"തരു ചുംബനമൊ"-ന്നുരച്ചിടുന്നൂ
തരു തൈവല്ലിയൊടാത്തകൌതുകത്താല്
'വരു, തേന്‍!'-വരിവണ്ടിനേ വിളിപ്പൂ
പുരുരാഗം പുലരുന്ന പുഷ്പവൃന്ദം!
ഉദയാര്ക്കനുടുപ്പതിന്നുവേണ്ടി-
സ്സദയം പട്ടുടയാടനെയ്ത രാവേ!
വദനം വിളറിഗ്ഗമിക്കയോ നീ!
യിദ, മാ വിണ്മണിമേട നോക്കിനോക്കി?
"പകലിന് വരവില്‍ പകച്ചുനില്ക്കും
മകളേ, പോരിക വീട്ടിലേക്കു വേഗം!"
അകമൊട്ടു തളര്‍ന്നു താരകത്തോ-
ടകളങ്കസ്മിതമോതി രാവു പോയി!
മലതന്മടിയില് കിടന്നിരുന്നോ-
രലസദ്വാരിജവാജിചേര്ത്തിണക്കി,
പുലര്കന്യക വന്നിടുന്നു, പൂര്‍വ്വോ-
ജ്ജ്വലദിഗ്സ്യന്ദനമേറി മന്ദയാന!
കനകക്കസവിട്ടു കണ്മയക്കും
ദിനനാഥാഗമവേള കാത്തിരിക്കും;
വനജേ, നയനംതുറക്ക, നിന്നോ-
ടിനനെന്തോ സരസം കഥിച്ചിടുന്നൂ!
കളകോകിലകൂജനം ശ്രവിക്കെ-
പ്പുളകംചേര്ന്ന പനീരലര്ക്കിടാവേ,
ഇള, പൊന്‍പൊടിയാല്‍ വിളക്കിടുന്നോ-
രിളവെയിലെത്തി വിളിച്ചിടുന്നു നിന്നെ!
പികഗീതികള് കേട്ടു നിശ്ചലം, പി-
ച്ചകവല്ലീനിര നിന്നിടുന്ന കാണ്‍കെ,
സ്വകപോല് ചില പാട്ടുപാടി ലീലോ-
ത്സുകനായെത്തി മദാലസന്‍ സമീരന്!
മനതാരു മയക്കിടുന്ന നാനാ-
നിനവാകും മദമേകിടുന്ന മദ്യം
ഇനിയെത്ര കുടിച്ചു ഞാന്‍ കിടന്നീ
വനമദ്ധ്യത്തില്‍ വലഞ്ഞിടേണമാവോ!
വരവാണി വസന്തലക്ഷ്മിയും പോയ്
വരഹേമന്തവരാംഗിയും മറഞ്ഞു
അരമിക്കൊടുവേനല്; ഹന്ത! ഞാനീ
മരുമദ്ധ്യത്തിലെരിഞ്ഞിടുന്ന വെയ്ലില്‍!
തണലില്ലൊരു താവളം ലഭിക്കാ
തുണയില്ലാരുമെനിക്കു തുച്ഛമെല്ലാം!
രണമാടുവതേതുമട്ടില് ഞാനീ-
ഗ്ഗുണമേലും ലത വാടിടാതെ കാക്കാന്‍?
സരളേ! മമ പൊന്നുതങ്കമേ, നീ
സരസം നിദ്രവെടിഞ്ഞുണര്ന്നു നോക്കൂ;
സുരസുന്ദരിമാരെടുത്തുകാട്ടും
വരമന്ദാരമനോജ്ഞഹേമതാലം!
തവ വാര്‍മിഴി തപ്തബാഷ്പധാരാ-
വിവശം മാറിയതൊന്നു നോക്കിടാതെ,
അവനോടിയൊളിച്ചു പൈതലേ, നിന്
ഭവനം വിട്ടു ശുഭേ, തവാഗ്രജാതന്!
മമ പാണികളില്‍ പിടിച്ചുതൂങ്ങി-
സ്സുമവാടിക്കകമാര്ന്നു പൂനിലാവില്‍,
മമതാര്ദ്രമനോജ്ഞമായ് പുലമ്പും
സുമമാധ്വീരസമെന്നിനിബ്ഭുജിക്കും?
പുലരുംപൊഴുതൊത്തു പൂത്തിലഞ്ഞീ-
മലരൊട്ടൊട്ടു പെറുക്കി മാലകെട്ടി,
വിലസന്മധുമഞ്ജുകുഞ്ജമേറും
കുലദീപങ്ങളണഞ്ഞുപോയിയെന്നോ!
സരളേ! തലപൊക്കുകൊന്നു, തങ്ക-
ത്തരളത്താരിതള് നീ വിടുര്‍ത്തി നോക്കൂ
കരയും തവ പൊന്നുതാതനല്ലോ
മരുവുന്നൂ തവ മുന്നില്‍-നഷ്ടഭാഗ്യന്!
പുഴതന്നകമുച്ചലത്തരംഗം
കുഴലൂതുന്നതുകേട്ടു ഹര്ഷഭാരാല്,
അഴകാര്‍ന്ന കരച്ചെടിപ്പടര്പ്പൊ-
ട്ടുഴലുന്നൂ തലപൊക്കി നാലുപാടും!
"തലചാച്ചു കിടന്നുകൊള്‍ക നീ, യെന്‍
മലരൊടേറ്റ മടിത്തടത്തില്‍ മന്ദം
അലമാലകളോടിദം കഥിപ്പൂ
വിലസല്തീരമനന്തമോദപൂര്വ്വം.
തടിനീനിരയെപ്പുണര്ന്നിടുന്നൂ
വിരിമാറിങ്കലണച്ചു വാരിരാശി;
പെരികെ, പ്രിയമാര്‍ന്ന വൃക്ഷകം,ത-
ന്നരികേ നില്പ്പൊരുവല്ലിയെത്തൊടുന്നൂ.
ഹതഭാഗ്യനിവന്!- കഴിഞ്ഞുപോയ്; എന്‍
സുതതന്‍ മെയ്യു തണുത്തു; ചാഞ്ഞു കണ്ഠം!
നിതരാം വിജയിച്ചിടുന്ന നിദ്രേ,
മൃതഗാത്രം തവ വാസഗേഹമാണോ?
ശരി; നിന്നുടെ ചിത്രമെന് മനസ്സില്‍-
പ്പിരിയാതെന്നുമിരുന്നിടട്ടെ, കുഞ്ഞേ!
എരിയില്ലതു താപവഹ്നിതന്നില്-
ത്തരിയാകില്ല വിചാരവീചിയിങ്കല്!
മകളേ, ഭവിതം ഭവിക്ക!-നീയി-
ന്നകലത്തേതൊരു ദിക്കിലോ മറഞ്ഞൂ
സ്വകപോല്, സരളേ, തവാത്മവാതം
ശകലം, ഹാ! വിഹരിച്ചിടട്ടെ മേന്മേല്!