മഞ്ഞക്കിളികള്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പ്രാര്‍ത്ഥന

മംഗളം 'നിപ്പണ്‍' സിംഹാസനമേ, ജയിക്ക നീ
ഞങ്ങള്‍തന്‍ പുരാതനരാഷ്ട്രത്തിന്‍ നടുത്തൂണേ!
ഇനിയും ചിരകാലമിതുപോലല്‍പം പോലു-
മിടറാ, തിളകാതെ, വെല്‍കനീ മേന്മേല്‍!-
കേവലമിതുമാത്രമാകാവൂ ശേഷിച്ചൊരെന്‍
ജീവിതത്തിലും, ഹാ, മല്‍പ്രാര്‍ത്ഥന, ഭഗവാനേ!

                             - മെയ് ജി. ടെന്നോ.

പുഷ്പഗിരി

എങ്ങു പോകിലും പൂവണിച്ചെണ്ടുകള്‍
തിങ്ങിനില്‍പതല്ലാതെ മറ്റൊന്നുമേ
ലേശമെങ്കിലും കാണാതിരിക്കുകില്‍
'യോശിനോമല'യാണതെന്നോര്‍ക്കുവിന്‍!

                             - അജ്ഞാതനാമാ

ഏകാഭിലാഷം

വിഷ്ണുപദത്തിലേക്കന്തസ്സിലങ്ങനെ
കൃഷ്ണപ്പരുന്തു പറന്നുയരുന്നപോല്‍
നിന്ദ്യമാമെന്തിനുമ്മീതെയായ് 'നിപ്പണ്‍'റ്റെ
വന്ദ്യമഹിമ വിലസട്ടെ മേല്‍ക്കുമേല്‍!
എന്നുമേ നൂനമീയാശയൊന്നല്ലാതെ
മന്നിതില്‍ ഞങ്ങള്‍ക്കു മറ്റില്ലൊരാഗ്രഹം.

                             - ഹിറോ ഹിറ്റോ

അരിപ്പിറാവ്

പാദങ്ങള്‍ തത്തിപ്പറമ്പിലെങ്ങും
പാറിനടക്കുമരിപ്പിറാവേ!
പാവത്തം തോന്നിപ്പോം മാതിരിയില്‍
പാരം ചടച്ചോരരിപ്പിറാവേ!
ഉള്ളലിയുംമാറുഴന്നുപോകും
തള്ളയില്ലാത്തോരരിപ്പിറാവേ!
വാ, വാ, നീയെന്‍ പൊന്നരിപ്പിറാവേ!
നമ്മള്‍ക്കൊരുമിച്ചിരുന്നിവിടെ
നര്‍മ്മമധുരമായ് കേളിയാടാം!

                             - അജ്ഞാതനാമ

ലോകം

പേമാരി വാരിക്കോരിച്ചൊരിയും നേരം, സ്വൈരം
താമസിക്കുവാന്‍ തക്ക താവളം, സ്വല്‍പംനേരം-
അതുതാനീ നാം വാഴുമുലകം!-ഞൊടിക്കകം
സ്മിതപൂര്‍വ്വകം ചൊല്‍വൂയാത്ര നാം നമോവാകം!

                             - സോഗി

യോദ്ധാവിന്റെ സ്വപ്നങ്ങള്‍

ഊഷ്മാവുയര്‍ന്നെരിഞ്ഞുജ്ജ്വലിച്ചീടുമ-
ഗ്രീഷ്മത്തിലെത്തളിര്‍പ്പുല്‍ക്കൊടിച്ചാര്‍ത്തുപോല്‍,
വേരറ്റുവീഴുന്നു, വാടുന്നു, മായുന്നു
പോരാളിവീരന്റെപൊന്നിന്‍കിനാവുകള്‍!
നീരില്‍വരച്ച വരകളായ്ത്തീരുന്നു
പാരിലവനാര്‍ന്ന പേരും പെരുമയും! ...

                             -അജ്ഞാതനാമാ

മനുഷ്യന്റെ മനസ്സ്

അല്ലാ-മാനവനെക്കുറിച്ചു പറയാ-
നാണെങ്കി,ലാര്‍ക്കായിടും
ചൊല്ലീടാന്‍, പിഴപറ്റിടാ,തുലകിലി-
ന്നെന്തെന്നവന്‍തന്മനം?
ചൊല്ലാളുന്ന പുരാതനത്വമെഴുമി-
ഗ്രാമത്തിന്‍ മാറ്റംപെടാ-
തല്ലീ, പെയ്യുവതി, ന്നതേപരിമളം
പൂവിട്ട തൈച്ചെമ്പകം?

                             -ത്സുരയുകി

പാതിരാച്ചന്ദ്രന്‍

പൊങ്ങിവളരും പയിന്‍മരച്ചാര്‍ത്തുകള്‍
തിങ്ങുമിക്കാടിനു പിന്നില്‍
പാതിരാപ്പേമാരി മുക്കിക്കുളിപ്പിച്ച
പച്ചിലച്ചാര്‍ത്തിന്‍ പഴുതില്‍;
ദൃശ്യമാം കുന്നിതിഴഞ്ഞിഴഞ്ഞെത്തുന്ന
വശ്യസുധാകരബിംബം!

                             -അജ്ഞാതനാമാ

പ്രേമസിന്ധു

'യുര' സരിത്തിലെത്തരംഗമാലയി-
ലൊരുവെറും കൊച്ചു കൊതുമ്പുതോണിയില്‍,
അമരം കൈവിട്ടു ചകിതനായ്, ത്തനി-
ച്ചതാ ഗമിപ്പിതൊരവശനാവികന്‍!
അതുവിധം, കഷ്ടന്‍, പ്രണയസിന്ധുവൊ-
ന്നലയടിച്ചിങ്ങു കിടപ്പതെന്മുന്നില്‍!
അസീമമാമതിന്‍ വിശാലതയ്ക്കക-
ത്തമര്‍ന്നിടുന്നുണ്ടെന്നഭയസൈകതം.
അറിവതില്ല ഞാനെവിടെയാണതെ-
ന്നരുതെനിക്കെന്നാലകന്നൊഴിയുവാന്‍!
ഗംഭീരസാഗരമിതിന്‍ സ്വഭാവവും
ഗഹനമാമൊന്നുമറിഞ്ഞുകൂട മേ! ...

