ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോര്‍മ്മമാത്രം മതി.
മായരുതാത്തളിര്‍ച്ചുണ്ടിലൊരിയ്ക്കലും
മാമകചിത്തംകവര്‍ന്നൊരാസ്സുസ്മിതം.
താവകോല്‍ക്കര്‍ഷത്തിനെന്‍ജീവരക്തമാ-
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാന്.
എങ്കിലുമങ്ങതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിയ്ക്കല്‍പമെങ്കിലും.
ആയിരമംഗനമാരൊത്തുചേര്‍ന്നെഴു-
മാലവാലത്തിന്‍ നടുക്കങ്ങു നില്ക്കിലും,
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാര്‍ദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!
അന്യ, രസൂയയാ, ലേറ്റം വികൃതമാ-
യങ്ങതന്‍ ചിത്രം വരച്ചുകാണിയ്ക്കിലും,
കാണുമെന്നല്ലാ, തതിന് പങ്കമല്‍പമെന്‍-
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!
കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവതില്ലങ്ങയെ;
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലര്‍ത്തുവോളല്ല ഞാന്‍.
ദു:ഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേയ്ക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.
താവകോല്‍ക്കര്‍ഷത്തിനാലംബമാവണം
പാവനപ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം.
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതി!!
5-4-1120
57
നേരം വെളുത്തു-വെളിച്ചമായീ
കൂരിരുളെല്ലാമകലെയായീ
സൂര്യനുദിച്ചു, ജഗത്തിലെല്ലാം
ചാരുപ്രകാശം തിരയടിച്ചു.
ആലസ്യനിദ്രയില്‍നിന്നിനിയും
ലോകമുണര്‍ന്നിട്ടില്ലെന്തു ചെയ്യും?
ജോലിത്തിരക്കുകള്‍ വാരിയേകും
കാലത്തിന് യാനത്തിനില്ലമാന്തം.
ഇന്നലെക്കണ്ടതല്ലിന്നു ലോകം;
ഇന്നത്തെ ലോകമിതല്ല നാളെ.
നിത്യം ചലനം പുരോഗമന-
മെത്തിപ്പിടിയ്ക്കുവാനുദ്യമിപ്പൂ.
അന്തര, മന്തരം-നമ്മള് കാണു-
മെന്തിലും കണ്ടിടാമീ വിശേഷം!!
8-6-1110
58
പഞ്ചഭൂതാഭിയുക്തമെന്‍ഗാത്രം
നെഞ്ചിടിപ്പറ്റടിയുമക്കാലം,
ആദിമൂലത്തില്‍ വീണ്ടും തിരിച്ചെന്‍-
ഭൂതപഞ്ചകം ചേരുന്ന നേരം,
ഉജ്ജ്വലാംഗി, നിന് ക്രീഡാസരസ്സില്‍
മജ്ജലാംശം ലയിച്ചിരുന്നെങ്കില്‍!
അത്തളിരെതിര്‍പ്പൊന്‍കുളിര്‍ക്കൈയില്‍-
ത്തത്തിടും മണിത്താലവൃന്തത്തില്‍,
മത്തടിച്ചാര്‍ത്തു മദ്വാതഭൂത-
മെത്തിനിന്നു ലസിച്ചിരുന്നെങ്കില്‍!
ഉദ്രസസ്വപ്നസുസ്മേരയായ്, നീ
നിദ്രചെയ്യുമപ്പൂമച്ചിനുള്ളില്‍
പ്രേമസാന്ദ്രത നിത്യം വഴിഞ്ഞെന്‍-
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കില്‍!
നിന്മണിമച്ചില്‍ നിത്യം നിശയില്‍
നിന്നിടും സ്വര്‍ണ്ണദീപനാളത്തില്‍,
ചെന്നണഞ്ഞു ചേര്‍ന്നെന്നനലാംശം
മിന്നി മിന്നിജ്ജ്വലിച്ചിരുന്നെങ്കില്‍!
ദേവി, നിന്‍പദസ്പര്‍ശനഭാഗ്യം
താവി നില്‍ക്കുമാപ്പൂങ്കാവനത്തില്‍,
വിദ്രുമദ്രുമച്ഛായയില്‍ വീണെന്-
മൃദ്വിഭാഗം ശയിച്ചിരുന്നെങ്കില്‍!! ....
24-4-1120