ബാഷ്പാഞ്ജലി - ആ പൂമാല
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ആ പൂമാല


'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം
പൂവര്‍്യദിങ്ങ് മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോള്‍,
നിദ്രയെന്നോടു യാത്രയുംചൊല്ലി
നിര്‍ദ്ദയം വിട്ടുപോകയാല്‍
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാന്‍
മന്ദിരാങ്കണവീഥിയില്‍.
എത്തിയെങ്കാതി,ലപ്പൊഴു,തൊരു
മുഗ്ദ്ധസംഗീതകന്ദളം....
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '

പച്ചപ്പുല്‍ക്കൊടിത്തുഞ്ചില്‍ത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകള്‍
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെന്‍-
മാനസം കവര്‍ന്നീലൊട്ടും.
അല്ലെങ്കില്‍ ചിത്തമെ,ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ, വെല്‍ക, വെല്‍ക, നീ
മാനസോല്ലാസദായികേ!
ഇത്രനാളും നുകര്‍ന്നതില്ല ഞാ-
നിത്തരമൊരു പീയൂഷം.
പിന്നെയു,മതാ, തെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം......
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '

നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത
പൊന്മുകുളമേ, ധന്യ നീ!
തിന്മതന്‍ നിഴല്‍ തീണ്ടിടാതുള്ള
നിര്‍മ്മലത്വമേ, ധന്യ നീ!
പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നെന്‍-
പിഞ്ചുകൈയിലൊതുങ്ങിയോ?
മാനവന്മാര്‍ നിന്‍ ചുറ്റുമായുടന്‍
മാലികയ്ക്കായ് വന്നെത്തിടാം.
ഉത്തമേ, നിന്‍ മുഖത്തു നോക്കുമ്പോ-
ളെത്രചിത്തം തുടിച്ചിടാ!
ഹാ, മലീമസമാനസര്‍പോലു-
മോമനേ, നിന്നെക്കാണുമ്പോള്‍
പൂതചിത്തരായ്ത്തീരുമാറുള്ളോ-
രേതുശക്തി നീ, നിര്‍മ്മലേ?
നില്‍ക്ക, നില്‍ക്കൂ, ഞാന്‍ കാണട്ടേ നിന്നെ,
നിഷ്കളങ്കസൌന്ദര്യമേ!
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '

രാജപാതയില്‍, പൊന്നുഷസ്സുപോല്‍,
രാജിച്ചീടിനാള്‍ ബാലിക.
സംഖ്യയില്ലാതെ കൂടിനാര്‍ ചുറ്റും
തങ്കനാണയം തങ്കുവോര്‍.
ആശയുള്‍ത്താരിലേവനുമുണ്ടാ-
പ്പേശലമാല്യം വാങ്ങുവാന്‍.
എന്തതിന്‍ വിലയാകട്ടെ, വാങ്ങാന്‍
സന്തോഷം ചെറ്റല്ലേവനും!
സുന്ദരാധരപല്ലവങ്ങളില്‍
മന്ദഹാസം വിരിയവേ;
നീലലോലാളകങ്ങള്‍ നന്മൃദു-
ഫാലകത്തിലിളകവേ;
മന്ദവായുവിലംശുകാഞ്ചലം
മന്ദമന്ദമിളകവേ;
വിണ്ണിനുള്ള വിശുദ്ധകാന്തിയാ-
ക്കണ്ണിണയില്‍ വഴിയവേ;
മാലികയുമായ് മംഗലാംഗിയാള്‍
ലാലസിച്ചിതാപ്പാതയില്‍!
താരുണ്യ,മല്‍പനാളിനുള്ളിലാ-
ത്താരെതിരുടല്‍ പുല്‍കിടാം.
ഇന്നൊരാനന്ദസാരമാമിളം-
കുന്ദകോരകംതാനവള്‍!
രാജപാതയില്ത്തിങ്ങിക്കൂടിയോ-
രാ ജനാവലിയൊന്നുപോല്‍,
ആനന്ദസ്തബ്ധമായി, സുന്ദര-
ഗാനമീവിധം കേള്‍ക്കവേ.....
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '

