1119

       16

പൊന്നൊലിയ്ക്കുമിപ്പൂവുടല്‍കൂടിയും
മണ്ണടിഞ്ഞീടുമല്ലോ, മനോരമേ!
                        10-4-1113