                             -സോനേ യോഷിറ്റാഡ

ആരാധകന്‍

മാറിയകലുവിന്‍, മാറിയകലുവിന്‍
മാറിയകലുവിന്‍ കൂട്ടുകാരേ!
അഞ്ജലി ചെയ്തിടട്ടൊറ്റയ്ക്കിരുന്നു ഞാ-
നന്തിയാവോളമിത്താരുകളെ!
                             -അജ്ഞാതനാമ

അപേക്ഷ

പൂപോലെയത്രയ്ക്കു നനുത്തതാണെന്‍
സഹോദരന്‍ മെയ്യിലണിഞ്ഞ വസ്ത്രം
വീടെത്തിടട്ടൊന്നവ,നാകയാല്‍ നീ
വീശായ്ക കാറ്റേ, ബഹുശക്തിയായി

                             -സകാനോ യേ പ്രഭ്വി

സല്ലാപം

'ഇനാമി' മൈതാനതലത്തില്‍ മുറ്റും
വനാളി വെള്ളിപ്പുഴയിങ്കല്‍ മുക്കി.
അനല്‍പഭാസ്സാര്‍ന്നു സുധാംശു വിണ്ണി-
ലണഞ്ഞൊരീ രാത്രിയിലാത്തമോദം;

പരസ്പരം പ്രേമരസം പകര്‍ന്നും
പരശ്ശതം നര്‍മ്മവചസ്സുചൊന്നും,
പുരയ്ക്കകത്തിങ്ങനെ കൂടുകല്ലീ
വരാംഗി,രാഗാര്‍ദ്രഹൃദന്തര്‍ നമ്മള്‍? ...

                             -അജ്ഞാതനാമാ

അജ്ഞാതപ്രണയം

ഊഷ്മാവുയര്‍ന്നുയര്‍ന്നെങ്ങുമുലാവുമ-
ഗ്രീഷ്മപ്രതപ്തമാം മൈതാനഭൂമിയില്‍,
വല്ലിപ്പടര്‍പ്പുകള്‍ക്കുള്ളില്‍ വളരുമ-
ച്ചെല്ലക്കുളിര്‍ച്ചെങ്ങഴിനീര്‍മലരുപോല്‍,
അത്രയ്ക്കനുശോച്യമാമൊരു വസ്തുവാ-
ണജ്ഞാതമാകും പ്രണയമെന്നോര്‍ക്കുവിന്‍!

                             -സകാനോ യേ പ്രഭ്വി

ദൂരെ,പ്പരിഷ്കാരം തൊട്ടുതേച്ചിട്ടില്ലാ-
ത്തീരാജ്യത്തേവം, കടല്‍ക്കരയില്‍,
മുക്കുവന്മാര്‍തന്‍ വലക്കയര്‍ക്കെട്ടുകള്‍
മുക്കിയലമ്പിത്തെറുത്തുകെട്ടി,
ഏകനായ് കാലം കഴിക്കുവാന്‍ യോഗമു-
ണ്ടാകുമെന്നയ്യോ ഞാനോര്‍ത്തിരുന്നോ?
                         -ഓനോ നോ തക്കാമുരാ
എന്റെ പ്രേമം

ദുര്‍ഗ്ഗമാദ്രിയില്‍ ഗൂഢമായ് നില്‍ക്കും
ശഷ്പരാശിപോലാണു മല്‍പ്രേമം.
എത്ര മുറ്റിത്തഴച്ചുയര്‍ന്നാലെ-
ന്തിത്തിരിയുമറിയുകില്ലാരും!

                             -ഓനോ നോ യോഷിദി

എന്റെ ഹൃദയം

എത്രസുന്ദരനപ്പുമാ!' നീവിധ-
മുദ്രസം ചിന്തചെയ്യുമെന്മാനസം,
ആഞ്ഞുമുന്നോട്ടിരച്ചാര്‍ത്തതിദ്രുതം
പാഞ്ഞുപോകുമൊരു നദിപോലെയാം;
എത്രയെത്ര ചിറക്കെട്ടു തീര്‍ക്കിലെ-
ന്തൊക്കെയും തച്ചുടച്ചു മുന്നോട്ടു പോം!

                             -സകാനോ യേ പ്രഭി

കുരുവിക്കുഞ്ഞിനോട്

കലിതരസം പാറിപ്പറന്നു വന്നെന്‍-
മലരുകളില്‍ത്തത്തുന്നൊരീച്ചകളേ,
അയി,കുരുവിക്കുഞ്ഞേ, നീ മത്സുഹൃത്തേ,
ദയവിയലു,കിങ്ങനെ തിന്നരുതേ!

                             -ബാഷോ

ഹൃദയപുഷ്പം

പുറമേ നോക്കുകില്‍ ചിഹ്ന-
മൊരുലേശവുമെന്നിയേ
കരിയും വസ്തുവീ മന്നില്‍,
നരന്‍തന്‍ ചിത്തപുഷ്പമാം!

                             -ഓനോനോ യോഷിദി

മോഹിനി

കാണ്മൂ ഞാന്‍ പാടിത്തിരച്ചാര്‍ത്തൊഴുകുന്ന
കാണ്‍കെ ഞാന്‍ പൂഞ്ചോല ലാലസിപ്പൂ!-
ചേണാര്‍ന്നെന്‍ കണ്ണിനാലാവണ്യലക്ഷ്മിയെ-
ക്കാണാന്‍ കഴിയുകില്ലെന്നിരിക്കില്‍,
സന്തതം പിന്നെയവളെക്കൊതിക്കുവ-
തെന്തിനാണയ്യോ, ഞാനിത്ര മാത്രം?

