ലീലാങ്കണം - രാജയോഗിനി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

(കാകളി)

തങ്കക്കിരീടമേ! താണുവണങ്ങുകീ-
ച്ചെങ്കമലച്ചേണ്‍ചെറുചേവടികളെ!
ശാന്തിതന്‍ സൌരഭപൂരം പരത്തുന്ന
കാന്തിയെഴും കനകത്താരിണകളെ-
പാരിച്ച പാവനഭൂവില്‍ കുരുത്തൊരു
പാരിജാതത്തിന്‍ പരിമളപ്പൂക്കളെ-
മര്‍ത്ത്യാശയത്തിന്‍ മഹത്ത്വംസ്ഫുരിക്കുന്ന
സത്യസൌധത്തിന്‍ നടുത്തൂണിണകളെ!

ചെങ്കോല്‍പിടിയാല്‍ തഴമ്പിച്ച കൈകളി-
പ്പങ്കോരകങ്ങള്‍ തൊഴുവാന്‍ മടിക്കിലോ,
സംസാരസിന്ധുവിന്‍ കല്ലോലപാളിയി-
ലംസാന്തമാണ്ടവനാണതര്‍ഹിപ്പവന്‍!

'സിദ്ധാര്‍ത്ഥ'പാദങ്ങള്‍ പൂജിച്ചുകൊണ്ടു ഞാ-
നിദ്ധാത്രിയിങ്കലരഞൊടിയെങ്കിലും,
വാഴുകില്‍ ധന്യയായ്;-സമ്പല്‍സരിത്തില്‍ ഞാ-
നാഴുവാനാശിപ്പതില്ലണുവെങ്കിലും!
രാവായ പൂവു പകുതി വിരിഞ്ഞു നി-
ന്നാവാനിനേക്കണ്‍മിഴിച്ചു നോക്കീടവേ-
ഉള്ളിലടക്കാന്‍ ശ്രമിക്കിലും സാധിയാ-
തല്ലിന്നധിപതി പൊട്ടിച്ചിരിക്കവേ-
വെണ്‍തിരച്ചുണ്ടു വിതുമ്പുന്നൊരബ്ധിയെ-
ത്തന്‍തീരശൈലങ്ങളുറ്റുനോക്കീടവേ,
രാജഗേഹത്തിലറയിലിരുന്നൊരു
രാജമരാളിക ചൊല്‍കയാണീവിധം!

വാസരലക്ഷ്മിതന്‍ രംഗപ്രവേശമായ്
വാസരദിഗ്‌വധൂവക്ത്രം വിളര്‍ത്തുപോയ്
കന്ദരമന്ദിരം വിട്ടുവരുന്നൊരീ-
സ്സുന്ദരകന്ദളമാരി,താദിത്യനോ?

മറ്റാരുമല്ലീ പ്രഭാതപ്രഭാകരന്‍
മര്‍ത്ത്യമാണിക്യമാം സിദ്ധാര്‍ത്ഥദേവനാം!
ചോലയില്‍ ചെന്നുഷ:സ്നാനം കഴിക്കുവാന്‍
ചാലേ ഗമിക്കയാം കാഷായവേഷവാന്‍!

"സ്വാമിന്‍!-ഗുഹാമുഖം വിട്ടിലാ മുന്‍പൊരു
തൂമിന്നല്‍ വന്നു പതിച്ചു പാദങ്ങളില്‍!
ചെന്തളിര്‍ച്ചേവടി ചുംബനംചെയ്കയായ്
മുന്തിരിവള്ളികള്‍-സൌരഭ്യവാഹികള്‍!
ആ നറുംനെന്മേനിവാകമലരുട-
നാനന്ദചിത്തന്‍ പിടിച്ചുയര്‍ത്തീടിനാന്‍!
സ്വിന്നഗണ്ഡങ്ങള്‍; തുടുത്ത ചെഞ്ചുണ്ടുകള്‍;
മിന്നിപ്പകുതി വിടര്‍ന്ന നല്‍ക്കണ്ണുകള്‍;
വെമ്പലാല്‍ കൂമ്പിന കൂപ്പുകൈത്താമര;
കമ്പിതച്ചെമ്പകപ്പൊന്‍പുതുപ്പൂവല്‍മെയ്;...
ഈവിധം കണ്ടാനൃഷീശ്വരന്‍, തന്മുന്നി-
ലാവിലയായൊര,ക്കാഞ്ചനക്കമ്പിയേ!

"എന്തു വത്സേ! താപകാരണം"- വാത്സല്യ-
തന്തുവായോതിന കര്‍മ്മയോഗീശനെ
താണു വീണ്ടും തൊഴുതോതിനാള്‍ തന്വിഃ "മല്‍
പ്രാണമരുത്തേ! ഭഗവന്‍! ദയാനിധേ!
കാരുണ്യമാര്‍ന്നിന്നനുവദിക്കേണമി-
ത്താരിതള്‍പാദങ്ങള്‍ പൂജിച്ചുകൊള്ളുവാന്‍!
ആരണ്യവുമെനിക്കാരാമമാണെന്റെ-
യാ രാജഗേഹമത്രേ കൊടുംകാനനം!
ദേവന്‍, ഭവല്‍ഭക്തദാസിയെക്കൈക്കൊള്‍ക
ജീവിതസാഫല്യമാര്‍ന്നിടട്ടേ,യിവള്‍!"

"നിന്‍വാഞ്ഛപോലാട്ടേ വത്സേ!.." വിടര്‍ന്നിത-
ത്തേന്‍വാണിതന്‍ ചുണ്ടിലൊറ്റപ്പനീരലര്‍
ജന്മസാഫല്യം ഭവിച്ചപോല്‍ തല്‍പ്പദം
നന്മയില്‍ തൊട്ടവല്‍ വെച്ചാള്‍ നിറുകയില്‍!