പോകു,സോദരീ, പോകു, നിന്നാത്മ-
ശോകബാഷ്പവുമായി നീ!
ഭഗ്നമോഹശതങ്ങളാല്, ദു:ഖ-
മഗ്നമായ, നിന് ജീവിതം-
നിഷ്ഫലപ്രേമബദ്ധമായ്, സ്വയം
തപ്തമായ നിന് ജീവിതം;
വിണ്ടുവിണ്ടിദം വാടുമിക്കാഴ്ച
കണ്ടുനില്ക്കാനരുതു, മേ!
ഒട്ടുനാളോമനിച്ചൊരസ്വപ്ന-
മൊക്കെയും മറന്നേകയായ്
പോകു, സോദരി, പോകു, നിന്നാത്മ-
ശോകബാഷ്പവുമായി നീ!
മഞ്ഞണിഞ്ഞ നിലാവുവീശി,യാ-
മഞ്ജുഹേമന്തമെത്തുമ്പോള്;
ഈ മരതകവാടിക, നവ-
കോമളിമകള് ചാര്‍ത്തുമ്പോള്‍;
ഇക്കുടിലില്നിന്നുദ്ഗമിക്കുമൊ-
രുള്ക്കളത്തിന്റെ ഗദ്ഗദം!
അത്രമാത്രം മധുരആമൊരു
നിസ്തുലാമലസൌഹൃദം
നമ്മളെച്ചേര്ത്തിണക്കിയെന്തിനോ
കര്‍മ്മബന്ധത്തില്‍ സോദരി!
നിശ്ചയം നീ മറക്കുകയില്ലി-
പ്പച്ചക്കാടും മലകളും;
ഭദ്രസംതൃപ്തി പാട്ടുപാടുമി-
ക്കൊച്ചുകര്ഷകഗഹവും;
എത്രനോക്കിലും സാദ്ധ്യമാകില്ല
വിസ്മരിക്കാന്‍ നിനക്കിനി.
കുന്നിന്ചോടിലെക്കുഞ്ഞിപ്പൂഞ്ചോല-
യുമ്മവയ്ക്കുമിഗാമത്തെ
ത്വല്പ്രണയത്തിന് പൊന്‍കിനാവുകള്‍,
നൃത്തമാടുമിസ്വര്ഗ്ഗത്തെ;
നിന്മഹനീയത്യാഗത്തിന് ദീപം
മിന്നുമീ മണിക്ഷേത്രത്തെ!
എങ്കിലും സഖി, പോകു, പോകു, നിന്
സങ്കടാശ്രുവുമായി നീ!
ഇല്ലനിസ്വാര്ത്ഥനിര്മ്മലപ്രേമ-
മില്ല ലോകത്തിലെങ്ങുമേ!
അത്രമേല്‍ മര്‍ത്ത്യര്‍ ഭൌതികോന്മാദ-
സക്തരായിപ്പോയി സോദരി!
എങ്ങുമേകാണ്മൂ കാമകജ്ജളം
തിങ്ങും മാനസ തൃഷ്ണകള്‍!
നാമവയ്ക്കു നിരര്‍ത്ഥമായ്, പ്രേമ-
നാമമേകി ഭ്രമിക്കയാം.
ഘോരമാമതിന്ചാരെനിന്നയേ്യാ!
ദൂരെമാറി നില്ക്കണേ!
അള്ളിയള്ളിപ്പിടിച്ചതെന്നെന്നും
പൊള്ളിക്കും നിന്മനസ്സിനെ!
ദിവ്യരാഗത്തിന്‍ വേദനപോലും
നിര്‍വൃതിയാണു സോദരീ!
സ്വര്ഗ്ഗലോകത്തിലാണതിനുള്ള
നിസ്തുലമാം പ്രതിഫലം.
ഉല്ലസിക്കുമതെന്നുമശ്ശവ-
ക്കല്ലറയ്ക്കുമതീതമായി!
ഇപ്രപഞ്ചം നിരാശകൊണ്ടു നിന്
സ്വപ്നരംഗം മായ്ക്കിലും
വ്യാകുലപ്പെടാനില്ല, നിര്‍മ്മല-
രാഗദീപികയായ നീ.
ശാന്തിനിന്നെയും കാത്തിരിക്കുന്നു
പൂന്തണലിലുറക്കുവാന്.
മര്ത്ത്യനീതികള് മുള്ളുപാകാത്ത
സത്യസാമ്രാജ്യവീഥിയില്.
ഈ മരീചികാമണ്ഡലത്തിന്റെ
സീമയുംകടന്നേകനായ്.
പോകുസോദരീ, പോകു, നിന്നാത്മ
ശോകബാഷ്പവുമായി നീ.
മുഗ്ദ്ധസംഗീതം പുഞ്ചിരിക്കൊള്ളും
ശുദ്ധമാനസവീണയും;
ധര്മ്മലോലുപകര്മ്മരശ്മികള്
ചിന്നുമാദര്ശദീപവും;
വിസ്ഫുരല്ത്യാഗശോഭവീശുന്നൊ-
രുജ്ജ്വലപ്രേമഹാരവും;
ഒത്തു തോളോടുതോളുരുമ്മിനി-
ന്നെത്തിനോക്കുന്നു ദേവകള്‍,
സ്വച്ഛശന്തിയില് നിന്നുയരുമ-
കൊച്ചുപൊന്നിങ്കിനാവിനെ! ...
ഭാവന നമ്മെക്കാട്ടുമീ, സ്വര്‍ഗ്ഗ-
ഭൂവുമീവിശ്വരംഗവും
തമ്മിലുള്ളതെന്തന്തരം-സഖി
കര്മ്മധീരയായ്ത്തീരു നീ!
അല്ലയെങ്കിലിതില് ജയം നേടാ-
നില്ലമറ്റൊരു മാര്‍ഗ്ഗവും.
ഞാനശുഭപ്രതീക്ഷകനെന്നു
നീ നിനച്ചേക്കാ,-മെങ്കിലും,
വഞ്ചനകളാണീയുലകിന്റെ
നെഞ്ചിടിപ്പുകള്‍ സോദരീ!
തീരെയാത്മാര്ത്ഥതയ്ക്കിവിടത്തില്
വേരുറയ്ക്കില്ലൊരിക്കലും.
ശുദ്ധിയേതും പരാജയത്തിന്റെ
വിത്തുമാത്രമാണോര്ക്കനീ!
അങ്ങതാനോക്കൂ പാതിരച്ചന്ദ്രന്
പൊങ്ങുന്നുകുന്നിന് പിന്നിലായ്
വേദനയില്നിന്നുദ്ഭവിക്കുന്ന
വേണുസംഗീതം മാതിരി;
പാര്ത്തിരുന്നതാ പച്ചിലക്കാട്ടില്‍
പാട്ടുപാടുന്നു രാക്കുയില്‍.
ഏതിരുളും വെളിച്ചത്തില്‍ ചെല്ലും
പാതയാണെന്ന രീതിയില്‍,
ഈ നിരാശതന്‍ കൂരിരുട്ടിന്റെ
കാനനങ്ങള്ക്കുമപ്പുറം
ബാലികേ, നിന്റെ കണ്ണുനീരിന്റെ
ചോലകള്ക്കൊക്കെയപ്പുറം;
സോദരി! നിന് ഹൃദയദുസ്സഹ-
വേദനയ്ക്കെല്ലാമപ്പുറം
നൂനം കേള്ക്കായ്വരും നിനക്കൊരു
വീണവായന-പോക നീ!
-ഒക്റ്റോബര്‍ 1936.