                             -ചുനാഗന്‍ കനാസുകെ

വഞ്ചകി

"വന്നിടാമൊറ്റനിമിഷത്തിനുള്ളില്‍ ഞാന്‍!"
എന്നവള്‍ ചൊന്നതുമൂലം;
ഒറ്റയ്ക്കൊരു നീണ്ടമാസം മുഴുവനും
മുറ്റത്തുകാത്തു ഞാന്‍ നിന്നു!-
കാലത്തുനേരത്തു ചന്ദ്രനുദിക്കുന്ന
കാലംവരെ,ക്കാത്തുനിന്നു!

                             -സോന്വേയ്ഹോഷി

മരിച്ചിട്ട്

അവസാനയാത്രയെന്‍ ഭവനത്തോടോതി ഞാ-
നവനിയില്‍നിന്നും മറഞ്ഞാല്‍-
മരണാസിതാംബരം മറയിട്ട മജ്ജഡം
മണലിലടിഞ്ഞു കഴിഞ്ഞാല്‍-
തിരികൊളുത്താന്‍ പോലുമാളില്ലാതെന്‍ ഗൃഹം
തിമിരത്തിലാണ്ടുകിടന്നാല്‍-
പനയോലമേഞ്ഞൊരെന്‍ നിലയത്തിന്‍ നികടത്തില്‍
പരിലസിക്കുന്ന തൈമാവേ,
മധുമാസമണയുമ്പോള്‍ മണല്‍മുറ്റത്തൊരുനാളും
മലരിടാന്‍ നീ മറക്കൊല്ലേ! ....

                             -സുഗാവര മിച്ചിസാനെ

അശ്വാശനം

ആ മലയില്‍പ്പുല്ലുചെത്തി നിന്നിടുന്ന ബാലാ
അരുതു ചെത്തരുതവിടെനിന്നേവ, മവിടെനില്‍ക്കുമപ്പുല്ലുകള്‍
ഹൃദ്രമനെന്‍ ജീവനാഥനുദ്രസമിങ്ങെത്തും;
ഭദ്രമദ്രിയിലെത്തൃണാവലി മുറ്റിനില്‍ക്കണമെങ്ങും.
നീളെനീളെക്കണ്‍കുളിര്‍ക്കെ നില്‍ക്കണമതെങ്ങും
നിജനിരുപമതുരഗകത്തിനൊരമൃതഭക്ഷണമാകാന്‍!

                             -കോക്കിനോമോട്ടോ നോഹിറ്റോമാറോ

മാവിന്റെ മുമ്പില്‍

നിയതമവിടത്തിലാക്കല്‍പ്പുരച്ചാര്‍ത്തിന്റെ
നികടഭുവി നില്‍ക്കുന്ന തുംഗമാകന്ദമേ,
കുസുമിതസുശീര്‍ഷസുസ്മേരനാം നിന്‍നേര്‍ക്കു
കുതുകഭരമോടു ഞാന്‍ നോക്കുന്നവേളയില്‍
മനസി മമ തോന്നുന്നു, ഹാ, പൂര്‍വ്വികന്മാരെ
മഹിയില്‍, മമ മുന്നില്‍ ഞാന്‍ കാണുന്നമാതിരി!

                             -ഹാകുത്സു

രാഗനൈരാശ്യം

ഭൂതലത്തിങ്കലെന്‍ വാഴ്ചതൊട്ടിന്നിമേല്‍
ജാതരാം മര്‍ത്ത്യരിലാര്‍ക്കുമാര്‍ക്കും,
പെണ്‍കൊടിമാരെയിണക്കി, യനുരാഗ-
മങ്കുരിപ്പിക്കുവാനുള്ള മാര്‍ഗ്ഗം,
ഞാനാശ്രയിച്ചമട്ടുള്ളൊന്നൊരിക്കലും
പൂണുവാന്‍ ദുര്‍വ്വിധി കൈവരൊല്ലേ!

                             -കോക്കിനോമോട്ടോനോ ഹിറ്റോമാറോ

വാര്‍ദ്ധക്യം വന്നാല്‍

കേള്‍ക്കണം വരുന്നുണ്ടു വാര്‍ദ്ധക്യമെ,ന്നെന്നാലോ-
രാള്‍ക്കുടന്‍, മുറിവാതില്‍ ഭദ്രമായ്ത്തട്ടിപ്പൂട്ടി,
ഇരിക്കാ, മന്വേഷിച്ചാല്‍ വീട്ടിലില്ലിപ്പോഴെന്നാ-
യുരയ്ക്കാ, മേവം കാണാതിരിക്കാ, മെല്ലാമൊക്കും!

                             -അജ്ഞാതനാമാ

പഴയൊരപ്പടനിലമഴകില്‍ വീണ്ടും
പല പൂക്കള്‍ വസന്തത്തിലണഞ്ഞു നില്‍പ്പൂ.
ഇരുപതിനായിരം രണകുശലര്‍
നിരുപമ പരാക്രമമിയന്ന യോധര്‍,
ഒരുമിച്ചന്നോമനിച്ച മധുരസ്വപ്നം
ശരി, യതു മുഴുവനും മണ്ണടിഞ്ഞു.
അവരിന്നില്ലവരുടെ കിനാവിലല്‍പ-
മവശേഷിച്ചിരിപ്പതിപ്പൂക്കള്‍ മാത്രം!

                             -ബാഷോ

അറിയുന്നതെങ്ങനെ?

കേള്‍ക്കാന്‍ കൊതിച്ചുപോമ്മട്ടില്‍-ഏവം
രാപ്പാടി പാടാതിരിക്കില്‍,
വെയ്ലേറ്റു മഞ്ഞുരുകാതെ-നില്‍ക്കും
ശൈലാവകീര്‍ണ്ണമീ ഗ്രാമം,
എമ്മട്ടറിയും വസന്തം-ഇങ്ങു
വന്നുല്ലസിക്കുമുദന്തം?

                             -നകാത്സുകാസ

വര്‍ഷാഗമം

'സു'രാജ്യത്തില്‍ത്തഴച്ചുപിടിച്ച
കോരപ്പുല്ലുകള്‍ ചുറ്റിലും മുറ്റി,
ചേലിയന്നതിന്‍ ചാര്‍ത്തില്‍ മറഞ്ഞു
ലാലസിക്കുമെന്‍ വീടിതില്‍പ്പോലും,
ഇന്നൊടുവി, ലിതാ, പിഴയെന്യേ
വന്നുചേര്‍ന്നു കൊടും ശീതകാലം!

