ചൂഡാമണി - ആത്മഗീതം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

നിയതിയാം നിമ്നഗതന്‍ കരയില്‍
നിമിഷ നീര്‍പ്പോളകളെണ്ണിയെണ്ണി
നിരുപമാകാര, ഞാന്‍ നിന്നെ നോക്കി
നിരവധി നാളുകള്‍ പാഴിലാക്കി!

അനുരാഗലോലയാമെന്നെയെത്ര
കനകപ്രഭാതങ്ങള്‍ വന്നു പുല്‍കി!
അനഘസായാഹ്നങ്ങളെത്രയെന്നി-
ലനുകമ്പതൂകിപ്പിരിഞ്ഞുപോയി!
അവരാരുമോര്‍ത്തില്ല, മല്‍പ്രണയ-
മടവിയില്‍വീഴും നിലാവല്ലെന്നായ്.

രജതദീപങ്ങള്‍ കൊളുത്തിയെത്തി
രജനികളെന്‍ മുന്നില്‍ നൃത്തമാടി,
അവശഞാ, നല്‍പമൊന്നാശ്വസിക്കാ-
നവരെല്ലാമേറെ ശ്രമിച്ചുനോക്കി.
സുലളിതഗാത്ര, നിന്‍ മാര്‍ത്തടത്തില്‍
തലചാച്ചുറങ്ങുവാനാകുമെങ്കില്‍
പരിപൂര്‍ണ്ണ ശാന്തി ലഭിക്കുമെന്ന
പരമാര്‍ത്ഥം, ഞാനല്ലാതാരറിയും?

മൃദുലസങ്കല്‍പസുമങ്ങളാലേ
ഹൃദയേശ, ഞാനോരോ മാലകെട്ടി,
മിഴിനീരില്‍ മുക്കി നിനക്കുനിത്യം
തൊഴുകൈയോടര്‍പ്പണം ചെയ്തുനില്‍ക്കേ
പരമാനന്ദാബ്ധിക്കടിയിലോളം
തെരുതെരെ ഞാനിതാ താഴുന്നല്ലോ!
അറിയാറില്ലപ്പൊഴുതല്‍പവു, മെന്‍
മുറിവുകളേകിടും വേദന ഞാന്‍.

നിഴലും വെളിച്ചവും മാറിമാറി
നിഴലിക്കും ജീവിതദര്‍പ്പണം, നീ,
സദയം തിരിച്ചൊന്നു വാങ്ങുമെങ്കില്‍
മുദിതയായ് പിന്നെ ഞാന്‍ വാണുകൊള്ളാം!
ഇതു ഭദ്രമിത്രനാള്‍ കാത്തതിനെന്‍
പ്രതിഫലം നിന്‍ മൃദുമന്ദഹാസം.
പരിപൂര്‍ണ്ണതയിലേക്കാത്തമോദം
വിരമിക്കാന്‍, വെമ്പിഞാന്‍ നില്‍പൂ നാഥ!
വെടിയല്ലേ നീയെന്നെ;-ഞാനിതിന്നായ്
ചുടുകണ്ണീരെത്രനാള്‍ തൂകിയില്ല!

അനവദ്യസൌന്ദര്യധാരമേ, നി-
ന്നനുരാഗം കീര്‍ത്തിപ്പാനുത്സുകയായ്,
തരള ഞാനോരോ തണലുതേടി
മുരളിയുമേന്തിയലഞ്ഞുപോയി.
തരിവളച്ചാര്‍ത്തു കിലുങ്ങിക്കേല്‍ക്കെ-
ത്തവ തോളില്‍ കൈകോര്‍ത്തുനിന്നിനി ഞാന്‍,
ഭുവനരഹസ്യങ്ങളോരോന്നായ് നിന്‍
ചെവിയില്‍ പറഞ്ഞു കരഞ്ഞിടട്ടേ!

ഒരു പഞ്ജരത്തിനകത്തുപെട്ടു
ചിറകടിച്ചാര്‍ത്തിടും പക്ഷിയേപ്പോല്‍
പരതന്ത്ര ഞാനേറെ വീര്‍പ്പുമുട്ടി
പരവശയായിക്കഴിച്ചുകൂട്ടി.

മണിമേഘമാലകള്‍ നീലവാനില്‍
മഴവില്ലിന്‍ ചുംബനമേറ്റുനില്‍ക്കേ;
കരഗതമാകാത്തൊരെന്തിനോ, ഞാന്‍
കരള്‍ തകര്‍ന്നാശ്വസിച്ചു നിശ്വസിച്ചു.
മധുകരാലാപപ്രശംസിനിയായ്
മധുമാസസുന്ദരി വന്നനാളില്‍,
നിരഘചൈതന്യമേ, നിന്‍ കുശലം
ഭരിതജിഞാസം തിരക്കി ഞാനും!
ഒരു കൊച്ചുപൂമ്പാറ്റപൊങ്ങിപ്പൊങ്ങി-
സ്സുരപഥസൂനങ്ങളുമ്മവെയ്ക്കില്‍,
ശരി; നിന്‍ മടിയിലിരുന്നു പാടാന്‍
തരമാകുമെന്നു, ഞാന്‍ വിശ്വസിച്ചു.
കനിവിന്നുറവേ, നീയിങ്ങുവന്നെന്‍
കരപുടം ചുംബിച്ചു നില്‍ക്കുകെന്നോ!
കളിയല്ലിതെങ്ങനെ, നാഥ, ഞാനി-
പ്പുളകോദ്ഗമത്തെത്തടഞ്ഞുനിര്‍ത്തും?

മഹനീയ ശാന്തിതന്‍ പൊന്‍കതിരേ,
മമ ഭാഗധേയ വിലാസവായ്പ്പേ!
മരുഭൂവാമീലോകജീവിതത്തിന്‍
മസൃണമധുരസശാദ്വലമേ!
മരണമേ!-നിന്നെ, ഞാനിത്രനാളു-
മിരുളിലിരുന്നു ഭജിച്ചിരുന്നു.

                             -നവംബര്‍ 1933