മാഴ്കായ്ക മോഹിനി!
ആയിരം സ്വപ്നങ്ങള്‍ തിങ്ങിത്തുളുമ്പുമീ-
യാനന്ദരാത്രിയും തീരും മനോഹരി
വേദനമാത്രം വഴിയും മനസ്സുമായ്
വേര്പെട്ടുപോണമുഷസ്സിനു മുന്‍പു നാം.
നിര്ദ്ദയലോകമുണരു,മസൂയത-
ന്നസ്ത്രങ്ങളെയ്തു മുറിക്കും മനസ്സിനെ!
കണ്ണീരില്മുങ്ങിക്കഴിയുവാന് മാത്രമാ-
ണൊന്നിച്ചുചേര്ന്നതീ മന്നില്‍ നാമോമനേ!
ഓര്‍ത്തിരിക്കാതെ നാമൊത്തുചേര്ന്നെങ്കിലു-
മാര്ത്തരായ് വിട്ടുമാറേണമെന്നെങ്കിലും.
ജീവനായ് നില്ക്കുന്ന നീപോലുമെന്തപ്ത-
ജീവിതത്തിനു വെറുമൊരതിഥിയാം.
സല്ക്കരിക്കുന്നു മുടങ്ങാതെ മുന്തിരി-
സ്സത്തുപകര്ന്നുതന്നോമനേ, നിന്നെ ഞാന്‍.
എങ്കിലും, കേവലമന്യയാണിപ്പൊഴു-
മെന്‍ കളിത്തോഴിയായ്ക്കൂടിക്കഴിഞ്ഞ നീ!
നീയടുക്കുമ്പോളകന്നുമാറുന്നു ഞാന്‍
നീയകലുന്നു ഞാന്‍ നിന്നോടടുക്കുകില്.
കഷ്ട, മീ മാന്ത്രികമായാവലയത്തെ
വിട്ടുമാറാനുമശക്തരായ്പോയി നാം!
ശോകാന്തമിപ്രേമനാടകമാടുവാന്
ലോകമേ, ഞങ്ങളെക്കൂട്ടിമുട്ടിച്ചു നീ.
എന്നിട്ടൊഴിഞ്ഞിരുന്നേകാന്തതയില് നീ
മന്ദഹസിക്കയുംചെയ്യുന്നു നിര്‍ദ്ദയം.
ആകട്ടെ, ഞങ്ങളിതോതിയിനിമേലി-
ലാവലാതിപ്പെട്ടിടുകില്ലൊരിക്കലും
എന്തുവന്നാലും സഹിക്കണം, നീയതു
ചിന്തിച്ചു കണ്ണീര്പൊഴിക്കരുതോമലേ!
കല്ലറക്കെട്ടില്‍ നിലച്ചുപോകുന്നത-
ല്ലുല്ലസല്ജീവിതം-മാഴായ്ക മോഹിനീ!
-ജൂലൈ 1938