                             -മിനാമോട്ടോ നോഷിഗയുകി

അതിലേ പോകുന്നേര-
ത്തെന്‍ പ്രതിബിംബം നോക്കി-
യവിടെ, ക്കണ്ണാടിതന്മുന്നില്‍
ഞാന്‍ നിന്നേനല്‍പം.
ഹാ, കഷ്ടം! പരിചയ-
മില്ലല്ലോ വയോധിക-
നേകനാ,ണൊരുമര്‍ത്ത്യന്‍
തോന്നിപ്പോയെനിക്കേവം!

                             -കോക്കിനോ മോട്ടോ നോ ഹിറ്റോ മാറോ
കാട്ടുവാത്തിന്റെ കരച്ചില്‍

അവിടെയുദധിയിങ്കല്‍ച്ചെന്നുപറ്റാനസംഖ്യം
ലവണസരണിയിങ്കല്‍ക്കൂടിയെന്‍ തോണി പോകെ,
ചെവികളിലണയുന്നൂ നേര്‍ത്തുനേ,ര്‍ത്താദ്യമായി-
ട്ടവിടമധിവസിക്കും കാട്ടുവാത്തിന്‍ വിലാപം.

                             -സായ്ഗ്യാ ഹോഷി

ഏകാന്തവാപി

ലോകാരംഭം മുതല്‍ശ്ശാന്തമായെന്നപോ-
ലേകാന്തവാപിയൊന്നുല്ലസിപ്പൂ.
ഇല്ലൊരനക്കവുമൊച്ചയും-യാതൊന്നു-
മില്ലാതുറക്കമാം ഭദ്രമായി!
മന്ദമിടയ്ക്കൊരിളക്കമതാ,കൊച്ചു-
മണ്ഡൂകമൊന്നതില്‍ ചാടിവീണു.

                             -ബാഷോ

ഹിമസ്നാനം

എന്‍ പൊന്നനുജത്തിക്കായ് മുകള്‍ക്കൊമ്പിലെ-
ച്ചെമ്പകപ്പൂക്കള്‍ പറിച്ചെടുക്കേ,
താഴത്തെച്ചില്ലകള്‍ ചാഞ്ഞുലഞ്ഞങ്ങനെ
വീഴുന്ന മഞ്ഞുനീര്‍ത്തുള്ളികളാല്‍,
മുങ്ങിക്കുളിച്ചിതടിമുടി, ഞാന്‍, തണു
ത്തംഗങ്ങളെല്ലാം വിറച്ചുനില്‍പ്പൂ!

                             -കോക്കിനോ മോട്ടോ നോ ഹിറ്റോ മാറോ

ശങ്ക തോന്നിടാ

ചീകീടേ മോദപൂര്‍വന്‍ നീ
തൂകും നാദം ശ്രവിക്കവേ,
ചാകും നീയുടനെന്നാര്‍ക്കും
ലോകത്തില്‍ ശങ്ക തോന്നിടാ.

                             -ബാഷോ

എന്റെ കൗശലം

അല്ലില്‍പ്പടിപ്പുരവാതില്‍ക്കലെത്തുവാന്‍
വല്ലതും സൂത്രമൊന്നെന്തെടുപ്പൂ?
"ചേലില്‍ മുളകളാല്‍ മുറ്റത്തു നിര്‍മ്മിച്ച
വേലി ഞാന്‍ ചെന്നൊന്നു നോക്കിടട്ടേ!"
ഏവം കഥിച്ചെഴുന്നേറ്റു ഞാനങ്കണ-
ഭൂവിലേക്കേകയായാഗമിച്ചു.
ഞാനേവം തന്ത്രം പ്രയോഗിച്ചതെന്നാലെന്‍
പ്രാണേശനെക്കാണാനായിരുന്നു!

                             -യാക്കോമോച്ചി

പ്രഭാതത്തില്‍

മധുരതരസ്വപ്നശതത്തില്‍നിന്നും
മണിനിനാദമെന്നെ വിളിച്ചുണര്‍ത്തി,
അതിനോടിടചേര്‍ന്നു ഞാന്‍ പത്തുവട്ട-
മഖിലേശനാമം സ്തുതിച്ചുചൊല്ലി!

                             -സായ്ഗ്യാ ഹോഷി

അനുഭവം

ഇലപൊഴിയുംകാലത്തിലെമ്മട്ടിലൊറ്റയ്ക്കാ
മല കയറാനൊക്കും നിനക്കു?-ചൊല്ലൂ!
ഒരുദിനമന്നിരുവര്‍നാമൊരുമിച്ചു പോയിട്ടും
പെരുതു പണിയെന്നു നാം കണ്ടതല്ലേ!

                             -ദായ്ഹാക്കു രാജകുമാരി

പുകച്ചുരുളുകള്‍

'നാവാ' തീരേ ലവണദഹനാധ്മാന-
കുണ്ഡങ്ങള്‍ ചിന്നി
ത്താവും ധൂമച്ചുരുളുകളുയര്‍ന്നന്ത്യ-
സന്ധ്യാഗമത്തില്‍,
ആവും മട്ടില്‍ത്തുനികിലുമിഴ-
ഞ്ഞപ്പുറം ചെന്നുപറ്റാ-
നാവാതങ്ങിങ്ങുഴറിയഴകാര്‍ന്നദ്രി-
യില്‍ത്തങ്ങിനില്‍പ്പൂ!

                             -ഹിയോക്കിനോ കോ-ഓക്കിമ

ഓര്‍ത്തിരിക്കാതെ

പഥികര്‍ നടന്നു കടന്നുപോകും
പരിചിയലുന്നോരക്കാഴ്ച കാണാന്‍
വഴിവക്കില്‍ നില്‍ക്കും കറുകവല്ലി
വഴിയും രസത്തോടൊന്നെത്തിനോക്കി
കഴിവെ,ന്തതിലേ കടന്നുപോയ
കഴുതയതിനെ വയറ്റിലാക്കി.

