സുപ്രഭാതത്തിന്റെ സുസ്മിതത്തില്‍-
പ്പൊല്പ്പനീര്പ്പൂക്കള് വിരിഞ്ഞിടുമ്പോള്‍,
ആനന്ദസ്വപ്നങ്ങള്‍ പുല്‍കുമെന്നെ-
യാരോമല്പ്പൈതല് വിളിച്ചുണര്‍ത്തി.
അപ്പിഞ്ചു ചുണ്ടിലാത്മോത്സവത്തിന്‍
സ്വപ്നം ഗസിച്ചു വിടര്‍ന്നു നിന്നു.
അപ്പനിനീരലര്ത്തൂമുഖമെ-
ന്നക്ഷിക്കുമുത്സവമായിരുന്നു.
മഞ്ജുളപുഷ്പങ്ങളുല്ലസിക്കും
മഞ്ജുഷയൊന്നുണ്ടക്കൈത്തളിരില്‍.
അന്നെന്നെപ്പുല്‍കിയ കാവ്യലക്ഷ്മി-
യെന്നെന്നും മന്നിതില്‍ മിന്നിയെങ്കില്‍!
വാരൊളിവെണ്‍കതിര്‍മാല ചിന്നി
വാനിന് ഹൃദയം തെളിഞ്ഞു മിന്നി.
നീരണിച്ചോലകള്‍ പാട്ടുപാടി,
നീളെപ്പൂവല്ലികള്‍ നൃത്തമാടി.
പുല്‍ക്കൊടിപോലും ശിരസ്സുപൊക്കി-
പ്പുത്തന്‍ പ്രപഞ്ചത്തെ യെത്തിനോക്കി.
ആനന്ദപുഞ്ചിരി തൂകിത്തൂകി
മാനുഷഹൃത്തിലുണര്ച്ച പാകി,
മാവേലിമാഹാത്മ്യം പാടിപ്പാടി
മാകന്ദമഞ്ജരി തേടിത്തേടി,
പാറിപ്പികങ്ങള് പറന്നു ചാലേ
പാടുമാനന്ദങ്ങളെന്നപോലെ!
പൂഞ്ചിറകാട്ടിശ്ശലഭവൃന്ദം
പൂരിതാനന്ദം പറന്നുമന്ദം
മാരിയേറ്റേറ്റു വിറച്ചലോകം
മാറിത്തെളിഞ്ഞു രചിച്ചു നാകം
പച്ചപ്പുല്‍പ്പട്ടാലലങ്കരിച്ചു
കൊച്ചാറ്റുവക്കുകളുല്ലസിച്ചു.
മഞ്ജുമുകുളമുഖങ്ങള്തോറും
മന്ദസ്മിതാംശുക്കളങ്കുരിച്ചു
വെള്ളാമ്പല്‍ വീണ്ടും വയലുതോറും
തുള്ളിക്കളിക്കയായ്ത്തുമ്പിപോലും.
കറ്റകളെങ്ങും മെതിച്ചു തീര്‍ന്നു
ചിറ്റാടപൂത്തു മണം പരന്നു.
പിച്ചകപ്പൂത്തോപ്പില് പിച്ചവെച്ചു
കൊച്ചുകാറ്റങ്ങിങ്ങു സഞ്ചരിച്ചു.
സന്തതം മര്‍ത്ത്യനെ തൃപ്തനാക്ക-
നെന്തെല്ലാം വിശ്വപ്രകൃതി ചെയ്വൂ!
അത്തമാണത്തമാണദ്ദിനത്തി-
ലത്തലിങ്ങാലയം വിട്ടുപോണം
പത്തുനാളേവര്‍ക്കും ചിത്തതാരില്‍
മുത്തണിയിക്കുന്നൊരോണമെത്തി!
മുക്കുറ്റി, മന്ദാരം, ചെങ്കുറിഞ്ഞി
മറ്റും പലതരപുഷ്പജാലം
പച്ചിലക്കുമ്പിളിലാക്കിപ്പിന്നെ!
കൊച്ചുവിളക്കുകൊളുത്തി മുന്നില്‍,
മുറ്റത്തു നിര്‍മ്മിച്ച പൂക്കളത്തില്‍,
കറ്റക്കിടാവിട്ടു കൈകള്‍ കൂപ്പി,
മാവേലിവന്നെത്താനാത്തമോദം
കൂവിത്തുടങ്ങുകയായി ബാലന്,
വെല്ക നീ ബാല്യമേ, യൌവനത്തിന്
കൈകള്‍ നിന് കണ്ണുപൊത്താതിരിക്കില്‍!....
മാവേലിവന്നെത്തും കാലമായി
പൂവേണിമാര്ക്കു കുതുകമായി.
ഖേലനലോലരായ് ബാലരെല്ലാം
കോലാഹലങ്ങള്‍ തുടങ്ങി നീളെ.
പൊയ്പ്പോയകാലത്തിന് പുഞ്ചിരിയി-
ലല്പ്പമിന്നും ബാക്കി നില്പതല്ലീ?
മന്നിനെപ്പുല്കിയുണര്ത്തിടുമി-
പ്പൊന്നോണനാളിന് പുതുവിലാസം!
ഭൂതത്തോടൊത്ത നിന് ഭൂതിയേറെ-
ഭൂതലം വിട്ടെങ്ങോ പാഞ്ഞൊളിച്ചു.
ഇത്തരം മുറ്റത്തെപ്പൂക്കളങ്ങള്
ചിത്തത്തിലായിരം ചിന്ത ചേര്‍പ്പൂ.
പണ്ടത്തെ വീരന്മാര് കേരളീയര്‍
കൊണ്ടാടിപ്പോന്നുള്ളോരോണനാളേ!
തല്ലില്‍ ജയിക്കും തരുണരൊത്തു
വില്ലടിപ്പാട്ടു നടത്തും നാളേ!
ഇപ്പരിഷ്കാരകോലാഹലത്തില്
നിഷ്ഫലം തന്നെ നിന് വേണുഗാനം!
മാവേലി വന്നെത്തുമോണനാളേ,
ഭൂവില്‍ നീ നീണാള്‍ ജയിക്ക ചാലേ!