ശ്രീതിലകം - പൂമുറ്റം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പൂമുറ്റം

പുണ്യത്തിടമ്പായുദിച്ചുയര്‍ന്നോ-
രുണ്ണിക്കതിരോനുലകിലെങ്ങും
തങ്കരതല്ലജം വീശി വീശി-
ത്തങ്കം വിതച്ചു വിതച്ചു നില്‍ക്കേ;
ഭൂമിയും നാകവും ചേര്‍ന്നു, യോഗ-
ക്ഷേമപീയൂഷത്തില്‍ മുങ്ങിനില്‍ക്കേ;
സുന്ദരവത്സരവല്ലരിയില്‍-
പ്പൊന്നോണസൂനം വിടര്‍ന്നുനില്‍ക്കേ;
കാണുവി,നാരെയോ കാത്തുനില്‍പ്പൂ
വേണാടിന്‍ നിസ്തുലഭാഗ്യലക്ഷ്മി!

ദേശാന്തരങ്ങളില്‍നിന്നുപോലു-
മാശംസകള്‍തന്‍ നവസുഗന്ധം
തൃക്കാല്‍ക്കല്‍ കാഴ്ചവെച്ചത്യുദാരം
തൈക്കുളിര്‍ത്തെന്നലൊതുങ്ങിനില്‍പ്പൂ
ചുറ്റും നിറഞ്ഞ മരങ്ങളില്‍നി-
ന്നിറ്റിറ്റുവീഴുന്നു ഹര്‍ഷബാഷ്പം.
സദ്രസം വാഴ്ത്തുന്നു മര്‍മ്മരത്താല്‍
പത്രങ്ങളാ മനോമോഹിനിയെ.
എന്നാലുമിന്ദീവരോജ്ജ്വലമായ്
മിന്നുന്ന തന്‍ മിഴിക്കോണുകളില്‍
അപ്പപ്പോള്‍ കാണാമൊരക്ഷമയാ-
ലസ്പഷ്ടമാകും പ്രതീക്ഷയെന്തോ!

കാനനപുഷ്പങ്ങള്‍ തിങ്ങുമോരോ
കാഞ്ചനമഞ്ജൂഷകൈയിലേന്തി
തൃപ്തിതന്‍ മൂന്നു നിറകുടങ്ങ-
ളെത്തിപ്പോയ് മൂന്നുചെറുകിടാങ്ങള്‍.
അമ്മയെക്കണ്ടിട്ടു,മമ്മ കണ്ടു-
മമ്മുറ്റത്താനന്ദം വെണ്മവീശി.
സ്നേഹസമൃദ്ധിയില്‍ കാന്തിചിന്തും
മോഹനദീപത്തെസ്സാക്ഷിയാക്കി.
നോക്കുന്നോരാരിലുമാശവായ്ക്കും
പൂക്കളമൊന്നവര്‍ ചേര്‍ന്നൊരുക്കി.
തുമ്പപ്പൂ, പിച്ചകം, പുത്തിലഞ്ഞി,
ചെമ്പകം, ചേമന്തി, ചെങ്കുറിഞ്ഞി,
ചിറ്റാട, മുക്കുറ്റി, ചെമ്പരത്തി
മുറ്റത്തിനുത്സവപ്പൊട്ടുചാര്‍ത്തി!

ഓടക്കുഴലും വിളിച്ചവിടെ-
യ്ക്കോരോ സുഷമകളോടിയെത്തി!
ദ്യോവില്‍ വിമാനത്തിലുല്ലസിക്കും
ദേവകളാ മുറ്റം നോക്കിനില്‍പായ്
ഉണ്ണിക്കിടാങ്ങള്‍ കുതൂഹലത്താ-
ലൊന്നിച്ചുകൈകോര്‍ത്തു നൃത്തമാടി.
പ്രീതിയുള്‍ച്ചേര്‍ക്കുമക്കാഴ്ച കണ്ടാ
മാതൃനേത്രങ്ങള്‍ നിറഞ്ഞുപോയി!

                               -ആഗസ്റ്റ് 1936.