                             -ബാഷോ

മൈതാനത്തില്‍

കാസുഗാമൈതാനഭൂവിലുയര്‍ന്നതാ
കാണുന്നു നീളെപ്പുകച്ചുരുള്‍ച്ചാര്‍ത്തുകള്‍,
ശ്രീലചൈത്രാങ്കിതമൈതാനവീഥിയില്‍-
ച്ചേലില്‍പ്പൊടിച്ച ഹരിതകത്തയ്യുകള്‍,
ഇല്ല, മേ സംശയം നാരിമാര്‍ പോയ്പ്പറി-
ച്ചെല്ലാമെടുത്തു പചിക്കുകയാകണം!

                             -കോക്കിനോ മോട്ടോ നോ ഹിറ്റോ മാറോ

ഫലിക്കാത്ത ആശ

കൊണ്ടാടി നമ്മളൊരുമിച്ചൊരു പൊന്‍കിനാവില്‍
കണ്ടെത്തുമെന്നു കരളില്‍ കൊതിയാര്‍ന്നമൂലം,
ഇണ്ടല്‍പ്പെടാനുമിടയായിതുറക്കമെന്നൊ-
ന്നുണ്ടായിടാതെ നിശ ഞാന്‍, സഖി, തള്ളി നീക്കി!

                             -അജ്ഞാതനാമാ

കെട്ടുപിണഞ്ഞ ചിന്തകള്‍

മന്നിങ്കല്ലാ നിര്‍മ്മലരാഗമെന്നും
നിന്നീടുമെന്നെങ്ങനെ നിശ്ചയിക്കാം
ഒന്നായ്പ്പിണഞ്ഞെന്‍ മുടിപോലെയിന്നു
ചിന്നിക്കിടപ്പൂ, മമ ചിന്തയെല്ലാം!

                             -ഹോറിക്കാവാ പ്രഭ്വി.

ഗൂഢശപഥം

ഈ വിശ്വം വേണ്ടെനിക്കീ നിമിഷത്തിലെന്‍
ജീവിതനൂലിഴപൊട്ടിയെങ്കില്‍! ...
എന്‍കരള്‍ക്കാമ്പിന്‍ നിഗൂഢശപഥമൊ-
ന്നെങ്കി,ലനുരക്തമായ് മേവിയേനേ!

                             -ഷോക്കു രാജകുമാരി

ഉഷസ്സില്‍

കതിര്‍നിരകളങ്ങനെ പാകിപ്പാകി
കനകലസല്‍ക്കാല്യമണഞ്ഞിടുമ്പോള്‍,
തുകിലണിവാനന്യോന്യം നമ്മള്‍ ചെയ്യും!
തുണയതഹോ, ചിന്തിക്കിലെത്ര കഷ്ടം!

                             -അജ്ഞാതനാമാ

അല്ല

യാഥാര്‍ത്ഥ്യമൊന്നും, യഥാര്‍ത്ഥമല്ലെന്നുള്ള
ബോധമെനിക്കു ശരിക്കുമുണ്ടാകയാല്‍,
സ്വപ്നങ്ങള്‍ പിന്നെയൊന്നെമ്മട്ടതേവിധം
സ്വപ്നങ്ങളാണെന്നു സമ്മതിക്കുന്നു ഞാന്‍!

                             -സായ്ഗ്യാ ഹോഷി

വെറുപ്പ്

പകല്‍ വേഗം പോകുമറിയാമെനിക്കുടന്‍
പകരമാ നിശ വീണ്ടും വന്നുചേരും ....
എന്നാലുമെത്ര വെറുക്കുന്നു പോകുവാ-
നെന്നോടരുളിടുമുഷസ്സിനെ ഞാന്‍!

                             -ഹ്യൂജിവാരാനോ മിച്ചിനോബു


ബകരോദനത്താല്‍

ചേറാളും വയലിന്‍ വരമ്പില്‍ നിയതം
ധ്യാനത്തില്‍ നിര്‍മ്മഗ്നനാ-
യാരാല്‍ക്കണ്ണുമടച്ചിരുന്നിടുവൊരാ-
ക്കൊക്കൊന്നു കേണീടവേ;
പാരം ഭീതിയില്‍ മറ്റുപക്ഷികളഹോ
ഞെട്ടിത്തെറിച്ചൊ,ക്കെയും
തീരെത്താന്തതയാര്‍ന്നമട്ടു നിതരാം
വര്‍ഷിപ്പു ദീനസ്വനം?

                             -അജ്ഞാതനാമാ

ദ്രവിപ്പുചിത്തം

അസ്സൗരഭാര്‍ദ്രമാം ചെമ്പകച്ചോട്ടിലെ-
ലെന്തുത്സവം ഞങ്ങളന്നാസ്വദിച്ചു!
ആ മധുരസ്മൃതിയോരോന്നണഞ്ഞു മല്‍-
പ്രേമാര്‍ദ്രചിത്തത്തെ ത്രസിച്ചുനില്‍ക്കേ;
അച്ചെമ്പകത്തോടു ചോദിച്ചുപോയി! ഞാ-
നച്ചാരുഗാത്രിതന്‍ വര്‍ത്തമാനം!
ഓതുന്നതെന്തു ഞാന്‍? ...ഹാ, കഷ്ടം, വാസന്ത-
ശീതേന്ദുബിംബം ... ദ്രവിപ്പു ചിത്തം!

                             -ഫൂജിവാര ഈയ് താക്കാ

എന്റെ കൈയുറകള്‍

ആരും കണ്ടെത്തിടാതാരുമറിഞ്ഞിടാ-
താരാലാ വാരാശിതന്‍പരപ്പില്‍,
കേവലം ശാന്തമായ് വേലിയേറ്റം വിട്ടു
മേവുമ്പോള്‍പ്പോലും ജലാന്തരത്തില്‍
താണുകിടക്കുമൊരു കൊടുങ്കാറ്റുപോ-
ലാണു ഞാന്‍ ചാര്‍ത്തുമെന്‍ കൈയുറകള്‍.
ഒറ്റനിമേഷത്തിലെങ്കിലും, ഹാ, ജലം
വറ്റിയതൊട്ടുമുണങ്ങുകില്ല!

