അസ്ഥിയുടെ പൂക്കള്‍ - രക്തരക്ഷസ്സ്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്


   രക്തരക്ഷസ്സ്

രക്തപ്രിയനാമൊരുഗരക്ഷസ്സിന്റെ
ഗര്‍ജ്ജനം കേള്‍പ്പൂ പടിഞ്ഞാറുനിന്നു നാം
കഷ്ടകാലത്തിന്‍ കരിനിഴല്‍ച്ചാര്‍ത്തുപോ-
ലഷ്ടാശകളിലും മൂടുന്നു കൂരിരുള്‍
പാഷണ്ഡനാമപ്പിശാചുദ്വമിക്കുന്ന
പാഷാണഗന്ധം പരക്കുന്നു ഭൂമിയില്‍.
പൊട്ടിത്തെറിക്കുന്നൊരാഗ്നേയപിണ്ഡങ്ങ-
ളട്ടഹസിക്കുന്നിതത്യന്തഘോരമായ്!
നഗ്നമാം പൈശാചികത്വം പ്രശാന്തിതന്‍
ഭഗ്നഹൃദയം ദഹിപ്പിച്ചുവഹ്നിയില്‍!
ധര്‍മ്മം കഴുത്തറ്റുവീണു പിടയ്ക്കുന്നു
കര്‍മ്മങ്ങള്‍ വര്‍ഷിച്ചു കാകോളനിര്‍ഝരം!
രക്തക്കളങ്ങള്‍-പ്രപഞ്ചം മുഴുവനും
രക്തക്കളങ്ങള്‍-കടും നിണച്ചാലുകള്‍!
പോര, വയ്ക്കുള്ളില്‍ കബന്ധകബളങ്ങള്‍
ധീരയുവാക്കള്‍ തന്‍ മുക്തശിരസ്സുകള്‍!
കഷ്ടം! പിശാചേ, ശമിച്ചീലയോനിന്റെ
രക്തദാഹം! ഹാ, ഭയങ്കരനാണു നീ!
നീതിയും ശാന്തിയും കൈകോര്‍ത്തു ശാശ്വത-
ശ്രീതാവുമാറെത്തി നൃത്തം നടത്തവേ,
ഏതുപാതാളത്തില്‍ നിന്നാര്‍ത്തണഞ്ഞു നീ
കേതുവിന്‍ നൂതനഘോരാവതാരമേ!
ഭീകരസ്വപ്നംകണക്കെന്തിനെത്തി നീ
ലോകം മുടിക്കുന്ന കാളവേതാളമേ!
ഇല്ല, നിന്‍സംഹാരതാണ്ഡവമേറെനാ-
ളില്ല-നിന്‍ കാല്‍തെറ്റി വീണിടാറായി നീ!

ചക്രവാളത്തില്‍ മുഴങ്ങുന്നു നാരക-
നക്രമേ, നിന്റെ മരണമണിയൊലി.
ഉദ്ധതനാം നിന്റെ ചെങ്കുടല്‍മാലകള്‍
കൊത്തിവലിക്കാന്‍ കൊതിച്ചുകൊതിച്ചതാ,
കൊക്കും പിളര്‍ത്തിച്ചിറകടിച്ചാര്‍ക്കുന്നു
വട്ടമിട്ടോരോ ചുടലക്കഴുകുകള്‍.
നിന്‍ തലകൊയ്തിടാന്‍ വെമ്പിടുന്നെപ്പൊഴും
സന്തപ്തയോധര്‍തന്‍ സംഗാമസിദ്ധികള്‍!
നിന്നന്ത്യഗദ്ഗദം കേള്‍ക്കാങ്കൊതിക്കുന്നു
കര്‍മ്മഭൂലക്ഷ്മിതങ്കര്‍ണ്ണങ്ങളന്വഹം.
നിന്നസ്ഥിമാറ്റം പടക്കുവാന്‍ മുന്നിട്ടു
നിന്നിടുന്നു ഞങ്ങള്‍ സജ്ജശസ്ത്രാഗിമര്‍!
ദൌസ്ഗ്ട്യസോപാനത്തില്‍ വര്‍ത്തിച്ചിടും നിന്റെ
പട്ടട കൂട്ടുന്ന പുണ്യകര്‍മ്മത്തിനായ്
ഞങ്ങള്‍തന്‍ ജീവരക്തത്തിലവസാന-
ബിന്ദുവും ഞങ്ങള്‍ സമര്‍പ്പണംചെയ്തിടും.
ലോകസമാധാനസോമനെ മൂടുന്ന
കാര്‍കൊണ്ടലേ നിന്നെയാട്ടിപ്പറത്തുവാന്‍
ഉത്കടശക്തിയോടാഞ്ഞു വീശിടുന്നൊ-
രിക്കൊടുങ്കാറ്റില്‍ വിറച്ചുതുടങ്ങി നീ!
മായികവൈഭവം വീശുന്നൊരാ നിന്റെ
മാരിവില്ലല്ലെങ്കിലെത്രനാള്‍ നില്‍ക്കുവാന്‍?
ആസന്നമായ് നിനക്കന്ത്യം-ജഗത്തിന്റെ
ഭാസുരസുപ്രഭാതാഗമമാകയായ്!
വെന്നിക്കൊടിയുമുയര്‍ത്തിപ്പിടിച്ചുകൊ-
ണ്ടൊന്നിച്ചിതാ ഞങ്ങള്‍ നില്‍പ്പൂ സകൌതുകം!
മന്ദാരമാലയുമേന്തിജ്ജയലക്ഷ്മി
മന്ദാക്ഷപൂര്‍വം സമീപിപ്പു ഞങ്ങളെ.
തമ്പോറടിക്കട്ടെ ഞങ്ങള്‍ ജയത്തിന്റെ
തമ്പോറടിക്കട്ടെ ഞങ്ങളാര്‍ത്തോത്സവം!
കാഹളമൂതട്ടെ ഞങ്ങള്‍ യശസ്സിന്റെ
കാഹളമൂതട്ടെ ഞങ്ങളാര്‍ത്തോന്മാദം!