കലാകേളി - ദിവ്യോപഹാരം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ചേലില്‍ നീയേകിയ ചെമ്പനീര്‍പ്പൂവിന്റെ
ലോലദളങ്ങളടര്‍ന്നുപോയി!
ഉണ്ടിതിന്‍ വാടിയ ഞെട്ടിലൊരഞ്ചാറു
കണ്ടകം മാത്രമി, ന്നെന്തുചെയ്യാം?
എന്നാലും, ഹാ, ഞാന്‍ വലിച്ചെറിയില്ലിതു
നിന്നനുരാഗാപഹാരമല്ലേ!
എത്ര വടുക്കളിയറ്റിയിതെന്‍ ജീവ-
രക്തം മുഴുവനൊഴുക്കിയാലും,
ആത്താനുമോദമെന്‍ മാനസത്തോടിതു
ചേര്‍ത്തുപിടിക്കും ഞാനെന്നുമെന്നും!
എന്മനം നൊന്തുനൊന്തങ്ങനെ ഞാനെന്റെ
കണ്ണീരില്‍ മുങ്ങി മരിക്കുവോളം
സ്വര്‍ഗ്ഗീയമാമിതു കൈവെടിയാതെയി-
സ്വപ്നാടനം ഞാന്‍ കഴിച്ചുകൂട്ടും!
-മിത്ഥ്യകള്‍ക്കൊക്കെയുമപ്പുറം നില്‍ക്കുന്ന
സത്യമേ, നിന്നെ ഞാന്‍ വിശ്വസിപ്പൂ!