                             -സാനുകി പ്രഭ്വി

ശുചീകരണം

ആവതും വേഗം തുടര്‍ച്ചയായി-
ട്ടാപതിക്കും ഹിമധാരകളെ
ഹാ, ശുചിയാക്കിടട്ടത്രയേറെ
ക്ലേശം പുരണ്ടൊരിജ്ജീവിതം ഞാന്‍!

                             -ബാഷോ

ലി ലിന്‍ഗ്

പതിനായിരം കാതം മണല്‍ക്കാടു താണ്ടി-
പ്പതറാതെ, തളരാതെയിവിടെ ഞാനെത്തി!
പരിചിലെന്തമ്പുരാനെജ്ജയമാല ചാര്‍ത്തി-
പ്പലഹൂണപ്പരിഷയെപ്പറപ്പിക്കാന്‍വേണ്ടി!
വഴിയില്ല പോകാനിനിച്ചൊരിമണ്ണുമുറ്റി
വഴിത്താരമുഴുവനും വഷളായിപ്പോയി!
ഒരുപോലെന്നമ്പും വാളും നുറുനുറുങ്ങായി,
വിരവിലെന്‍സേനകളും വീടുകളില്‍പ്പറ്റി!
ഞാനില്ല വരുന്നില്ലെന്‍ ഖ്യാതിയൊക്കെപ്പോയി!

എന്നമ്മമരിച്ചിട്ടിന്നേറെ നാളായി
ഇന്നെന്റെ വീട്ടിലോ ഞാനേകനായി.
എന്നോമല്‍ത്തമ്പുരാനൊരാശ്വാസമേകാന്‍
ചെന്നാലൊക്കുമെന്നോര്‍ക്കെക്കൊതിയുണ്ടു പോകാന്‍.
എന്നാലെമ്മട്ടിലൊന്നു പോകുവാന്‍ കഴിയും
എന്നെന്നുമിനിത്തനിച്ചിവിടെ ഞാന്‍ കഴിയും!

(ലി ലിങു, സുവു-ഇവര്‍ രണ്ടുപേരും ഹൂണന്മാരുടെ രാജ്യത്തില്‍ തടവുകാരായി കിടക്കുകയായിരുന്നു. പത്തൊമ്പതു കൊല്ലത്തിനുശേഷം സുവു വിമുക്തനായി. ലി ലിന്‍ഗ് അയാളോടൊന്നിച്ചു തിരിച്ചുപോവുകയില്ല. അങ്ങനെ ചെയ്യുവാന്‍ ക്ഷണിച്ചപ്പോള്‍ അയാള്‍ എഴുന്നേറ്റു നൃത്തംവച്ചുകൊണ്ട് ഇങ്ങനെ പാടി.)

ലി ഫ്യു-ജെന്‍

കഷ്ടം, നിലച്ചുകഴിഞ്ഞിതെന്നോമലിന്‍
പട്ടാംബരസ്വരചഞ്ചലവീചികള്‍!
അച്ഛസ്ഫടികശിലാനിര്‍മ്മിതോജ്ജ്വല-
സ്വച്ഛവരാന്തയില്‍ മുറ്റുന്നു ധൂളികള്‍.
നിശ്ചലമായിത്തണുത്തുപോയ്ത്തന്വിതന്‍
നിശ്ശൂന്യമായ്ത്തീര്‍ന്ന പൂമച്ചഖിലവും!
വാതില്‍ക്കലൊക്കെയും കുന്നുകൂടീടുന്നു
വാടിക്കൊഴിഞ്ഞോരുണക്കിലച്ചാര്‍ത്തുകള്‍!
പ്രേമാത്മകാശാവശനായനാരത-
മാ മനോജ്ഞാംഗിയെ ധ്യാനിച്ചുകൊണ്ടിദം,
കേണുവാഴുന്ന ഞാന്‍ ശാന്തിയിലെമ്മട്ടി-
ലാനയിച്ചീടുമെന്‍ സന്തപ്തമാനസം?

(മേല്‍പ്രസ്താവിച്ച കവിത, തന്റെ പ്രിയതമയായ ലി ഫ്യു-മെല്‍ മരിച്ചപ്പോള്‍ വൂ-ടി എഴുതിയിട്ടുള്ളതാണ്. സങ്കടം സഹിക്കാന്‍ സാധിക്കാതെ അദ്ദേഹം ചൈനയിലെല്ലായിടങ്ങളിലുമുള്ള വിദ്വാന്മാരെ () ആളയച്ചുവരുത്തി. മരിച്ചുപോയ പത്നിയുടെ ആത്മാവുമായി ഇടപെടാന്‍ സാധിക്കുമാറ് അവര്‍ തന്നെ ആക്കിത്തീര്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശ. ഒടുവില്‍ അവരിലൊരാള്‍ രാജ്ഞിയുടെ രൂപം ഒരു യവനികയിന്മേല്‍ ഉയര്‍ന്നുനില്‍ക്കുമാറ് നിര്‍മ്മിച്ചുകൊടുത്തു. ചക്രവര്‍ത്തി ഇങ്ങനെ വിലപിച്ചു.)

സദ്രസം മുന്നില്‍ വന്നു നില്‍ക്കും നീ
സത്യമോ, വെറും മിഥ്യയോ?
നിന്മുന്നിലേവമെമ്മട്ടാകിലും
നിന്നെയും നോക്കി നില്‍പ്പൂ ഞാന്‍!
ലോലമാമൊരു പട്ടു സാരിതന്‍
ചാലനസ്വനവീചികള്‍
വന്നണയുന്നു മന്ദമന്ദമെന്‍
കര്‍ണ്ണയുഗ്മത്തിലോമലേ!
എത്രയെത്ര പതുക്കെയാണു നീ-
യെത്തിടുന്നതെന്നോമനേ!

