"ഓമല്‍പ്രിയേ! പിഴ പൊറുക്കുക; ജീവിതത്തിന്
ക്ഷേമപ്രസന്നവദനേ, മഷിതേച്ചുപോയ് ഞാന്‍;
നീ മന്ദയായി വിലപിക്കരുതേ, രണത്തില്‍
ധീ മങ്ങിടാനിവനു സംഗതിയാക്കിടൊല്ലേ!"
"ദാമ്പത്യവല്ലി പുതുപൂക്കളണിഞ്ഞു; രാഗ-
സമ്പത്തിനാല്‍ നിലയനം നവനാകമായീ.
തേമ്പൂര്ണ്ണമായ് മുകുളമേകമിതാ വിരിഞ്ഞു
സമ്പൂര്ണ്ണശോഭയോടു മന്നില്‍ വിളങ്ങിടുന്നൂ!
"ഞാന്‍ പോര്ക്കളത്തിനൊടു യാത്രപറഞ്ഞു വീണ്ടു-
മെന്‍ പൊന്നുപൈതലിനടുത്തു വരുംവരേക്കും,
ചെമ്പൊല്ത്തിടമ്പിതു നിനക്കു സുഖം തരട്ടെ,
ഞാന്‍ പോയ്വരട്ടെ, സരളേ, കരയാതിരിക്കൂ!
"പന്തിക്കു പന്തവുമെടുത്തു പകല്‍ പകയ്ക്കാ-
തെന്തക്രമത്തിനുമൊരുങ്ങിന ശത്രു സൈന്യം
ചെന്തീയില്‍ നമ്മുടയ നാടുചുടുന്ന കണ്ടി-
ട്ടെന്തീപ്പുരയ്ക്കകമിരുന്നുകഴിക്കയോ ഞാന്‍?"
"നാനാതരത്തില് നിജനാടു നശിച്ചൊടുക്ക-
മീ, നായര്‍ വംശതരു വേരുമറിഞ്ഞുവീഴ്കെ,
ഹാ, നാണവും ചുണയുമറ്റു വസിക്കയെങ്കില്
ഞാ, നായുധക്കളരിയെന്തിനശുദ്ധമാക്കീ?"
ജീവന്!-വരണ്ട തൃണമാണത്; പോയിയെങ്കില്‍
പോവട്ടെ!-യെന്‍ കടമ ഞാന്‍ നിറവേറ്റുമെങ്കില്‍,
ഹാ! വല്ലഭേ,യുപരിയെന്തൊരു ചാരിതാര്‍ത്ഥ്യം
കൈവന്നിടേണ്ടു ഭുവനത്തിലെനിക്കു ഭദ്രേ?"
"താരങ്ങളായ് വിലസിടും മമ മാതുലര്ക്കു-
ള്ളാ, രക്തമെന്‍ സിരകളില്‍ പ്രവഹിച്ചിടുമ്പോള്‍,
പോരല്ലയേതുപ്രളയത്തോടുമൊന്നു നിന്നു
നേരിട്ടിടാന്‍ മമ കരങ്ങള്‍ ബലിഷ്ഠമത്രേ!"
"ഏതാണു 'ടിപ്പു?'-ജളനാമവനെന്തുകാര്യം,
ശ്രീതാവിടുന്ന ചെറുവഞ്ചിയില്‍ വന്നുകേറാന്‍?
ഏതാണ്ടൂ മാപ്പതിനു നല്കുകതന്നെ!-പോട്ടെ,
വീതാനുകമ്പമതുടയ്ക്കുവതാര് സഹിക്കും?"
"ആകട്ടെ,യെന്നുമണയും ഭവതിക്കു സൌഖ്യ-
മേകട്ടെ,യെന്‍ സുതനു ദൈവമനുഗ്രഹങ്ങള്‍!
പോകട്ടെ, ഞാന്‍ പ്രിയതമേ!-രണഭൂവിലേക്കു
പോകട്ടെ,-നമ്മുടയ 'നാട്ടിനു' വേണ്ടിമാത്രം!"