ചേലെഴുന്നൊരത്തൂമലര്മാല്യ-
മാളില്ലേ, വാങ്ങാനാരുമേ?
തങ്കനാണ്യങ്ങളായതിന്നവര്‍
ശങ്കിയാതെത്ര നല്‍കീല!
പൊന്നുനല്‍കുന്നു പൂവിനായിക്കൊ-
ണ്ടെന്നാലും മതിവന്നീലേ?
ഓമലേ, നിന്‍ ധനാഭിലാഷത്തിന്‍-
സീമ നീപോലും കാണ്മീലേ?
അന്തരീക്ഷാന്തരം പിളര്‍ന്നുനീ,
ഹന്ത, പായുന്നൂമോഹമേ!.
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '

പൊന്‍പുലരിയെത്തെല്ലിടമുന്‍പു
ചുമ്പനം ചെയ്ത ഭാനുമാന്‍,
നീലവാനിന്‍ നടുവില്‍നി,ന്നതാ
തീയെതിര്‍വെയില്തൂകുന്നൂ.
പച്ചിലച്ചാര്‍ത്തിനുള്‍ലിലായോരോ
പക്ഷികള്‍ കൊള്‍വൂ വിശ്രമം.
ചൂടുകൊണ്ടു വരണ്ട വായുവി-
ലാടിടുന്നു ലതാളികള്‍
- ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നി-
ന്നാരാമശ്രീതന്‍സൌഭാഗ്യം?....."
കാട്ടിലാ മരച്ചോട്ടിലാ,യുണ്ടൊ-
രാട്ടിടയകുമാരകന്‍,
ഉച്ചവെയിലേല്‍ക്കാതുല്ലസിക്കുന്നു
പച്ചപ്പുല്‍ത്തട്ടിലേകനായ്!
മുന്‍പിലായിതാ, മോഹനാംഗിയാം
വെമ്പലാര്‍ന്നൊരു ബാലിക!
ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയി,ല-
പ്പൊല്‍പ്പുതുമലര്മാലിക!
ആനതാനനയായി നിന്നവ-
ളാദരാല്‍, മന്ദമോതിനാള്‍:-
"ബാല,മത്തുച്ഛസമ്മാനമാകും
മാല- നീയിതു വാങ്ങുമോ?"
വിസ്മയസ്തബ്ധനായതില്ലവന്‍
വിസ്തരിച്ചതില്ലൊന്നുമേ
സ്വീയമാം ശാന്തഭാവത്തില്‍,സ്മിത-
പീയൂഷം തൂകിയോതിനാന്‍:-
'ഇല്ലല്ലോനിനകേകുവാനൊരു
ചില്ലിക്കാശുമെന്‍കൈവശം!...'
അസ്സുമാംഗിതനക്ഷികളി,ലി-
തശ്രുബിന്ദുക്കള്‍ ചേര്‍ത്തുപോയ്!
അഗ്ഗളനാളത്തിങ്കല്‍ നിന്നിദം
നിര്‍ഗ്ഗളിച്ചു സഗദ്ഗദം:
'ഒന്നുരണ്ടല്ല തങ്കനാണയം
മുന്നില്‍ വെച്ചതാ മാനുഷര്‍;
ആയവര്‍ക്കാര്‍ക്കും വിറ്റീല, ഞാനീ-
യാരാമത്തിന്റെ രോമാഞ്ചം!-'
'ഓമനേ, മാപ്പിരന്നിടുന്നു ഞാ-
നാ മലര്മാല്യം വാങ്ങിയാല്‍
എന്തു നല്‍കേണ്ടു പിന്നെ ഞാ,നെന്റെ
സന്തോഷത്തിന്റെ മുദ്രയായ്?... '
പുഞ്ചിരിയില്‍ക്കുളിര്‍ത്ത, നല്‍ക്കിളി-
ക്കൊഞ്ചല്‍ തൂകിനാള്‍ കണ്മണിഃ-
'ആ മുരളിയില്‍നിന്നൊരു വെറും
കോമളഗാനം പോരുമേ!....' 6-9-1108

പൂവിനെ നോക്കിച്ചിരിക്കും ചിലപ്പോള്‍ ഞാന്‍
ദ്യോവിനെ നോക്കി ഞാന്‍ വിസ്മയിക്കും;
ആശിക്കും ചന്ദ്രനെ മാറോടു ചേര്‍ക്കുവാ-
നാമ്പല്‍പ്പൂവൊന്നിനാല്ത്തൃപ്തി നേടും! 17-4-1109