വെള്ളപ്പൊക്കം

ചുറ്റുച്ചുരുണ്ടുരുണ്ടു കോടക്കാര്‍ മുറ്റിമുറ്റി-
പ്പറ്റെ നിലച്ചു മഴയിറ്റിയിറ്റി!
മുറ്റുമഷ്ടാശകളും മേല്‍ക്കുമേല്‍ മങ്ങിമങ്ങി-
ക്കുറ്റാക്കുറ്റിരുട്ടെങ്ങും തിങ്ങിവിങ്ങി!
ഒപ്പനിരപ്പിയന്ന ഭൂമിക,ളിരച്ചാര്‍ത്തു
തപ്പിപ്പുളഞ്ഞൊഴുകും വന്‍പുഴയും!-
മുന്തിരിച്ചാറുണ്ടെ,നിക്കെന്മുന്നില്‍ പതഞ്ഞ ന-
ന്മുന്തിരിച്ചാറുണ്ടെനിക്കെന്റെ മുന്നില്‍!
മന്ദിരത്തിന്‍ കിഴക്കേ ജാലകസമീപത്തില്‍
മന്ദിതചേഷ്ടനായി കുടിച്ചിരിപ്പൂ.
അത്യന്തം കൊതിപൂണ്ടെന്‍ തോഴരെക്കുറിച്ചു ഞാന്‍
സദ്രസമോരോന്നോര്‍ത്തു സമുല്ലസിപ്പൂ!
എങ്കിലും, വരുന്നീലാ വഞ്ചിയോ, വണ്ടിയോ, ഞാ-
നെന്‍ കിളിവാതിലിങ്കല്‍ തനിച്ചിരിപ്പൂ!

                             -താ വോ ച്ചിന്‍

പുതിയ ധാന്യം

തിരിയെ വിളിക്കാന്‍ തരപ്പെടാതെ
തെരുതെരെപ്പായുന്നു വത്സരങ്ങള്‍!
അനുപമരമ്യമാമീയുഷസ്സി-
ലനഘപ്രശാന്തമീ നിശ്ചലത്വം
മമമെയ്യിലിന്നിളം ചൂടുചേര്‍ക്കും
ഹിമകാലവസ്ത്രം ധരിച്ചശേഷം
തനിയേസന്ദര്‍ശിക്കുമക്കിഴക്കന്‍
തണുവണിക്കുന്നിന്‍ചെരിവുകളില്‍
അലയുന്നതുണ്ടൊരു മൂടല്‍മഞ്ഞാ
മലയോരപ്പൂഞ്ചോലയിങ്കലെങ്ങും.
ഒരു മാത്രമാത്രമതുല്ലസിപ്പൂ
മറയുന്നു പിന്നത്തെ മാത്രയിങ്കല്‍.
അണയുന്നു തെക്കുനിന്നാടിയാടി-
ത്തണുവുറ്റതാമൊരു മന്ദവാതം
പുണരുകയാണതുമന്ദമന്ദം
പുതുധാന്യം പൂത്തവയലുകളെ!

                             -താ വോ ച്ചിന്‍

മധുരചിത്രങ്ങളില്‍

കര്‍ക്കടകമാസത്തില്‍ തളിരിട്ടടിമുടി
പൊക്കത്തില്‍വളരുന്നു പുല്‍ക്കൊടികള്‍
ഇലമുറ്റിത്തളിര്‍മുറ്റിത്തരുനിരച്ചില്ലക-
ളിളകുന്നെന്‍ ചെറുവീട്ടിന്‍ ചുറ്റുപാടും.
ഒരു കൊച്ചുകിളിപോലുമതു മേവും സ്ഥാനത്തില്‍
മരുവുന്നീലതിമോദമാര്‍ന്നിടാതെ.
അതുപോലിങ്ങിതഞാനും പനയോലമേഞ്ഞൊരെന്‍
സദനത്തെ സ്നേഹിപ്പൂ സാനുമോദം,
ഉഴുകിക്കഴിഞ്ഞു ഞാന്‍ വിതയും കഴിച്ചു ഞാ-
നൊഴിവുണ്ടെനിക്കിനിയേറെനേരം-
ഇവിടെയിരുന്നോരോ പുസ്തകം വായിക്കാ-
നിനിയെനിക്കവസരമുണ്ടധികം.
അവിടെയിടുങ്ങിയോരാ നടവഴിയിലി-
ല്ലവഗാഹമാളുന്ന കുഴികളൊന്നും.
തിരിയെ മടങ്ങുന്നു പലപൊഴുതുമാവഴി
പരിചിലെന്‍ തോഴര്‍തന്‍ വാഹനങ്ങള്‍.
ഹിമപാതകാലത്തെ മുന്തിരിച്ചാറു ഞാ-
നമിതോത്സവത്തില്‍ പകര്‍ന്നൊഴിപ്പൂ!
മതിമോദത്തോടു ഞാനെന്‍ തോട്ടത്തില്‍ വളരുന്ന
'ലതയൂസ'പ്പഴമേറെപ്പിഴുതെടുപ്പൂ!
പരിചില്‍പ്പതുങ്ങിപ്പതുങ്ങിക്കിഴക്കുനി-
ന്നൊരു കൊച്ചുപൊടിമഴയാഗമിപ്പൂ.
പരിചരണോത്സുകയാമതിനെയതിമധുര-
മാമൊരുകുളിര്‍തെന്നലനുഗമിപ്പൂ.
സദ്രസം 'ചൗരാജ' കഥതന്‍ തിരകളില്‍
തത്തുന്നെന്‍ ചിന്തകളലസമായി.
മലകള്‍തന്‍ കടല്‍കള്‍തന്‍ മധുരചിത്രങ്ങളി-
ലലകയാണലകയാണെന്മിഴികള്‍!
ഒരുവെറും നോട്ടത്തില്‍ കാണ്മൂ ഞാന്‍ നേരിട്ടു
വിരവിലീ വിശ്വത്തെയാകമാനം.
ഒരുനാളും ഭാഗ്യവാനല്ലേവം കുതുകങ്ങള്‍
പരിതൃപ്തിയുള്‍ത്താരിലേകിടാത്തോര്‍!

