(താരാട്ട്)
പൈതലോടോതുന്നിതമ്മ- "കുഞ്ഞേ
നീ ലല്കുകമ്മയ്ക്കൊരുമ്മ!"
പൊന്നുണ്ണി ചൊല്കയാ, "ണമ്മേ,-കാണ്‍കീ
മിന്നാമിനുങ്ങുകള്‍ ചെമ്മേ!
ആരിവയ്ക്കേകീ വെളിച്ചം?-അന്ധ
കാരമകറ്റിടാന് തുച്ഛം!"
"കണ്മണീ!-നിന്നെയെനിക്കായ്-തന്നോ
രമ്മഹാന്തന്നെയിവയ്ക്കായ്
ഏകിയതാണീവളിച്ചം-തുച്ഛ-
മാകില്ലെതെത്രയോ മെച്ചം!"
"പൂമ്പാറ്റപോലെ പറന്നു-വന്നീ-
ച്ചെമ്പകക്കൊമ്പിലിരുന്നു.
ഒന്നല്ലനേകം നിരന്നൂ-ഇവ-
യെന്നകം, ഹാ, കവരുന്നൂ!
"അമ്മേ! യിവര്ക്കില്ലേ ഗേഹം?-വാഴാ-
നിമ്മരക്കൊമ്പിലോ മോഹം?"
"ഈ മരക്കൂട്ടവും, കാടും, മറ്റു-
മാ, മിവതന്‍ മേടും വീടും."
"അമ്മേ! യിവരേറെയില്ലേ?-പള്ളി
ക്കൂടമിവര്ക്കൊന്നുമില്ലേ?"
"ഇല്ലുണ്ണിയിവര്ക്കൊന്നും-ഇവര്‍
നല്ലവരാണെന്നു തോന്നും!"
"കഷ്ടമെനിക്കു പഠിപ്പാന്‍-പോണം
കിട്ടില്ല നേരം കളിപ്പാന്‍!
'ബുക്കു'വായിച്ചു മുഷിഞ്ഞു-കേള്ക്കെന്
വാക്കെ,ന്റെയൊച്ചയടഞ്ഞു.
ഒറ്റവാക്കെങ്ങാനും തെറ്റി-യെങ്കില്‍
പറ്റുമോകര്യങ്ങള് പറ്റി!
ബെഞ്ചില്ക്കയറി നില്ക്കേണം-പാഠ-
മഞ്ചരു ഞാനെഴുതേണം!
എന്‍ തുടപൊട്ടിത്തകര്ന്നൂ-സാറിന്
വന്‍ തല്ലലുണ്ടോ നില്ക്കുന്നു?
എത്രപഠിച്ചാലും പോരാ-തല്ലും,
തത്ര ശകാരവും തീരാ!
എന്തു വിഷമം പഠിപ്പാന്‍-ഇവര്‍-
ക്കെന്തൊരുത്സാഹം കളിപ്പാന്‍!
തമ്പുരാ, നീവിധം നല്ല-പിച്ചി-
ചെമ്പകം, റോസ, തൈമുല്ല,
ഇങ്ങനെയോരോചെടിയില്-നല്ല
ഭംഗിയെഴും പൂന്തൊടിയില്‍,
എന്നെയുമിവരുടെ കൂടെ,-പോകാന്‍
മിന്നാമിനുങ്ങാക്കിക്കൂടെ?-"