രമണന്‍ - ഭാഗം ഒന്ന്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഉപക്രമരംഗം

(ഗായകസംഘം)

  • ഒന്നാമത്തെ ഗായകന്‍


  മലരണിക്കാടുകള്‍ തിങ്ങിവിങ്ങി,
മരതകകാന്തിയില്‍ മുങ്ങിമുങ്ങി,
കരളും മിഴിയും കവര്‍ന്നുമിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി
പുളകം‌പോല്‍ കുന്നിന്‍പുറത്തുവീണ
പുതുമൂടല്‍മഞ്ഞല പുല്കി നീക്കി,
പുലരൊളി മാമലശ്രേണികള്‍തന്‍-
പുറകിലായ് വന്നുനിന്നെത്തിനോക്കി.
  എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാം പൂത്ത മരങ്ങള്‍മാത്രം;
ഒരു കൊച്ചു കാറ്റെങ്ങാന്‍ വന്നുപോയാല്‍
തുരുതുരെപ്പൂമഴയായി പിന്നെ!

  • രണ്ടാമത്തെ ഗായകന്‍

  തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്പരപ്പും
കളകളം പെയ്തുപെയ്തങ്ങുമിങ്ങു-
മിളകിപ്പറക്കുന്നപക്ഷികളും
പരിമൃദുകല്ലോലവീണമീട്ടി-
പ്പതറിപ്പതഞ്ഞുപോം ചോലകളും
ഒരു നല്ല ചിത്രം വരച്ചപോലെ
വരിവരി നില്ക്കുന്ന കുന്നുകളും
പരശതസസ്യവിതാനിതമാം
പല പല താഴ്വരത്തോപ്പുകളും
പവിഴക്കതിര്‍ക്കുലച്ചാര്‍ത്തണിഞ്ഞ
പരിചെഴും നെല്‍‌പ്പാടവീഥികളും
ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും-
ഇവയെല്ലാ,മാ വെറും ഗ്രാമരംഗം
ഭുവനൈകസ്വര്‍ഗ്ഗമായ്‌ത്തീര്‍ത്തിരുന്നു!

  • മൂന്നാമത്തെ ഗായകന്‍

  അവികലശാന്തിതന്‍ പൊന്തിരക-
ളവിടെത്തുളുമ്പിത്തുളുമ്പി നിന്നു;
അഴകുമാരോഗ്യവും സ്വസ്ഥതയു-
മവിടത്തില്‍ മൊട്ടിട്ടു നിന്നിരുന്നു!
അവിടമൊരൈശ്വര്യദേവതത-
ന്നനഘദേവാലയമായിരുന്നു;
മതി മമ വര്‍ണ്ണനം-നിങ്ങളൊന്നാ
മലനാടു കണ്ടാല്‍ക്കൊതിച്ചുപോകും!

  അവിടേയ്ക്കു നോക്കുകത്താഴ്വരയി-
ലരുവിക്കരയിലെപ്പുല്‍ത്തടത്തില്‍
ഒരു മരച്ചോട്ടില്‍ രണ്ടാട്ടിടയ-
രൊരുമിച്ചിരുന്നതാ, സല്ലപിപ്പൂ!
നിശിതമദ്ധ്യാഹ്നമാക്കാനനത്തിന്‍-
നിറുകയില്‍ത്തീമഴപെയ്തു നില്ക്കേ!
അവിടത്തെച്‌ഛായാതലങ്ങള്‍, കാണ്‍കെ-
ന്തനുപമശീതളകോമളങ്ങള്‍!

  പരിമൃദുചന്ദനപല്ലവങ്ങള്‍!
പരിചില്‍ പുണര്‍ന്നു വരുന്ന തെന്നല്‍
അവരെത്തഴുകിയുറക്കിടും‌മു-
മ്പ,വിടെ നമുക്കൊന്നു ചെന്നുപറ്റാം!
അവരുടെയോമല്‍‌സ്വകാര്യമെന്തെ-
ന്നറിയുവാന്‍ നിങ്ങള്‍ക്കും മോഹമില്ലേ?
വരു വരു, വേഗം നടക്കു, നമ്മള്‍-
ക്കൊരുമിച്ചങ്ങെത്തിടാം കൂട്ടുകാരേ!