പര്‍വ്വതാരോഹണവേളയില്‍

നീലവിണ്ണുമ്മവെച്ചാരാലുയര്‍ന്നിതാ
ലാലസിക്കുന്നു 'കിഴക്കന്‍ കൊടുമുടി'.
പാരം നിഗൂഢമായ് നിശ്ചലമായിതാ
പാറപ്പടര്‍പ്പിനിടയ്ക്കൊരു ഗഹ്വരം!
നിര്‍മ്മിതമല്ല, ശിലാശില്‍പചാതുര്യ-
മര്‍മ്മപ്രകാശകമല്ലയിക്കന്ദരം.
നിഹ്നുതമാണിതെപ്പൊഴും പ്രകൃത്യംബ
തന്നിടും മേചകമേഘമേലാപ്പിനാല്‍!
കഷ്ടമെന്‍ ജീവിതത്തിന്മേല്‍ തുടര്‍ച്ചയാ-
യറ്റമില്ലാതുള്ള രൂപാന്തരങ്ങളെ
എത്തിച്ചിടുന്ന ദശകളേ, ചൊല്‍കെന്തു
വസ്തുക്കളാണയേ, നിങ്ങള്‍ ഋതുക്കളേ?
എന്നും വസിപ്പേന്‍ വസന്തഹേമന്തങ്ങള്‍
ചുമ്മാതെ വന്നുപോമിക്കന്ദരത്തില്‍ ഞാന്‍!
                             -താഓ-യ്യൂണ്‍

കപ്പലില്‍

പഴുതൊന്നുമില്ലാതൊരായിരമടിപൊങ്ങി-
പ്പരിലസിച്ചീടുന്ന പാറകളേ!
ഒരുകൊച്ചുതിരപോലുമിളകീടാതങ്ങനെ
മരുവുമസീമജലാശയമേ!
കലരാതെ കരിനിഴല്‍പ്പൊടിപോലുമെന്നെന്നും
വെളുവെളെമിന്നും മണല്‍പ്പുറമേ!
മഴയത്തും വെയിലത്തുമൊരു മാറ്റമില്ലാത്ത
മരതകപ്പച്ചപ്പയിനുകളേ!
ഒരു തടവില്ലാതിരച്ചാര്‍ത്തു തെരുതെരെ
തിരതല്ലിപ്പായുന്നോരരുവികളേ!
ശതവര്‍ഷശതയുഗകാലമായ് തങ്ങള്‍തന്‍
ശപഥങ്ങള്‍കാക്കുന്ന വിടപികളേ!
നിരുപിച്ചിരിക്കാതെ നിമിഷത്തില്‍ നിങ്ങളി-
ന്നൊരു പാന്ഥഹൃത്തിലെ വേദനയെ,
കഴുകിക്കളഞ്ഞെടുപ്പിച്ചിതൊരു പുത്തന്‍
കവിതയെഴുതാന്‍ തന്‍ തൂലികയെ!

                             -ചാന്‍ ഫാങ്ങ് ഷെങ്ങ്

ഒരു വിലാപം

(ബി.സി.110-നോടടുപ്പിച്ചു രാഷ്ട്രീയമായ ചില കാരണങ്ങളാല്‍ മദ്ധ്യേഷ്യയില്‍ വൂസുണ്‍കാരുടെ രാജാവായ കുണ്‍മോ എന്ന നോമാട് രാജാവിന്റെ ഭാര്യയാകുവാന്‍ വേണ്ടി ഹ്-ചി-ച്യൂണ്‍ എന്ന ഒരു ചൈനീസ് രാജകുമാരി അയയ്ക്കപ്പെട്ടു. അവള്‍ അവിടെച്ചെന്നപ്പോള്‍ തന്റെ ഭര്‍ത്താവായി വൃദ്ധനുംചാവാലിയുമായ ഒരാളെയാണ് അവിടെ കണ്ടത്. അയാള്‍ കൊല്ലത്തില്‍ ഒന്നോരണ്ടോ പ്രാവശ്യം, അവര്‍ ഒന്നിച്ചിരുന്ന് ഒരു കോപ്പ വൈന്‍ കുടിക്കുമ്പോള്‍ മാത്രമേ അവളെ കണ്ടിരുന്നുള്ളു. അവര്‍ക്കുതമ്മില്‍ പൊതുവായിട്ടൊരു ഭാഷ ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക് അന്യോന്യം സംഭാഷണം നടത്താന്‍ സാധിച്ചിരുന്നില്ല.)

മന്നിലകന്നൊരിക്കോണിലെന്‍ ബന്ധുക്ക-
ളെന്നെപ്പരിണയം ചെയ്തുനല്‍കി.
കേട്ടിട്ടില്ലാത്ത വിചിത്രമായുള്ളൊരു
കാട്ടിലേക്കെന്നെപ്പറഞ്ഞയച്ചൂ
ഹാ, കഷ്ടം, 'വൂസുണ്‍' കാര്‍തന്‍ നൃപനായിടു-
മേകനായ് തീറുകൊടുത്തിതെന്നെ.
കേവലമിന്നൊരു കൂടാരം മാത്രമാ-
ണാവസിക്കാനെനിക്കുള്ള ഗഹം.
ചര്‍മ്മച്ചുരുളിനാലാണിച്ചുരുളുകള്‍
നിര്‍മ്മിച്ചിട്ടുള്ളതെന്‍ ചുറ്റുപാടും.
കഷ്ടം, കുടിക്കുവാനശ്വത്തിന്‍ ദുഗ്ദ്ധമാ-
ണഷ്ടിക്കോ, ഹാ, വെറും പച്ചമാംസം.
ജന്മദേശത്തെയോര്‍ത്തെപ്പൊഴുമീവിധ-
മെന്മനം നോവുന്നിതെന്തുചെയ്യാം!
മന്മനം നീറുന്നു!- ഹാ കഷ്ടം! ഞാനൊരു
മഞ്ഞക്കിളിയായി മാറിയെങ്കില്‍.
പക്ഷപുടങ്ങളടിച്ചെന്‍ വീട്ടി-
ലിക്ഷണമെത്താന്‍ കഴിഞ്ഞുവെങ്കില്‍!